ഓച്ചിറ ടൗൺ മൈതാനത്തിൽ ചെളിയും മാലിന്യവും

ഓച്ചിറ : വൃശ്ചികോത്സവത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ, ഓച്ചിറ ടൗൺ മൈതാനം വൃത്തിയാക്കാത്തതിൽ പ്രതിഷേധമുയരുന്നു. ചതുപ്പും മാലിന്യവും പാഴ്‌ച്ചെടികളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് മൈതാനം.കെ.എസ്.ആർ.ടി.സി. ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ഭക്തരും എത്തുന്ന ഇടത്തിനാണ് ഈ ദുരവസ്ഥ. ഇരുചക്രവാഹനങ്ങൾ പാർക്ക്‌ ചെയ്യാനും ഇവിടം ഭക്തർ ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇപ്പോൾ ഇവിടെ ചെളിവെള്ളം നിറഞ്ഞനിലയിലാണ്‌. ഉത്സവകാലത്തെ തിരക്ക് മുന്നിൽക്കണ്ട് ശുചീകരണപ്രവർത്തനങ്ങൾ ന‌ടത്തുന്നതിൽ ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനോടു ചേർന്നുള്ള ഭാഗത്താണ് കൂടുതൽ വൃത്തിഹീനം.

ഹോട്ടൽ മാലിന്യവും പച്ചക്കറിമാലിന്യവും ഇവിടെ തള്ളുന്നെന്ന്‌ ആക്ഷേപമുണ്ട്.ഉത്സവത്തോടനുബന്ധിച്ച് ഓച്ചിറയിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ്‌ പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ചുള്ള ഭൗതികസാഹചര്യമൊരുക്കേണ്ടത്‌ അനിവാര്യമാണ്‌. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലെങ്കിൽ വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കും.17-ന്‌ വൃശ്ചികോത്സവം ആരംഭിക്കുംമുൻപ്‌ മൈതാനം ശുചീകരിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുകയും വേണമെന്നാണ് ഭക്തരുടെ ആവശ്യം.