വെട്ടിയത്തോട്ടിൽ പമ്പ് ഹൗസ്; ഐത്തോട്ടുവക്കാർക്ക് ആശ്വാസം

ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട വെട്ടിയത്തോട്ടിൽ പമ്പ് ഹൗസ് വരുന്നതോടെ ഐത്തോട്ടുവ ഗ്രാമത്തെ വെള്ളക്കെട്ടിൽനിന്ന്‌ കരകയറ്റാൻ കഴിയുമെന്ന ആശ്വാസത്തിൽ നാട്ടുകാർ. ഓരോ മഴക്കാലത്തും വെള്ളം കെട്ടിനിൽക്കുന്നതിനാൽ കിടപ്പാടംവിട്ട് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കും അഭയംതേടേണ്ട ഗതികേടിലാണ് ഐത്തോട്ടുവയിലെ നാല് വാർഡുനിവാസികൾ. വെള്ളം ഇറങ്ങാതായാൽ ആഴ്ചകളോളം തിരിച്ചുപോകാൻ കഴിയാറില്ല. കൃഷിയും കന്നുകാലിവളർത്തലും പ്രതിസന്ധിയിലുമാകും. മഴക്കാലമായാൽ ശുദ്ധമായ കുടിവെള്ളം കിട്ടാറില്ല. മണൽക്കുഴികൾക്കൊപ്പം പറമ്പും സ്ഥിരം വെള്ളക്കെട്ടായി കിടക്കുന്നതിനാൽ കൃഷി നിലനിർത്തുക പ്രയാസമാണ്‌.

എന്നാൽ വെട്ടിയത്തോട് ഭാഗത്ത് മോട്ടോർ വയ്ക്കുന്നതോടെ നിലവിലെ പ്രതിസന്ധിക്കും ദുരിതത്തിനും പരിഹാരമാകും. കല്ലടയാറിന്റെ തീരത്തോടും മുണ്ടകൻപാടത്തോടും ചേർന്നുകിടക്കുന്ന ഐത്തോട്ടുവയിലെ നാല് വാർഡുകൾ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാലത്ത് കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് തോടുവഴി അഷ്ടമുടിക്കായലിൽ എത്തിക്കുന്നതാണ് പദ്ധതി.

ഷട്ടറുകൾ തകർന്നത് ദുരിതമായി

കല്ലടയാറും അഷ്ടമുടിക്കായലും അതിരുപങ്കിടുന്ന ഇവിടെ പെയ്തിറങ്ങുന്ന വെള്ളം പുറത്തേക്ക് ഒഴുകാറില്ല എന്നതാണ് നിലവിലെ ദുരിതത്തിന് ആക്കംകൂട്ടുന്നത്. കല്ലടയാറ്റിലെ ജലനിരപ്പ് ഐത്തോട്ടുവയെക്കാൾ പൊക്കത്തിലാകുന്നതാണ് കാരണം.

വെള്ളത്തിന്റെ കയറ്റിറക്കങ്ങളെ നിയന്ത്രിച്ചിരിക്കുന്നത് അഞ്ച്‌ ഷട്ടറുകൾ വഴിയാണ്. വളഞ്ഞവരമ്പിൽ രണ്ടും വെട്ടിയതോട്ടിൽ മൂന്നുമാണുള്ളത്. കല്ലടയാറിനോടു ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്. കല്ലടയാറ്റിൽ വെള്ളം ഏറുന്ന സമയങ്ങളിൽ ഷട്ടറുകൾ തുറക്കാൻ കഴിയില്ല. തുറന്നാൽ വെള്ളം കരയിലേക്ക് കയറും. ഷട്ടറുകൾ പലതും കാലപ്പഴക്കംമൂലം തകർന്നുകിടക്കുകയാണ്.

സ്ഥാപിക്കുന്നത്‌ 60 എച്ച്.പി.യുടെ മോട്ടോർ

വെട്ടിയത്തോട് ഭാഗത്ത് പുതിയ പമ്പ്ഹൗസ് സ്ഥാപിച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് പദ്ധതി. അതിനായി കല്ലട സൗരോർജപദ്ധതി ഏറ്റെടുത്തിരിക്കുന്ന എൻ.എച്ച്.പി.സി.യും പടിഞ്ഞാറെ കല്ലട പഞ്ചായത്തും ചേർന്ന് 68.22 ലക്ഷം രൂപ ചെലവിടും. ഇതിൽ 50.22 ലക്ഷം എൻ.എച്ച്.പി.സി.യുടേതാണ്. 60 എച്ച്.പി. മോട്ടോറുൾപ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജമാക്കുന്നത്. അവിടെയുണ്ടായിരുന്ന തകർന്ന പമ്പ് ഹൗസിനു പകരമാണ് പുതിയ മോട്ടോറും പമ്പ് ഹൗസും സ്ഥാപിക്കുന്നത്. മഴക്കാലത്തുൾപ്പെടെ കെട്ടിനിൽക്കുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തേക്ക് പമ്പ് ചെയ്ത് തോടുവഴി അഷ്ടമുടിക്കായലിൽ എത്തിക്കുന്നതാണ് പദ്ധതി. 18 മാസത്തിനകം പൂർത്തിയാക്കുമെന്നാണ് നിർഹണ ഏജൻസിയായ മൈനർ ഇറിഗേഷൻ നൽകുന്ന ഉറപ്പ്. അതോടെ നാട്ടുകാരുടെ കാലങ്ങളായുള്ള ദുരിതമൊഴിയും.