പുന്നമൂട് വാർഡിൽ കുന്നിടിച്ചുനിരത്തലും കായൽ നികത്തലും

ശാസ്താംകോട്ട : ശാസ്താംകോട്ട പുന്നമൂട് വാർഡിൽ ചേലൂർ കായലിന്റെ തീരത്തെ മുനമ്പേൽകുന്നുകൾ വ്യാപകമായി ഇടിച്ചുനിരത്തുന്നു. ഇതോടൊപ്പം വൻതോതിൽ മണ്ണും പാറയും നിക്ഷേപിച്ച് ചേലൂർ കായലും നികത്തിയെടുക്കുന്നു.
ശാസ്താംകോട്ട പഞ്ചായത്തിന്റെയോ റവന്യൂവിഭാഗത്തിന്റെയോ അനുമതിയില്ലാതെ രാഷ്ട്രീയപിൻബലത്തിലാണ് പരിസ്ഥിതിക്ക് നാശംവരുത്തുന്ന പ്രവൃത്തി തുടരുന്നത്. ആഴ്ചകൾക്കുമുൻപ് പ്രദേശവാസികൾ കുന്നുകൾ ഇടിച്ചുനിരപ്പാക്കുന്ന വിവരം ശാസ്താംകോട്ട പഞ്ചായത്തിനെയും റവന്യൂ അധികൃതരെയും അറിയിച്ചതാണ്. സ്ഥലംപോലും സന്ദർശിച്ചില്ല. ഇപ്പോൾ ഏകദേശം നല്ലൊരുഭാഗം കായലും കൈവശത്തിലാക്കി.
ശാസ്താംകോട്ട തടാക വൃഷ്ടിപ്രദേശത്തിന്റെയും ചേലൂർ കായലിന്റെയും തീരത്തുള്ള ഈ സ്ഥലം അതീവ പരിസ്ഥിതിലോല മേഖലയാണ്. ഇവിടെ കുന്നിടിക്കുന്നതും മണ്ണ് ഖനനവും നിരോധിച്ചരിക്കുകയാണ്.
തട്ടുകളായി കിടക്കുന്ന സ്ഥലം റിസോർട്ട് നിർമാണത്തിന്റെ മറവിലാണ് ഇടിച്ചുനിരത്തുന്നത്. എന്നാൽ കെട്ടിടനിർമാണത്തിനാണ് ഭൂമി വൃത്തിയാക്കുന്നതെന്നും പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നുമാണ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്. അറുപതുസെന്റോളം സ്ഥലത്തെ കുന്നുകൾ ദിവസങ്ങളായി മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഭൂരിഭാഗം മണ്ണും ചേലൂർ കായലിൽ നിക്ഷേപിച്ചു നിരത്തി. ശേഷിച്ചവ കടത്തിയതായും നാട്ടുകാർ പറയുന്നു.
മഴ ശക്തമായി പെയ്താൽ ഇളകിക്കിടക്കുന്ന ലോഡുകണക്കിന് മണ്ണ് കായലിലെത്തും. നികത്തൽ സാധ്യമാകുയും ചെയ്യും. ശാസ്താംകോട്ട പഞ്ചായത്തിന്റെ ചേലൂർ ടൂറിസം പദ്ധതിക്കും നിർദിഷ്ട ചേലൂർ കുടിവെള്ളപദ്ധതിക്കുംവേണ്ടി കണ്ടെത്തിയ സ്ഥലമാണിത്. മറുകരയിലാണ് കുന്നത്തൂർ പഞ്ചായത്തിന്റെ ചേലൂർ കുടിവെള്ളപദ്ധതിയും. സ്ഥലത്തിന്റെ പേരുതന്നെ മുനമ്പേൽ കുന്ന് എന്നാണ്. അത്രയ്ക്ക് പ്രാധാന്യമുള്ള ഇടത്തെ കുന്നകുളാണ് ഇടിച്ചുനിരത്തി കായൽ നികത്തുന്നത്.
ചേലൂർ ഭാഗത്തെ നിർമാണപ്രവൃത്തികൾക്ക് അനുമതിയുണ്ടെന്ന് തഹസിൽദാരെയും തെറ്റിദ്ധരിപ്പിച്ചു. പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നാണ് അറിയുന്നതെന്ന് വിവരത്തിനായി ബന്ധപ്പെട്ടപ്പോൾ അദ്ദഹം പറഞ്ഞു.
ആദ്യം തീയിട്ട് ജീവജാലങ്ങളെ കൊന്നു
മുനമ്പേൽകുന്ന് ഭാഗത്തെ നിർമാണപ്രവർത്തനത്തിനു മുന്നോടിയായി കാടുവളർന്നുകിടന്ന പുരയിടം തീയിട്ടു. കയലിലും കരയിലും കഴിഞ്ഞിരുന്ന ആമയുൾപ്പെടെയുള്ള ജീവികൾ വ്യാപകമായി ചത്തൊടുങ്ങി. നാട്ടുകാർ അന്ന് പരാതിയുമായി ശാസ്താംകോട്ട പഞ്ചായത്തിനെ സമീപിച്ചു. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ഈ പിൻബലത്തിലാണ് പിന്നാലെ കുന്നുകൾ ഇടിച്ചുനിരത്തുന്നതിലേക്കും കായൽ നികത്തുന്നതിലേക്കും കാര്യങ്ങൾ എത്തിനിൽക്കുന്നത്.