മികവിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ രക്തബാങ്ക്; പുരസ്‌കാരദാനം ഇന്ന് തിരുവനന്തപുരത്ത്്

ഇത് ചോര കൊടുത്തു നേടിയ പുരസ്‌കാരം
പുനലൂർ :സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലെ ഏറ്റവും മികച്ച രക്തബാങ്കിനുള്ള പുരസ്‌കാരം പുനലൂർ താലൂക്ക് ആശുപത്രിയിലെ മാതൃബാങ്കിന്. 2025 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ ഏറ്റവുമധികം രക്തം ശേഖരിച്ച് വിതരണം ചെയ്തതിനാണ് ഈ അംഗീകാരം. ദേശീയ സന്നദ്ധ രക്തദാനദിനമായ വ്യാഴാഴ്ച 11-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ പുരസ്‌കാരം സമ്മാനിക്കും.
പോയവർഷം 4200-ലധികം പേരിൽനിന്നാണ് താലൂക്ക് ആശുപത്രി രക്തം ശേഖരിച്ചത്. ഇത് മൊത്തം രക്തമായും പ്ലാസ്മ, പ്ലേറ്റ്‌ലറ്റ് തുടങ്ങിയ ഘടകങ്ങളായും 9100-ലധികം പേർക്ക് നൽകുകയും ചെയ്തു. സംസ്ഥാനത്തുതന്നെ പൊതുമേഖലയിൽ ഇത്രയധികം രക്തം ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന താലൂക്ക് ആശുപത്രിയില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
രക്തം ശേഖരിച്ച് സൂക്ഷിക്കുന്നതിനും ഘടകങ്ങൾ വേർതിരിക്കുന്നതിനും നേരേത്തതന്നെ ആശുപത്രിയിൽ അത്യാധുനികവും വിപുലവുമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രി കഴിഞ്ഞാൽ ഇത്രയധികം രക്തഘടകങ്ങൾ വേർതിരിച്ചുനൽകാൻ കഴിയുന്ന ആശുപത്രി പുനലൂർ താലൂക്ക് ആശുപത്രി മാത്രമാണെന്ന് രക്തബാങ്കിന്റെ ചുമതല വഹിക്കുന്ന ഡോ. മേരി സാൻഷ്യ ചൂണ്ടിക്കാട്ടി.
കൊട്ടാരക്കര താലൂക്ക് ആശുപത്രി, എഴുകോൺ ഇ.എസ്.ഐ. ആശുപത്രി, പ്രദേശത്തെ സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്കും ഇവിടെനിന്നാണ് രക്തം നൽകുന്നത്. രക്തം ഏറ്റവും മികച്ച ഗുണനിലവാരത്തിൽ സൂക്ഷിക്കുന്നതിന് പ്രത്യേക ക്വാളിറ്റി ടീം ഉൾെപ്പടെ പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
രക്തദാതാക്കളുടെ നിസീമമായ സഹകരണമാണ് ഈ പുരസ്‌കാരലബ്ദിക്ക് ഇടയാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ പറഞ്ഞു. ആശുപത്രിയിലേക്ക് നേരിട്ടുവരുന്ന ദാതാക്കളിൽനിന്നുമാത്രം ആവശ്യമായ രക്തം ലഭിക്കില്ലെന്നും ഇതു പരിഹരിക്കാൻ സന്നദ്ധസംഘടനകളുമായി സഹകരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോയവർഷം ഇത്തരത്തിൽ നാൽപ്പതിലധികം ക്യാമ്പുകൾ നടത്തിയിരുന്നെന്നും സ്ഥിരമായി രക്തം നൽകുന്ന ദാതാക്കളെ എല്ലാവർഷവും ആദരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.