ദേശീയപാതാ വികസനത്തിൽ അനിശ്ചിതത്വം; പണിയുമില്ല, ചർച്ചയുമില്ല...!

അധികൃതരുമായുള്ള ചർച്ചയ്ക്ക് വരാതെനിർമാണക്കമ്പനി പ്രതിനിധികൾ

കരുനാഗപ്പള്ളി : കായംകുളം കൊറ്റുകുളങ്ങരമുതൽ കാവനാടുവരെ നീളുന്ന റീച്ചിൽ ദേശീയപാത വികസനം പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു.നിർമാണ കമ്പനിയായ വിശ്വസമുദ്ര കൺസ്ട്രക്‌ഷൻസ് അധികൃതരെ ചൊവ്വാഴ്ച ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ അന്ന് ചർച്ച നടന്നില്ല. ബുധനാഴ്ച ചർച്ച ഉണ്ടാകുമെന്നു കരുതിയെങ്കിലും വൈകീട്ടുവരെയും ഇക്കാര്യത്തിൽ തീരുമാനമായില്ലെന്നാണ് വിവരം.

ഈ റീച്ചിൽ ദേശീയപാത നിർമാണം പൂർണമായും നിലച്ചിരിക്കുകയാണ്. ഇതോടെ കൊറ്റുകുളങ്ങരമുതൽ കാവനാടുവരെ പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമായി തുടരുകയാണ്.

മുൻപ് നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ഇപ്പോൾ മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. ഇതാണ് ഗതാഗതക്കുരുക്കിനു കാരണം.

അധികമായി ഉയരപ്പാതകളും അടിപ്പാതകളും പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. അധികമായി 7.5 കിലോമീറ്ററോളം മേൽപ്പാലങ്ങളും അടിപ്പാതകളും നിർമിക്കാൻ. 300 കോടിയോളം രൂപ വേണം.