മണ്ഡലകാലമായിട്ടും എം.സി.റോഡ് അറ്റകുറ്റപ്പണിയിൽ അലംഭാവം

ചടയമംഗലം : മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കേ, എം.സി. റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നിൽ അധികൃതർക്ക് അലംഭാവം. കെ.എസ്.ടി.പി., എം.സി. റോഡിനെ ഉപേക്ഷിച്ച മട്ടാണ്. അടുത്തിടെ നിലമേൽ, വാളകം ജങ്ഷനുകളിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനായി വിവിധ വകുപ്പുകളിലെ ഉേദ്യാഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു.
ചെറിയ മഴയിൽപോലും വെള്ളക്കെട്ടുണ്ടാകുന്ന പട്ടണങ്ങളാണ് നിലമേലും വാളകവും. വെള്ളക്കെട്ടിൽ ഗതാഗത തടസ്സവും പതിവാണ്. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി കനത്ത നഷ്ടവും സംഭവിക്കുന്നു. ഇതിനു ശാശ്വതപരിഹാരം വേണമെന്നതാണ് ആവശ്യം. ഗതാഗതപ്രശ്നങ്ങളും യാത്രാദുരിതവും ഒട്ടേറെ അപകടങ്ങൾക്കും കാരണമായി.
വാളകംമുതൽ നിലമേൽവരെയുള്ള 17 കിലോമീറ്റർ ദൂരം അപകടമേഖലയാണ്. പൊലിക്കോട്, ആനാട്, അകമൺ, ആയൂർ പാലം, ഇളവക്കോട്, കുരിയോട് നെട്ടേത്തറ, മുരുക്കുമൺ, പുതുശ്ശേരി, കണ്ണങ്കോട്, ജില്ലാ അതിർത്തിയായ വാഴോട് പ്രദേശങ്ങളിലാണ് പാതയിൽ ശാസ്ത്രീയമായ അറ്റകുറ്റപ്പണി അടിയന്തരാവശ്യമായത്. മേഖലയിൽ പ്രഖ്യാപിച്ച ഗതാഗതപരിഷ്കരണവും നടപ്പാക്കിയില്ല. ചടയമംഗലം മഹാദേവക്ഷേത്രത്തിനു സമീപത്ത് പ്രധാന പാതയുടെ വശം ടാറിങ് നടത്തി യോഗ്യമാക്കുന്നതിന് ഇനിയും നടപടി ഉണ്ടായിട്ടില്ല.
അപകടസാധ്യത ഏറിയ പ്രദേശത്ത് ബാരിക്കേഡ്, മുന്നറിയിപ്പ് ബോർഡുകൾ, വലിയ പ്രകാശമുള്ള തെരുവുവിളക്ക് തുടങ്ങിയ ആവശ്യങ്ങളും പരിഹരിച്ചിട്ടില്ല. മൂടിയില്ലാത്ത ഓടകളിൽ സ്ലാബ് സ്ഥാപിക്കുക, അടഞ്ഞ ഓടകൾ വൃത്തിയാക്കുക, ഇടറോഡുകളിൽനിന്ന് ഒലിച്ചിറങ്ങുന്ന മേൽമണ്ണ് നീക്കംചെയ്യുക, താഴ്ന്നപ്രദേശം ഉയർത്തുക, ക്യാമറ സംവിധാനം കുറ്റമറ്റതാക്കുക, മോട്ടോർവാഹനവകുപ്പിന്റെ പരിശോധന കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ മണ്ഡലകാലത്തിനു മുൻപ് നടപ്പാക്കണം. അതേസമയം രാപകൽ വ്യത്യാസമില്ലാതെ എം.സി. റോഡിന്റെ പല ഭാഗത്തും അനധികൃത വാഹനപാർക്കിങ്ങും പതിവാകുന്നു. രാത്രിയിൽ വലിയ വാഹനങ്ങൾ റോഡരികിൽ പാർക്കുചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
അമിതവേഗം:അപകടം പതിവായി
:എം.സി. റോഡിൽ വാഹനാപകടം വർധിക്കുന്നതിന് പ്രധാന കാരണം അമിതവേഗവും അശ്രദ്ധമായ വാഹനമോടിക്കലുമാണെന്ന ആക്ഷേപം ശക്തമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇളവക്കോട് ഭാഗത്ത് കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന കാറിലിടിച്ച് മടത്തറ സ്വദേശികളായ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിൽ നിലമേൽ കോളേജ് ജങ്ഷനിൽ കാർ നിയന്ത്രണംവിട്ട് നടപ്പാതയുടെ ബാരിക്കേഡ് തകർത്തും അപകടം ഉണ്ടായി. ഇളവക്കോട് സ്ഥരം അപകടമേഖലയായിട്ടും സുരക്ഷാസംവിധാനം ഒരുക്കുന്നില്ലെന്നു പരാതി ഉയർന്നു.
മദ്യപിച്ചു വാഹനമോടിച്ചുള്ള അപകടങ്ങളും വർധിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് കാരണമെന്ന് വരുത്തിത്തീർക്കാൻ അപകടത്തിനുശേഷം ചിലർ ശ്രമം നടത്തുന്നതായും ആക്ഷേപമുയർന്നു. കുരിയോട്, നെട്ടേത്തറ, പുതുശ്ശേരി, നിലമേൽ ഭാഗങ്ങളിലുണ്ടായ അപകടങ്ങളുടെ കാരണം അനധികൃത പാർക്കിങ്ങാണ്. പാതയോരത്ത് വലിയ വാഹനങ്ങളടക്കം പാർക്കുചെയ്യുന്നത് ദൂരക്കാഴ്ചയ്ക്ക് തടസ്സമാകുന്നതായും പരാതി ഉയർന്നു.