മുക്കോണിമുക്കിൽ വീണ്ടും തുരുമ്പെടുത്ത ടിപ്പർ

ഫിറ്റ്‌നസില്ലാത്ത ലോറിയിൽ ക്വാറി വേസ്റ്റ് കടത്തിയത് പിടികൂടി

കൊട്ടാരക്കര :മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടം നടന്ന നീലേശ്വരം മുക്കോണിമുക്കിൽ, ഫിറ്റ്‌നസില്ലാതെയും നികുതിയടയ്ക്കാതെയും ക്വാറി വേസ്റ്റ് കടത്തിയ ടിപ്പർ ലോറി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥൻ സാഹസികമായി പിടികൂടി.

ലോറിയുടെ എല്ലാ ടയറുകളും തേഞ്ഞ്‌ നൂൽക്കമ്പി തെളിഞ്ഞ നിലയിലായിരുന്നു. ബോഡി പൂർണമായും തുരുമ്പെടുത്തു. രണ്ടു വർഷമായി ഫിറ്റ്‌നസ് പരിശോധന നടത്തിയിട്ടില്ലാത്ത ലോറി ഉറപ്പായും മറ്റൊരു അപകടം വരുത്തുമായിരുന്നു. അമ്പലപ്പുറത്തുനിന്ന്‌ മുക്കോണിമുക്കിനു സമീപമുള്ള സ്ഥലത്തേക്ക് ക്വാറി വേസ്റ്റ് കടത്തുന്നതു പിടികൂടാതിരിക്കാൻ രണ്ടു കാറുകളിലും ബൈക്കിലും എസ്‌കോർട്ട്‌ സംഘങ്ങളുമുണ്ടായിരുന്നു.

പോലീസോ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരോ എത്തിയാൽ മുന്നറിയിപ്പു നൽകാൻ നീലേശ്വരത്തും അമ്പലപ്പുറത്തും കാറിൽ സംഘാംഗങ്ങൾ കാത്തുകിടക്കും. ലോറിക്കു മുന്നിലായി മോട്ടോർ സൈക്കിളിലും എസ്‌കോർട്ടുണ്ടാകും. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കൊട്ടാരക്കര ജോയിന്റ് ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻ​െസ്പക്ടർ ബി. ബിജുവാണ് ഒറ്റയ്ക്ക് ടിപ്പർവേട്ടയ്ക്കിറങ്ങിയത്. എസ്‌കോർട്ട് സംഘങ്ങളെ വെട്ടിക്കാൻ, യൂണിഫോമിനു മുകളിൽ മറ്റൊരു ഉടുപ്പു ധരിച്ച്‌, ഓഫീസ് വാഹന​മൊഴിവാക്കി സ്വകാര്യ കാറിലാണ്‌ ഉദ്യോഗസ്ഥനെത്തിയത്. മുക്കോണിമുക്കിനു സമീപം ലോഡിറക്കവേ വാഹനം പിടികൂടി.

ഡ്രൈവർ ഇറങ്ങിയോടി. കെ.എൽ. 30 ബി 1769 നമ്പരിലുള്ള ലോറി, ചെങ്ങന്നൂർ രജിസ്‌ട്രേഷനിലുള്ളതും പതിനഞ്ച് വർഷം പഴക്കമുള്ളതുമാണ്. വണ്ടിപ്പെരിയാർ സ്വദേശിയാണ് വാഹന ഉടമ. കൊട്ടാരക്കര സ്വദേശി ഏറ്റെടുത്ത വാഹനത്തിന്റെ നികുതി രണ്ടു വർഷമായി അടച്ചിട്ടില്ല.

സ്‌കൂൾ വിദ്യാർഥി ഉൾ​െപ്പടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മുക്കോണിമുക്ക് അപകടം കേരളത്തെ നടുക്കിയിരുന്നു. ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ നടുക്കത്തിൽനിന്ന്‌ നാട് മുക്തമാകുന്നതിനു മുൻപേയാണ് തുരുമ്പെടുത്ത ടിപ്പറുകൾ വീണ്ടും നിയമത്തെ വെല്ലുവിളിച്ച് ഓടുന്നത്.