കൊട്ടാരക്കരയിൽ എണ്ണം തികയാതെ ട്രാഫിക് പോലീസ്

കൊട്ടാരക്കര : ഗതാഗതക്കുരുക്കിൽ വലയുന്ന കൊട്ടാരക്കരയിൽ ട്രാഫിക് പോലീസ് അംഗബലമില്ലാതെ വലയുന്നു. നഗരത്തിലാകെ ഗതാഗതം നിയന്ത്രിക്കാനുള്ളത് ഓഫീസർമാരുൾപ്പെടെ 14 പേർ മാത്രം. 11 ഹോംഗാർഡ് ഉണ്ടായിരുന്നതിൽ നിലവിലുള്ളത് ഏഴുപേർ മാത്രം. ട്രാഫിക് വാർഡർമാരും നിലവിൽ ഇല്ല. ദേശീയപാതയും എം.സി. റോഡും സംഗമിക്കുന്ന പുലമൺ ജങ്ഷനും ദേശീയപാതയും പുത്തൂർ റോഡും ചേരുന്ന ചന്തമുക്കും കൂടാതെ റെയിൽവേ സ്‌റ്റേഷൻ ജങ്ഷൻ, കച്ചേരിമുക്ക്, മിനർവ ജങ്ഷൻ, ആശുപത്രി ജങ്ഷൻ, മാർത്തോമ്മ സ്‌കൂൾ ജങ്ഷൻ, പുലമൺ പ്രൈവറ്റ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി., രവിനഗർ, കോളേജ് ജങ്ഷൻ, ടി.ബി. ജങ്ഷൻ, സ്‌കൂൾ കവലകൾ എന്നിവിടങ്ങളിലെല്ലാം പോയിന്റ് ഡ്യൂട്ടിക്ക് പോലീസുകാർ ആവശ്യമാണ്.

പുലമണിലും ചന്തമുക്കിലും ഒരേസമയം രണ്ടുപേർ വീതമെങ്കിലും വേണം. ഇതും കൂടാതെ അപകടങ്ങളും മറ്റു സംഭവങ്ങളും ഉണ്ടായാൽ ഓടിയെത്താൻ മൊബൈൽ സ്‌ക്വാഡും വേണം. കുറഞ്ഞത് 25 പോലീസുകാരും 11 ഹോംഗാർഡും കൊട്ടാരക്കരയിൽ ട്രാഫിക് യൂണിറ്റിൽ ആവശ്യമാണ്.

നിലവിലുള്ളത് 14 പോലീസുകാരും ഏഴ് ഹോംഗാർഡും മാത്രമാണ്. പോലീസുകാരിൽ ചിലർ വർക്കിങ് അറേഞ്ച്മെന്റിലുള്ളവരാണ്. രാവിലെയും വൈകീട്ടും സ്‌കൂളുകളും ഓഫീസും വിടുന്ന സമയം നഗരത്തിൽ തിരക്കുള്ള എല്ലായിടങ്ങളിലും പോലീസ് നിർബന്ധമാണ്. അംഗബലത്തിൽ വളരെ കുറവുള്ള റൂറൽ പോലീസ് ജില്ലയിൽ, ട്രാഫിക് മാത്രമല്ല സ്റ്റേഷനുകളിലുൾപ്പെടെ ആവശ്യത്തിനു പോലീസുകാരില്ലെന്ന് അധികൃതരും സമ്മതിക്കുന്നു.

പുലമണിൽ ട്രാഫിക്ക് ഞാണിൻമേൽക്കളി

എം.സി. റോഡ് വികസനത്തോടെ പുലമണിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനത്തിലെ അപാകങ്ങൾക്ക് പരിഹാരമില്ല. നാലുവശത്തുനിന്നുമെത്തുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ നിശ്ചയിച്ചിരിക്കുന്ന സമയം യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും അപകടത്തിനു കാരണവുമാണ്. നാലുവശങ്ങളിലും ഇടത്തേക്കും വലത്തേക്കും തിരിയുന്നതിന് സമയനിയന്ത്രണമുണ്ട്. ഫ്രീ ലെഫ്റ്റ് കണക്കാക്കി പോകുന്ന വാഹനങ്ങൾക്ക് എ.ഐ. ക്യാമറയുടെ പെറ്റി ഉറപ്പ്. നേരേ സഞ്ചരിക്കാനുള്ള സമയത്തിന്റെ പകുതി മാത്രമേ വലത്തേക്കു തിരിയുന്ന വാഹനങ്ങൾക്കുള്ളൂ. ഇതറിയാതെ തിരിയുന്ന വാഹനങ്ങൾ എതിർവശത്തുനിന്നെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടത്തിനു കാരണമാകുന്നു.

സീബ്രാ ലൈനുകൾ മാഞ്ഞുപോയതിനാൽ മുന്നോട്ടു കയറ്റിനിർത്തുന്ന വാഹനങ്ങൾ എ.ഐ. ക്യാമറക്കണ്ണിൽ ഉടക്കുകയും പിഴ ലഭിക്കുകയും ചെയ്യുന്നു. സിഗ്നൽ ലൈറ്റും ക്യാമറകളുമുണ്ടെങ്കിലും ഗതാഗതം സുഗമമാകാൻ പോലീസുകാർ അനിവാര്യമാണ്. കെ.എസ്.ആർ.ടി.സി.യിൽനിന്ന് ബസുകൾ പുറത്തേക്കിറങ്ങുന്നിടത്തും സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗത്തും പോലീസുകാർ ഇല്ലെങ്കിൽ അപകടം ഉറപ്പാണ്.