എഴുകോൺ പോലീസ് സ്റ്റേഷൻകെട്ടിടം ഉദ്ഘാടനം നീളും

എഴുകോൺ :സ്വന്തം കെട്ടിടത്തിലേക്കു മാറാനുള്ള എഴുകോൺ പോലീസ് സ്റ്റേഷന്റെ കാത്തിരിപ്പ് നീളും. നവംബറിൽ കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുമെന്ന ഉറപ്പ് പാലിക്കാനാവില്ലെന്ന് വ്യക്തമായി. ടൈൽ വർക്ക്, പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികൾ ബാക്കിയുള്ളതാണ് കാരണം. അഞ്ചുവർഷമായി നിർമാണത്തിലിരിക്കുന്ന കെട്ടിടം നവംബറിൽ പൂർത്തിയാക്കി നൽകുമെന്ന് മാസങ്ങൾക്കുമുൻപ് അധികൃതർ ഉറപ്പുനൽകിയിരുന്നു.
2022 മാർച്ചിലാണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 1.65 കോടി രൂപ അടങ്കലിൽ ഹാബിറ്റാറ്റാണ് നിർമാണം ഏറ്റെടുത്തത്. നാലുവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തതിനെത്തുടർന്ന് അവരെ ഒഴിവാക്കി. അന്ന് കെട്ടിടത്തിന്റെ ഉൾവശത്തെ പ്ലാസ്റ്ററിങ് ഭാഗികമായി മാത്രമേ പൂർത്തിയായിരുന്നുള്ളൂ. തുടർന്ന് ശേഷിക്കുന്ന നിർമാണപ്രവൃത്തികളുടെ ചുമതല പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ ഏൽപ്പിച്ചു. 1.11 കോടി രൂപയ്ക്കാണ് പുതിയ കരാർ. ജനുവരിയിൽ കോർപ്പറേഷൻ പ്രവൃത്തികൾ തുടങ്ങി
ഇപ്പോൾ പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളാണ് നടക്കുന്നത്. ടൈൽ വർക്ക് കഴിഞ്ഞദിവസമാണ് തുടങ്ങിയത്. വാതിലുകളുടെയും ജനാലകളുടെയും അലുമിനിയം ഫാബ്രിക്കേഷൻ, പെയിന്റിങ്, ഗേറ്റ് നിർമാണം എന്നിവ ഇനിയും തുടങ്ങിയിട്ടില്ല. ജനുവരിവരെയാണ് കരാർകാലാവധിയെങ്കിലും ഡിസംബറിൽതന്നെ പണി പൂർത്തിയാക്കി നൽകണമെന്നാണ് കരാറുകാരന് നൽകിയിരിക്കുന്ന നിർദേശം.
അറുപറക്കോണം ഗവ. ടെക്നിക്കൽ സ്കൂളിനു സമീപം വെട്ടിലിക്കോണത്ത് കെ.ഐ.പി.ക്ക് ഉണ്ടായിരുന്ന 20 സെന്റ് ഭൂമിയാണ് പോലീസ് സ്റ്റേഷന് അനുവദിച്ചത്. പി. അയിഷാ പോറ്റി എം.എൽ.എ. ആയിരിക്കെയാണ് ഭൂമി പതിച്ചുകിട്ടിയത്. 2022 മാർച്ചിൽ ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാലിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
1988 ഓഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് എഴുകോൺ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്നുമുതൽ വിവിധ വാടകക്കെട്ടിടങ്ങളിൽ മാറിമാറിയാണ് പ്രവർത്തനം. 2005-ലാണ് ബദാംമുക്കിലുള്ള ഇപ്പോഴത്തെ ഓടുമേഞ്ഞ വാടകക്കെട്ടിടത്തിലേക്കു മാറിയത്. അസൗകര്യങ്ങളുടെ നടുവിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
പാർട്ട് ബില്ലുകൾ മാറി പണം കിട്ടുന്നത് വൈകിയതിനാലാണ് തങ്ങളുടെ കാലയളവിൽ നിർമാണം വൈകിയതെന്ന് ഹാബിറ്റാറ്റ് പ്രോജക്ട് മാനേജർ പറഞ്ഞു.