കൊട്ടാരക്കര കോൺഗ്രസ് ഭവനിലേക്ക്മഹിളാമോർച്ച മാർച്ച്

കൊട്ടാരക്കര :മഹിളാമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര കോൺഗ്രസ് ഭവനിലേക്ക് മാർച്ച് നടത്തുകയും രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കുകയും ചെയ്തു. വിദ്യാർഥിനികളെ ലൈംഗികപീഡനത്തിനിരയാക്കിയ ജെ.എൻ.യു. അധ്യാപകനും കോൺഗ്രസ് എം.പി.യുമായ അംഗോംച ബിമോൾ അകോയിജാമിനെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം.

ചന്തമുക്കിൽനിന്ന്‌ ആരംഭിച്ച പ്രകടനം കോൺഗ്രസ് ഭവനുസമീപം പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. ബി.ജെ.പി. നേതാവ് ആർ. രശ്മി ഉദ്ഘാടനം ചെയ്തു. അനാവശ്യസമരത്തിലൂടെ രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു തടയിടാതെ 11 വിദ്യാർഥിനികളെ പീഡിപ്പിച്ച എം.പി.യെ പുറത്താക്കി ജെൻസികൾക്ക് മാതൃകകാട്ടുകയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടതെന്ന് രശ്മി പറഞ്ഞു.

നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വിദ്യ കരുവായം അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ പ്രഭാഷണം നടത്തി. നേതാക്കളായ പ്രിയങ്ക, ശ്രീനാ ഉദയൻ, സുനിത, മിനി ശിവരാമൻ, റിട്ട. കേണൽ സുധാംബിക, ചിത്ര, ചന്ദ്രലേഖ, സീമ, രമ്യശ്രീ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് ഓഫീസിനു മുന്നിൽ സംഘടിച്ച മഹിളാ കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചത് സംഘർഷസാധ്യതയുണ്ടാക്കി.