പോളച്ചിറയിൽ ആളൊഴിഞ്ഞ വീട്ടിൽമാലിന്യക്കൂമ്പാരം

ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

ചാത്തന്നൂർ : ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ പോളച്ചിറ ഏലായുടെ കരയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ വൻതോതിൽ മാലിന്യം തള്ളിയനിലയിൽ കണ്ടെത്തി. കൊട്ടിയത്ത് താമസമായ ഉടമതന്നെ രാത്രിയും പുലർച്ചെയും വാഹനങ്ങളിലെത്തി മാലിന്യം തള്ളി മടങ്ങുകയാണെന്നും പരിസരവാസികളെല്ലാം ദുർഗന്ധംകൊണ്ട് പൊറുതിമുട്ടുകയാണെന്നും പരാതിയുണ്ടായിരുന്നു. മാലിന്യം നീക്കാൻ വീട്ടുടമയ്ക്ക് നോട്ടീസ് നൽകിയതിനു പുറമേ ഇയാളിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തു.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനധികൃത ഫാമുകളും മാലിന്യസ്രോതസ്സുകളും കണ്ടെത്താനുള്ള കാംപെയ്‌ന്റെ ഭാഗമായി ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണിത്‌. പോളച്ചിറ വാർഡ് പ്രതിനിധി പ്രമീളാ ബിജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് നടത്തിയ പരിശോധനയിൽ, വീടിനകത്തും പുറത്തെ ഷെഡ്ഡുകളിലുമായി വലിയ ചാക്കുകളിൽ കെട്ടിവെച്ചനിലയിലായിരുന്നു മാലിന്യം ഉണ്ടായിരുന്നത്‌. കൊട്ടിയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. പകൽസമയങ്ങളിൽ ആരും കാണാത്ത വീടിന്റെ പരിസരത്ത്, പുലർച്ചെ മൂന്നിനും നാലിനുമിടയിൽ വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളുന്നെന്നാണ് നാട്ടുകാരുടെ പരാതി.

സമീപത്തുതന്നെ സ്വകാര്യ സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. രൂക്ഷമായ ദുർഗന്ധം കാരണം വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും ഇതുവഴി സഞ്ചരിക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.

വിവരമറിഞ്ഞ് ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ചിറക്കര ഉല്ലാസ് കൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കിരൺ, ഗ്രാമപ്പഞ്ചായത്ത് അംഗം ദേവീദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അശ്വിൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ നിമോഷ്, ശ്രീലാൽ, അനു എസ്. പിള്ള തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.