കനാലുകളിൽ വിഷപ്പാമ്പും വന്യജീവികളും; സഹികെട്ട് നാട്ടുകാർ

ഫണ്ടില്ലാത്തത് പ്രതിസന്ധി

ശാസ്താംകോട്ട : കെ.ഐ.പി. കനാലുകളിൽ വളർന്നുനിൽക്കുന്ന കാടുകളിൽ ഇഴജന്തുക്കളും വന്യജീവികളും പെരുകിയതോടെ തീരവാസികളുടെ ജീവിതം ദുസ്സഹമായി. കനാലുകൾ കാട്ടുപന്നികൾ ആവാസകേന്ദ്രമാക്കിയതോടെ ഗ്രാമങ്ങളിൽ കരകൃഷിക്കും രക്ഷയില്ലാതായി. കുന്നത്തൂർ താലൂക്കിലെ മുഴുവൻ കനാലുകളിലും വലിയരീതിയിൽ കാടും വള്ളിപ്പടർപ്പുകളുമായി കിടക്കുകയാണ്. വലിയമരങ്ങളും വളർന്നുനിൽക്കുന്നു. തീരത്തെ കനാൽപാതകളിലേക്ക് പാഴ്‌ച്ചെടികളും വൃക്ഷങ്ങളും വളർന്നുകയറിയത് കാൽനടയാത്രയും അസാധ്യമാക്കി.

കനാലുകളിൽനിന്ന് പാമ്പുകൾ ഇഴഞ്ഞ് വീടുകളിലേക്കും പറമ്പുകളിലേക്കും കയറുകയാണ്. മൂർഖനും അണലിയുമാണ് ഏറെയും. അടുത്തിടെ കുറ്റിയിൽമുക്കിനു സമീപം കനാൽതീരത്തെ വീട്ടിൽനിന്ന് അണലിയെയും അഞ്ച് കുഞ്ഞുങ്ങളെയും കണ്ടെത്തിയ സംഭവവുമുണ്ടായി. കനാലിൽനിന്ന് കയറിയതാണ് പാമ്പുകളെന്ന് വീട്ടുകാർ പറയുന്നു. ഇത്തരത്തിൽ മിക്ക വീടുകളിലും രാത്രികാലങ്ങളിൽ വിഷപ്പാമ്പുകൾ കയറുന്നുണ്ട്. കാടുകളിൽ കാട്ടുപൂച്ചയും കീരിയും ഉള്ളതിനാൽ സമീപ കുടുംബങ്ങൾക്ക് കോഴി, താറാവ് എന്നിവയെ വളർത്താൻ കഴിയുന്നില്ല. ജീവികൾ കോഴികളെ കൊന്നൊടുക്കുകയും എടുത്തുകൊണ്ട് പോകുകയുമാണ്.

കനാലുകളിൽ മാലിന്യം കുന്നുകൂടിയതോടെ തെരുവുനായകളുടെ ശല്യവും വർധിച്ചു. കാൽനടക്കാരെയും വീട്ടുകാരെയും ആക്രമിക്കാൻ വരുന്നതും പതിവായി. 240 കിലോമീറ്ററോളം ദൈർഘ്യമുള്ളതാണ് ഇവിടുത്തെ കനാൽ ശൃംഖല. വെള്ളംതുറന്നുവിടുന്നതിന് മുന്നോടിയായി ഇപ്പോൾ കെ.ഐ.പി. നേരിട്ടാണ് കനാൽ വൃത്തിയാക്കുന്ന ജോലി നടത്താറുള്ളത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അടിത്തട്ടിലെ മണ്ണും മലിനവസ്തുക്കളും നീക്കംചെയ്ത് പുല്ല് തീയിട്ട് കരിച്ച് വൃത്തിയാക്കൽ വഴിപാടായി നടത്തുന്നതാണ് ഇപ്പോഴത്തെ രീതി.

അതിനാൽ കനാലിന്റെ വശങ്ങളിലും തീരങ്ങളിലും ഇടതൂർന്ന് വൃക്ഷങ്ങളും പാഴ്‌ച്ചെടികളും വള്ളിപ്പടർപ്പുകളും വളർന്ന് കാടായി കിടക്കുകയാണ്. ഇടക്കാലത്ത് ജോലികൾ അതത് പ്രദേശത്തെ ഗ്രാമപ്പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാക്കി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ വൃത്തിയാക്കൽ നടത്തി. അക്കാലത്ത് മാത്രമാണ് കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയിരുന്നത്. പിന്നീട് വൃത്തിയാക്കൽ പ്രഹസനമായി തുടരുകയാണ്. താത്കാലികമായെങ്കിലും കാടുകൾ വെട്ടിത്തെളിച്ചാൽ ദുരിതമൊഴിയുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

വൃത്തിയാക്കാതായതോടെ വ്യാപകമായി മാലിന്യം തള്ളുന്നുമുണ്ട്. കഴിഞ്ഞ താലൂക്ക് വികസനസമിതിയിൽ കനാലിലെ കാടുവെട്ടിത്തെളിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുത്തെങ്കിലും നടപ്പാക്കാൻ കെ.ഐ.പി. തയ്യാറാല്ലെന്നാണ് അറിയുന്നത്.