മൈലക്കാട്ട്‌ തൂണുകളിലെ മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്‌

കൊട്ടിയം :ദേശീയപാത ആറുവരിയാക്കുന്നതിന്റെ പ്രവൃത്തികൾക്കിടെ മൈലക്കാട്ട്‌ തകർന്ന മൺമതിൽ ഉയരപ്പാതയ്ക്കു പകരം നിർമിക്കുന്ന കോൺക്രീറ്റ് തൂണുകളിലെ മേൽപ്പാലത്തിന്റെ പണി അന്തിമഘട്ടത്തിലേക്ക്.

നാല് സ്പാനുകളിലായി സ്ഥാപിക്കുന്ന 32 ഗർഡറുകളിൽ ഭൂരിഭാഗവും സ്ഥാപിച്ചുകഴിഞ്ഞു. ഗർഡറുകൾ കോൺക്രീറ്റ് ചെയ്ത് ബന്ധിപ്പിക്കുന്ന ക്രോസ് ബ്രേസിങ്ങും ഏറക്കുറെ പൂർത്തിയായി. ഗർഡറുകളും തൂണുകളും ചേരുന്ന ഭാഗം ബലപ്പെടുത്തുന്നതും ഗർഡറുകളുടെ എൻഡ് ഡയഫ്രം കോൺക്രീറ്റ് ചെയ്യുന്നതും പുരോഗമിക്കുന്നു.

നിർമാണത്തിലിരുന്ന ഒരു ഗർഡർ പൊട്ടിത്തെറിക്കുകയും മറ്റൊന്നിനു വിള്ളൽ കണ്ടെത്തുകയും ചെയ്തത് പ്രവൃത്തികൾക്ക് നേരിയ കാലതാമസം ഉണ്ടാക്കിയിരുന്നു. ഇവിടെ മൺമതിൽ ഉയരപ്പാത നിർമിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബർ അഞ്ചിന് പാർശ്വഭിത്തിയും ഉയരപ്പാതയും തകർന്നത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. 9.4 മീറ്റർ ഉയരമുള്ള പാത തകർന്നത് സ്ഥലത്ത് പരിസ്ഥിതിപ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. സ്കൂൾ ബസ് ഉൾപ്പെടെ നാല് വാഹനങ്ങളാണ് അന്ന്‌ കഷ്‌ടിച്ചു രക്ഷപ്പെട്ടത്.