ഇനിയും തുറക്കാതെചാത്തന്നൂരിലെ മത്സ്യമാർക്കറ്റ്

ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസം
ചാത്തന്നൂർ :കോടികൾ മുടക്കി നിർമിച്ച ചാത്തന്നൂർ ആധുനിക മത്സ്യമാർക്കറ്റ് സമുച്ചയം അടിയന്തരമായി പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചാത്തന്നൂർ വികസനസമിതി ആവശ്യപ്പെട്ടു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നു മാർക്കറ്റിന്റെ ഉദ്ഘാടനം. പിന്നീട് ഏഴുമാസം കഴിഞ്ഞിട്ടും ഇതു നാട്ടുകാർക്കു തുറന്നുകൊടുക്കാൻ അധികൃതർക്കായിട്ടില്ല.
പുതിയ മാർക്കറ്റ് നിർമിക്കുന്നതിന്റെ ഭാഗമായി മുൻപ് ഇവിടെയുണ്ടായിരുന്ന മുഴുവൻ വ്യാപാരികളെയും ചെറുകിടകച്ചവടക്കാരെയും പരിമിതമായ സൗകര്യങ്ങളുള്ള മറ്റൊരു സ്ഥലത്തേക്കു മാറ്റിയിരുന്നു. അസൗകര്യങ്ങൾമൂലം താത്കാലിക മാർക്കറ്റിൽ എത്തുന്നവരുടെ എണ്ണം കുറവാണ്. ഇതു വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനുപുറമേ, ചാത്തന്നൂരിന്റെ സമീപപ്രദേശങ്ങളിലെ പാതയോരങ്ങളെല്ലാം ഇപ്പോൾ അനധികൃത മത്സ്യക്കടകളായിരിക്കുകയാണ്.
നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും മാർക്കറ്റ് പ്രവർത്തനക്ഷമമാക്കാത്തതിൽ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുയരുന്നത്. ലേലനടപടികളിലൂടെയും മറ്റും ഗ്രാമപ്പഞ്ചായത്തിനു ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ഇതിലൂടെ നഷ്ടപ്പെടുന്നു.
ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കോടികൾ ചെലവഴിച്ച് നിർമിച്ച സമുച്ചയം പൂട്ടിയിട്ടിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമിതി കുറ്റപ്പെടുത്തി. ചാത്തന്നൂരിന്റെ വികസനത്തിന് മുതൽക്കൂട്ടാകേണ്ട മാർക്കറ്റ് എത്രയും പെട്ടെന്ന് തുറന്നുപ്രവർത്തിപ്പിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് വികസനസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.