അമ്പതാണ്ട് പിന്നിട്ടിട്ടും പാരിപ്പള്ളിപോസ്റ്റ് ഓഫീസിന്‌ സ്വന്തം കെട്ടിടമില്ല

ചാത്തന്നൂർ :അരനൂറ്റാണ്ട്‌ പിന്നിട്ടിട്ടും സ്വന്തമായി ഒരിടമില്ലാതെ പാരിപ്പള്ളി പ്രധാന പോസ്റ്റ് ഓഫീസ് വാടകക്കെട്ടിടത്തിൽ. വർഷങ്ങൾക്കുമുൻപ്‌ അനുവദിച്ച ഭൂമിയും ഫണ്ടും പലതവണ പാഴായിപ്പോയതോടെ, ലക്ഷക്കണക്കിന്‌ ജനങ്ങൾ ആശ്രയിക്കുന്ന ഈ സ്ഥാപനത്തിന്റെ ദുരിതം തുടരുകയാണ്.

പാരിപ്പള്ളി-മടത്തറ റോഡിനു സമീപമുള്ള ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ് നിലവിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് വാഹനം പാർക്ക് ചെയ്യാനും സൗകര്യമില്ല. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനിടയിലൂടെയാണ് പലപ്പോഴും ആളുകൾ പോസ്റ്റ് ഓഫീസിൽ എത്തിച്ചേരുന്നത്.

ലക്ഷ്യത്തിലെത്താതെ ഭൂമിയും ഫണ്ടും

:പാരിപ്പള്ളി പോസ്റ്റ് ഓഫീസിന്‌ ആസ്ഥാനം വേണമെന്ന ആവശ്യം ശക്തമായത് പതിറ്റാണ്ടുകൾക്കുമുൻപാണ്. 1987-ൽ കൊല്ലം എം.പി.യും കേന്ദ്രമന്ത്രിയുമായിരുന്ന എസ്. കൃഷ്ണകുമാർ, പാരിപ്പള്ളി ജങ്ഷനിൽ ഇതിനായി 10 സെന്റ് സ്ഥലം അനുവദിച്ചിരുന്നു. തുടർന്ന്, കെട്ടിടം യാഥാർത്ഥ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് 2009-ൽ അന്നത്തെ കൊല്ലം എം.പി. എൻ. പീതാംബരക്കുറുപ്പിന് പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ് നിവേദനം നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ 10 ലക്ഷം രൂപ പോസ്റ്റ് ഓഫീസിനായി അനുവദിച്ചു. എന്നാൽ, കെട്ടിടനിർമാണത്തിന് പോസ്റ്റൽ അധികൃതർ അനുവാദം നൽകിയില്ല. തുടർന്ന് തിരുവനന്തപുരത്തെ പി.എം.ജി. ഓഫീസിൽ നേരിട്ടെത്തി പോസ്റ്റ് മാസ്റ്റർ ജനറലിന് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. അനുമതി ലഭിക്കാത്തതിനെത്തുടർന്ന് എം.പി. ഫണ്ട് നഷ്ടമായി.

കാടുകയറുന്ന പ്രതീക്ഷകൾ

:വർഷങ്ങൾക്കുമുൻപ്‌ അനുവദിച്ച പാരിപ്പള്ളി ജങ്ഷനിലെ 10 സെന്റ് വസ്തു ഇപ്പോൾ കാടുകയറി നശിക്കുകയാണ്. സ്വന്തമായി സ്ഥലമുണ്ടായിട്ടും വകുപ്പിന്റെ അലംഭാവംമൂലം കെട്ടിടനിർമാണം നടക്കാത്തത് നാട്ടുകാരിൽ വലിയ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.

പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് കനിയുകയാണെങ്കിൽ, ജനപ്രതിനിധികളുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ച് പാരിപ്പള്ളിയിൽ ഇനിയും സ്വന്തമായി പോസ്റ്റ് ഓഫീസ് കെട്ടിടം നിർമിക്കാൻ സാധിക്കുമെന്ന് പാരിപ്പള്ളി വികസനസമിതി ചെയർമാൻ പാരിപ്പള്ളി വിനോദ് ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ യാത്രാദുരിതവും ഓഫീസിന്റെ ദുരവസ്ഥയും പരിഹരിക്കാൻ അധികാരികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.