ചാത്തന്നൂർ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ.മാർച്ച് നടത്തി

പോലീസ് ലാത്തി വീശി, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റിന് പരിക്കേറ്റു

ചാത്തന്നൂർ : അനിയന്ത്രിത വൈദ്യുതിനിയന്ത്രണത്തിനെതിരേ ഡി.വൈ.എഫ്.ഐ. ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചാത്തന്നൂർ കെ.എസ്.ഇ.ബി. ഓഫീസ് മാർച്ചിനുനേരേ പോലീസ് ലാത്തി വീശി.

ചാത്തന്നൂർ ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം തിരുമുക്ക് ജങ്ഷൻ ചുറ്റി കെ.എസ്.ഇ.ബി. ഓഫീസിൽ അവസാനിച്ചു. ഓഫീസിനു സമീപത്തായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർ ഓഫീസിനു മുന്നിലെത്തി. ഇതിനിടെ പോലീസ് പ്രവർത്തകർക്കുനേരേ ലാത്തി വീശുകയായിരുന്നു.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനീതിന്റെ നെറ്റിയ്ക്ക് അടിയേറ്റ് മുഴച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും അടിയേറ്റു.

തുടർന്ന് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എം. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി. അനീഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എസ്. ശരത്, ജോയിന്റ് സെക്രട്ടറി അഭിലാഷ് എം. സജി, സി.പി.എം. ചാത്തന്നൂർ ഏരിയ സെക്രട്ടറി പി.വി. സത്യൻ, ബ്ലോക്ക് ട്രഷറർ അഭിജിത്ത്, ജോയിന്റ് സെക്രട്ടറി ആർ. ആദർശ്, യു. വിനീത്, ഗൗരി, മിഥുൻരാജ് എന്നിവർ സംസാരിച്ചു.