ഇൻഡോർ സ്റ്റേഡിയം: അറ്റകുറ്റപ്പണി നേരിട്ട് വിലയിരുത്തി എം.എൽ.എ.

പുനലൂർ : ചെമ്മന്തൂരിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന അറ്റകുറ്റപ്പണികൾ നേരിട്ടുകണ്ട് വിലയിരുത്തി സി. അജയപ്രസാദ് എം.എൽ.എ. വെള്ളിയാഴ്ച വൈകീട്ടാണ് എം.എൽ.എ. സ്റ്റേഡിയം സന്ദർശിച്ചത്. പുനരുദ്ധാരണപ്രവൃത്തി നടക്കുന്ന ഉൾവശം, ജനറേറ്റർ മുറി എന്നിവിടങ്ങളിൽ എം.എൽ.എ. പ്രത്യേകം പരിശോധന നടത്തി.
മേൽക്കൂരയിലെ ചോർച്ച പൂർണമായും പരിഹരിച്ചതായി അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകുന്ന അധികൃതർ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി. മഴവെള്ളം പതിച്ച് ഇളകിയ, നിലത്തെ മേപ്പിൾ പലകകളും തകർന്ന ജലവിതരണക്കുഴലുകളും പുനഃസ്ഥാപിച്ചു. പരിസരങ്ങളിലെ കാട് നീക്കംചെയ്തു.
നിലവിൽ ചുവരുകളിൽ ചായംപൂശുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്.
സ്റ്റേഡിയത്തിനുള്ളിൽ ചൂട് കുറയ്ക്കാനാവശ്യമായ സംവിധാനം ഒരുക്കുന്നതിനുൾപ്പെടെ വിവിധ അടിയന്തരപ്രവൃത്തികൾക്കായി 22 ലക്ഷം രൂപയുടെ അടങ്കൽ കിഫ്ബി തയ്യാറാക്കിയതായി എം.എൽ.എ. അറിയിച്ചു. അടങ്കലിന് സ്പോർട്സ് കൗൺസിൽ അംഗീകാരം നേടണം. ഇതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുടെ മൈതാനത്ത് നിർമിച്ചിട്ടുള്ള സ്റ്റേഡിയത്തിലേക്ക് എത്താൻ പ്രത്യേകം വഴിയൊരുക്കുമെന്നും ഇതിനായി നഗരസഭയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനംചെയ്ത് മൂന്നുകൊല്ലം പിന്നിട്ടിട്ടും അടഞ്ഞുകിടക്കുന്ന സ്റ്റേഡിയം, നിർമാണത്തിലെ അപാകങ്ങൾ പരിഹരിച്ച് തുറക്കാനായി കഴിഞ്ഞമാസം 25-ന് പുനലൂർ നഗരസഭാ കാര്യാലയത്തിൽ എം.എൽ.എ. പ്രത്യേക യോഗം വിളിച്ചുചേർത്തിരുന്നു. മൂന്നുമാസത്തിനുള്ളിൽ സ്റ്റേഡിയം തുറന്നുനൽകുമെന്ന് യോഗത്തിൽ എം.എൽ.എ. ഉറപ്പുനൽകുകയും ചെയ്തു.
പിന്നീട് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേർന്നു. തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. ഇത് വിലയിരുത്താനാണ് വെള്ളിയാഴ്ച എം.എൽ.എ. നേരിട്ടെത്തിയത്.
കിഫ്ബിയിൽനിന്ന് അനുവദിച്ച 5.63 കോടി രൂപ ചെലവിട്ട് 2022 ഡിസംബറിൽ പൂർത്തിയാക്കിയ സ്റ്റേഡിയമാണിത്. 2023 ജൂണിൽ കായികമന്ത്രിയെത്തി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും വിവിധ നിർമാണപ്പിഴവുകളെ തുടർന്ന് ഇതേവരെ പ്രവർത്തിപ്പിക്കാനായിരുന്നില്ല.