ലോറി പാഞ്ഞുകയറി മൂന്നു കടകൾ തകർന്നു; ആളപായമില്ല

അപകടം പുനലൂരിൽ പുലർച്ചെ മൂന്നരയ്ക്ക്
പുനലൂർ : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ ടി.ബി. ജങ്ഷനിൽ ചരക്കുലോറി പാഞ്ഞുകയറി മൂന്ന് താത്കാലിക കടകൾ തകർന്നു.
കടകളിലുണ്ടായിരുന്ന രണ്ടു വനിതാജീവനക്കാരും ലോറി ഡ്രൈവറും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഷെഡ്ഡുകളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന തേയിലയും വെളിച്ചെണ്ണയുമുൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ഉത്പന്നങ്ങൾ അപകടത്തിൽ ചിതറിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ ജുമാ മസ്ജിദിന് എതിർവശത്തായിരുന്നു സംഭവം.
മണ്ഡലകാലം പ്രമാണിച്ചു സജ്ജമാക്കിയ, ‘മിനി പമ്പ’യെന്ന താത്കാലികവിപണിയിലെ കടകളിലേക്കാണ് ലോറി നിയന്ത്രണംവിട്ടു പാഞ്ഞുകയറിയത്.
പുനലൂർ സ്വദേശിനി പ്രഭയുടേതുൾപ്പെടെ മൂന്നു കടകളാണ് തകർന്നത്. ഇതിലെ ജീവനക്കാരായ ലൈല, സിയ എന്നിവരും ലോറി ഡ്രൈവർ അനുവുമാണ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്ന് അടൂരിലേക്ക് സിമന്റ് കയറിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതിരേ മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയിലെത്തിയ കെ.എസ്.ആർ.ടി.സി. ബസിൽ ഇടിക്കാതെ വെട്ടിച്ചപ്പോഴാണ് ലോറി നിയന്ത്രണംവിട്ടതെന്ന് ഡ്രൈവർ അനു പറഞ്ഞു.
കടകളിലേക്കു പാഞ്ഞുകയറിയ ലോറിയുടെ ഗ്ളാസ് തകർന്ന് ഇരുമ്പുകമ്പികളും തകരഷീറ്റുകളും ഉള്ളിലേക്കു തുളഞ്ഞുകയറി. കമ്പികൾക്കിടയിൽ കുടുങ്ങിക്കിടന്ന ലോറി, പിന്നീട് അഗ്നിശമനസേനയെത്തി ഏറെനേരത്തെ ശ്രമത്തിനൊടുവിൽ പുറത്തെടുത്ത് പുനലൂർ പോലീസ് സ്റ്റേഷനിലേക്കു മാറ്റി.
മണ്ഡലകാല കച്ചവടം ലക്ഷ്യമിട്ട് തിങ്കളാഴ്ച പ്രവർത്തനം തുടങ്ങിയ കടകളാണ് 24 മണിക്കൂർ തികയുംമുൻപ് തകർന്നത്. മൂന്നു കടകളും തകർന്നതുവഴി 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.
നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാൽ അപകടസ്ഥലം സന്ദർശിച്ചു.
കടയുടമകളുടെ നഷ്ടം പരിഹരിക്കാൻ ലോറിയുടെ ഉടമയുമായി ചർച്ചനടത്തുമെന്ന് അദ്ദേഹം പറഞ്ഞു.