കണ്ടച്ചിറ-ചന്ദനത്തോപ്പ് പാത: കഠിനമാണ് അധികൃതരേ... ഈ യാത്ര

കൊല്ലം : കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ സാഹസികയാത്ര ഇഷ്ടമാണോ? എങ്കിൽ ദൂരെയെങ്ങും പോകേണ്ടാ, കണ്ടച്ചിറ-ചാത്തിനാംകുളം-ചന്ദനത്തോപ്പ് വരെയുള്ള യാത്രയിൽ ഇതെല്ലാം ‘അനുഭവിക്കാം’. നാട്ടുകാർ കാലങ്ങളായി അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്. ഓട്ടോക്കാർപോലും വിളിച്ചാൽ ഇതുവഴി വരാറില്ല. ജനപ്രതിനിധികൾപോലും റോഡിനെക്കുറിച്ചു ചോദിച്ചാൽ കൈമലർത്തുകയാണ്. പ്രദേശവാസിയായ ജയകുമാർ മാത്രമല്ല, നാടൊന്നാകെ പറയുന്നു- ‘ഇനിയെന്നു തീരും ഞങ്ങളുടെ ദുരിതം’! കണ്ടച്ചിറ-ചാത്തിനാംകുളം -മുടന്തിയാരുവിള വരെയുള്ള റോഡിന്റെ ശോചനീയവസ്ഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിരവധിത്തവണ ‘മാതൃഭൂമി’ റോഡിന്റെ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം, നിർമാണം ഉടനുണ്ടാകുമെന്നാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതർ വെളിപ്പെടുത്തിയിരുന്നത്. ഒടുവിൽ കരാറെടുത്തവർ റോഡ് അളന്നുതിട്ടപ്പെടുത്തലും കഴിഞ്ഞതാണ്. അതും നിലച്ചു. ആ കരാറുകാരനും പിന്മാറിയെന്നാണ് വിവരം. അതേസമയം, ബി.എം.ബി.സി. നിലവാരത്തിലുള്ള കണ്ടച്ചിറ-മുടന്തിയാരുവിള റോഡിന്റെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ ഉടനുണ്ടാകുമെന്നാണ് പൊതുമരാമത്തുവകുപ്പ് അധികൃതരും വ്യക്തമാക്കുന്നത്.

നിർമാണപ്രവൃത്തികൾ വേഗത്തിലാക്കും -ബിന്ദു കൃഷ്ണ

:കൊല്ലം നിയോജകമണ്ഡലത്തിലെ കണ്ടച്ചിറ-മുടന്തിയാരുവിള ജങ്‌ഷൻ റോഡുൾപ്പെടെ വിവിധ റോഡുകളുടെയും പാലങ്ങളുടെയും നിർമാണവും അറ്റകുറ്റപ്പണികളും വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകിയെന്ന് മന്ത്രി ബിന്ദുകൃഷ്ണ അറിയിച്ചു. കണ്ടച്ചിറ-ചന്ദനത്തോപ്പ് റോഡ്, പെരുമൺ തരിയൻമുക്ക്-പെരിനാട് റെയിൽവേ സ്റ്റേഷൻ ഓവർബ്രിഡ്ജ് റോഡ് ബി.എം.ബി.സി. പ്രവൃത്തികൾ തുടങ്ങാനുള്ള നടപടികൾ വേഗത്തിലാക്കും. കൊല്ലം നഗരത്തിലെ റോഡുകളുടെ റീടാറിങ്, വരുന്ന സാമ്പത്തികവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്താനുള്ള പ്രൊപ്പോസൽ തയ്യാറാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. തൃക്കരുവ, പനയം, തൃക്കടവൂർ, താമരക്കുളം തുടങ്ങി വിവിധയിടങ്ങളിൽ സുഗമമായ കുടിവെള്ള വിതരണം ഉറപ്പുവരുത്താൻ ആവശ്യമെങ്കിൽ എം.എൽ.എ. ഫണ്ട് വിനിയോഗിച്ച് പമ്പ് സെറ്റുകൾ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥരെ മന്ത്രി അറിയിച്ചു.