ആദിക്കാടുമുക്ക്-വിളന്തറ പാത നവീകരണം നിലച്ചു

പ്രതിഷേധം ശക്തം

ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട ആദിക്കാടുമുക്ക്-വിളന്തറ പാതയുടെ നവീകരണപ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പണി ഉപേക്ഷിച്ചമട്ടാണെന്ന്‌ നാട്ടുകാർ പറയുന്നു. നവീകരണത്തിന്റെ ഭാഗമായി പാതയിലെ ടാർ പൊളിച്ചുനിരത്തി മെറ്റൽ മിശ്രിതം പാകി മാസങ്ങൾ കഴിഞ്ഞിട്ടും ടാർ ചെയ്തില്ല. അതോടെ നിരത്തിയ മെറ്റൽച്ചീളുകൾ ഇളകി പാതയിലാകെ നിരക്കുകയാണ്.

മഴപെയ്യുന്നതോടെ കുഴികളിൽ വെള്ളം കെട്ടിനിന്ന് വൻതോതിൽ പാത തകരുകയാണ്. 2024-25ലെ ബജറ്റിലുൾപ്പെടുത്തി അനുവദിച്ച രണ്ടുകോടി രൂപാ ചെലവിലാണ് പാത വികസിപ്പിക്കുന്നത്. ജനുവരിയിൽ കരാർ നൽകിയെങ്കിലും ഏപ്രിലിലാണ് പണി തുടങ്ങിയത്. ആദിക്കാടുമുക്കിൽനിന്ന്‌ പണി തുടങ്ങിയിരുന്നു. എത്രയും പെട്ടെന്ന് നവീകരിച്ച്‌ ഗതാഗതയോഗ്യമാക്കുമെന്നായിരുന്നു കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഉറപ്പ്.അതിനാൽ സംരക്ഷണഭിത്തി കെട്ടാതെയും വൈദ്യുതത്തൂണുകൾ മാറ്റാതെയുമായിരുന്നു പണി. പാത ഉയർന്നതോടെ വശങ്ങൾ താഴ്ചയിലായി. ഇപ്പോൾ കാൽനടയാത്രക്കാർ പാതയിലൂടെ നടക്കേണ്ട സ്ഥിതിയിലാണ്. വെയിലായാൽ പൊടികാരണം പാതയുടെ സമീപത്തെ താമസക്കാരും ദുരിതത്തിലായി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിർത്തിവെച്ച ജോലികൾ പിന്നീടങ്ങോട്ട് ഇഴഞ്ഞുനീങ്ങി. ഒടുവിൽ മെറ്റൽ മിശ്രിതം നിരത്തി പണി നിർത്തി. മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടിനിന്ന് യാത്ര ദുഷ്‌കരമാക്കി. മെറ്റൽക്കഷണങ്ങൾ പാതയിലാകെ നിരന്നതോടെ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട്‌ മറിയുകയാണ്.

ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക്

കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥമൂലം പടിഞ്ഞാറെ കല്ലടയിലെ പ്രധാന പാതയാണ്‌ സഞ്ചരിക്കാൻ കഴിയാതെ കിടക്കുന്നത്‌. ഇതിനെതി​േര പാത ഉപരോധമടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ ബി.ജെ.പി. വലിയപാടം 162-ാം നമ്പർ ബൂത്ത് കമ്മിറ്റി തീരുമാനിച്ചു.

ബി.ജെ.പി. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് സമിതി പ്രസിഡന്റ് ഗോപകുമാർ, ബൂത്ത് കമ്മിറ്റി സെക്രട്ടറി സജീവ് ശ്രേയ, ബൂത്ത് ചുമതലയുള്ള ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മിനി ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.