സന്ദർശകരുടെ പറുദീസയായി കല്ലടത്തണ്ണി വട്ടത്തിൽ വെള്ളച്ചാട്ടം

ചടയമംഗലം :പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കല്ലടത്തണ്ണി വട്ടത്തിൽ വെള്ളച്ചാട്ടം സന്ദർശകരുടെ പറുദീസയായി മാറുന്നു. വിവിധയിടങ്ങളിൽനിന്ന്‌ ഒട്ടേറെപ്പേരാണ് കാഴ്ച ആസ്വദിക്കാനായി എത്തുന്നത്. ആറ്റിൽ കുളിക്കാനും ആർത്തുല്ലസിക്കാനും ഫോട്ടോ ഷൂട്ടിനും ഇവിടെ എത്തുന്നവരുമുണ്ട്.

ചടയമംഗലം, വെളിനല്ലൂർ പഞ്ചായത്ത് അതിർത്തിപ്രദേശമാണ് കല്ലടത്തണ്ണി. പൂയപ്പള്ളി, ചടയമംഗലം പോലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഇതിനകം മുപ്പതോളം അപകടമരണം സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെടുന്നവരിൽ ഏറെയും വിദ്യാർഥികളും യുവാക്കളുമാണ്. അപകടം ആവർത്തിക്കുമ്പോഴും സുരക്ഷാക്രമീകരണം നടപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.

കല്ലടത്തണ്ണിക്ക് അടുത്തുള്ള ജടായു ടൂറിസത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ഇവിടെനിന്ന്‌ കല്ലടത്തണ്ണിയിലേക്കും ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. എന്നാൽ ആറ്റുതീരത്ത് സുരക്ഷാവേലിപോലും സ്ഥാപിച്ചിട്ടില്ല. ആറ്റിലെ ആഴവും പാറയിലെ വഴുവഴുപ്പും അടിയൊഴുക്കും കയവും അപകടസാധ്യത വർധിപ്പിക്കുന്നു. ജലനിരപ്പിലെ പെട്ടെന്നുള്ള മാറ്റം സന്ദർശകർക്ക് വ്യക്തമാകാൻ കഴിയില്ലെന്ന അവസ്ഥയുണ്ട്. സുരക്ഷ ഒരുക്കുന്നതിൽ പ്രാദേശികഭരണകൂടം അലംഭാവം കാട്ടുകയാണെന്നു പരാതി ഉയർന്നു. ബാരിക്കേഡ്, സുരക്ഷാജീവനക്കാരുടെ നിയമനം, ഗൈഡുമാരെ നിയമിക്കൽ തുടങ്ങിയവയും അടിയന്തരാവശ്യമാണ്.

അടിസ്ഥാനവികസനം ഉറപ്പാക്കണം

:ചടയമംഗലം-പള്ളിക്കൽ റോഡിലെ കല്ലടത്തണ്ണിയിൽനിന്ന്‌ അരകിലോമീറ്റർ സഞ്ചരിച്ചാൽ വട്ടത്തിൽ വെള്ളച്ചാട്ടത്തിൽ എത്താം. പ്രകൃതിദത്ത ടൂറിസം കേന്ദ്രം സന്ദർശകർക്ക് വിസ്മയക്കാഴ്ചകൾ നൽകുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഇവിടെയില്ല. വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് തകർന്നിട്ട് നാളേറെയായി. വെള്ളക്കെട്ടിൽ മുങ്ങിയ പാതയിലൂടെ കാൽനടയടക്കം ദുർഘടമാണ്. വട്ടത്തിൽ തങ്ങൾ കബറിസ്താനിലും ഒട്ടേറെ ആളുകളൾ പ്രാർഥനയ്ക്കായി എത്തുന്നുണ്ട്. അടിസ്ഥാനസൗകര്യവികസനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വാർഡ് പ്രതിനിധി വി. വിനോദ്കുമാർ എം.എം. നസീർ എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.