പരിഹാരമുണ്ടാകണം യാത്രാദുരിതത്തിന്

വികസനവഴി തേടി പുത്തൂർ - 2

പുത്തൂർ : പുത്തൂരിന്റെ ഏറ്റവും വലിയ ശാപമാണ് ടൗണിലെ ഗതാഗതക്കുരുക്ക്. ടൗണിന്റെ ഹൃദയഭാഗത്തെ റോഡിന്റെ വീതിയില്ലായ്മ, ഇടുങ്ങിയ ഉപറോഡുകൾ എന്നിവ എപ്പോഴും യാത്രക്കാർക്ക് തലവേദന സൃഷ്ടിക്കുന്നു.

ഐവർകാല റോഡ്, പൂവറ്റൂർ റോഡ്, മാറനാട് റോഡ്, ചീരങ്കാവ് റോഡ് എന്നിങ്ങനെ തിരക്കേറിയ റോഡുകളെല്ലാം ഭരണിക്കാവ്- കൊട്ടാരക്കര റോഡിലേക്ക് ചേരുന്നത് പുത്തൂർ ടൗണിലാണ്. ഇവയുടെ സംഗമഭാഗങ്ങൾ വളരെ വീതികുറഞ്ഞവയാണ്. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇവിടെ തിരിയുന്നത് വളരെ സാഹസപ്പെട്ടാണ്.

റോഡിന് വീതികുറവായതിനാൽ ഉപറോഡുകളിലെ സ്‌റ്റോപ്പുകളിൽ ബസുകൾ എത്ര ഒഴിച്ചിട്ടാലും പകുതിയോളം ഭാഗം റോഡിലായിരിക്കും. പ്രധാന റോഡിലെ സ്റ്റോപ്പുകളിൽ ചിലർ കൃത്യമായി വാഹനം നിർത്തി നിർദേശങ്ങൾ പാലിക്കാറുണ്ടെങ്കിലും നല്ലൊരുവിഭാഗം വാഹനം നിർത്തുന്നത് തോന്നുംപടിയാണ്. ഇവയൊക്ക വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

പാർക്കിങ് എന്നും തലവേദന

ടൗണിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലെന്നതാണ് ടൗൺ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. കൃത്യമായ ഒരു പാർക്കിങ് കേന്ദ്രമില്ല. വാഹനങ്ങൾ വളരെദൂരെ ടൗണൊഴിച്ച് നിർത്തി കാൽനടയായി കച്ചവടകേന്ദ്രങ്ങളിലേക്കെത്തുക പ്രയാസമായതിനാൽ വീതികുറഞ്ഞ റോഡരികിൽതന്നെ ഭൂരിപക്ഷം വാഹനങ്ങളും നിർത്തിയിടുകയാണ് പതിവ്. ഇതോടൊപ്പം ചില തെരുവുകച്ചവടക്കാരുംകൂടി എത്തുമ്പോൾ എല്ലാം ബഹളമയമാകും. ഇരുചക്രവാഹനങ്ങളും റോഡരികിലെ കിട്ടാവുന്ന ഇടങ്ങളിൽ ഒതുക്കിവെക്കുക മാത്രമേ നിവൃത്തിയുള്ളു.

പുത്തൂർ കിഴക്കേ ചന്തയ്ക്കുൾവശത്ത്, ഔദ്യോഗികമ​െല്ലങ്കിലും പലരും പാർക്കിങ്ങിനായി ഉപയോഗിക്കുന്നുണ്ട്. ചേരിയൽ ക്ഷേത്രഭരണസമിതിക്കാരുടെ സഹായത്തോടെ കുറച്ച് വാഹനങ്ങൾ അവിടെയും പാർക്ക്‌ ചെയ്യാറുണ്ട്.

ഫലവത്തായ പാർക്കിങ് സംവിധാനമൊരുക്കാൻ നെടുവത്തൂർ, കുളക്കട, പവിത്രേശ്വരം പഞ്ചായത്തുകൾ സംയുക്തമായി പദ്ധതി തയ്യാറാക്കണമെന്നാണ് നാടിന്റെ ആവശ്യം.

വേണം ബസ് സ്റ്റാൻഡ്

പുത്തൂരിന് ഒരു ബസ് സ്റ്റാൻഡ് എന്നത് ഏറെക്കാലത്തെ ആഗ്രഹമാണ്. പുത്തൂരിന്റെ വികസനത്തിനും ഗതാഗതപ്രശ്നങ്ങൾക്കും ഇത് വളരെ ആശ്വാസം പകരുമെന്ന കാര്യത്തിൽ സംശയമില്ല. അനുയോജ്യമായ ഒട്ടേറെ പൊതുസ്ഥലങ്ങൾ ഇവിടെയുണ്ട്. ഭരണാധികാരികളുടെ ആർജവമുള്ള തീരുമാനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്.

സമാന്തരപാത അനിവാര്യം

പുത്തൂരിലെ ഗാതാഗതക്കുരുക്ക് ഒഴിവാക്കാൻ സമാന്തരപാത വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻപ് പുത്തൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപത്തുള്ള റോഡിലൂടെ ബഥനി ജങ്ഷനിലും പൂവറ്റൂർ റോഡിലും എത്തുന്ന രീതിയിൽ ഒരു റോഡിന് നിർദേശം വന്നിരുന്നു. ചുങ്കത്തറയിൽനിന്ന് ആലയ്ക്കൽ ജങ്ഷനിൽ എത്തുന്ന രീതിയിലും ഒരു നിർദേശമുണ്ടായി. ഏറെ പരിശ്രമങ്ങൾ വേണ്ടിവരുമെന്നതിനാൽ രണ്ടും നടപ്പായില്ല.

പുത്തൂർ ചെറുമങ്ങാട് ആലയ്ക്കലിൽനിന്ന് ഉള്ളിരിപ്പിൽ ഭാഗത്തുകൂടി വല്ലഭൻകരയെത്തുന്ന മറ്റൊരു പാതയും ഇപ്പോൾ സജീവമായ ചർച്ചയിലാണ്. നാട്ടുകാരുടെകൂടി സഹകരണത്തിൽ നിർമാണം സാധ്യമായാൽ പടിഞ്ഞാറുഭാഗത്തുനിന്ന് കൊല്ലത്തേക്കു പോകുന്നവർക്കും തിരികെയുള്ളവർക്കും ഇത് ഏറെ പ്രയോജനം ചെയ്യും.