'നശാമുക്ത് യുവഭാരത്' പ്രചാരണം തുടങ്ങി

പുനലൂർ : യുവതയെ ലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിക്കാൻ കേന്ദ്രയുവജനകാര്യ, കായികമന്ത്രാലയം നടത്തുന്ന 'നശാമുക്ത് യുവ അഭിയാൻ' പദ്ധതിയുടെ ഭാഗമായി പുനലൂർ അയ്യങ്കാളി മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പ്രചാരണപരിപാടിക്ക് തുടക്കമായി.

ആദ്യഘട്ടമായി പുനലൂരിൽ ലഹരിവിരുദ്ധ പദയാത്രയും ഫ്ളാഷ്‌ മോബും ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ പരിപാടിയും നടത്തി.

തൂക്കുപാലത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. രമ്യശ്രീ ബോധവത്‌കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തൂഫാൻ കമാൻഡോകൾ ഫ്ളാഷ് മോബും അവതരിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്.ജി. സുശാന്ത്, അധ്യാപകരായ ഡോ. ബേബി ശാലിനി, ശാരികാ ചന്ദ്രൻ, ഡോ. സുനിൽദാസ്, സ്മിതാ മണി, സെയ്യിദലി, ഡോ. ബിജു, വൊളന്റിയർമാരായ കുര്യൻ, അഭിമന്യു, അഷ്റിൻ എന്നിവർ നേതൃത്വം നൽകി.

വികസിത് ഭാരത്-2047 എന്ന ലക്ഷ്യത്തിലേക്ക് ലഹരിമുക്തമായ യുവതലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര യുവജനകാര്യ, കായികമന്ത്രാലയവും നാഷണൽ സർവീസ് സ്‌കീമും ചേർന്ന് നടത്തുന്ന 100 ആഴ്ച നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടിയാണ് നശാമുക്ത് യുവ അഭിയാൻ. രാജ്യത്തുടനീളം സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ, ഒപ്പുശേഖരണം, ബോധവത്കരണ ക്ലാസുകൾ, റാലികൾ, ഫ്ളാഷ് മോബ് എന്നിവയാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.