ആറ്റുപുറം അങ്കണവാടി നിർമാണം ഉടൻ ആരംഭിക്കും

കടയ്ക്കൽ : പ്രവർത്തനംതുടങ്ങി രണ്ടുപതിറ്റാണ്ടായിട്ടും സ്വന്തമായി കെട്ടിടമില്ലാതിരുന്ന ആറ്റുപുറം അങ്കണവാടി സ്മാർട്ട് ആകുന്നു. നിലമേൽ-കടയ്ക്കൽ പാതയോരത്ത് ആറ്റുപുറം ജങ്ഷന് സമീപം ഏറ്റെടുത്തിരുന്ന സ്ഥലത്ത് സ്മാർട്ട് അങ്കണവാടിക്കായി കെട്ടിടം ഉടൻ നിർമിക്കും. 48 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.

കടയ്ക്കൽ പഞ്ചായത്തിലെ 34 അങ്കണവാടികളിൽ സ്വന്തമായി കെട്ടിടമില്ലാത്ത ആറെണ്ണത്തിൽ ഒന്നാണിത്. മാറ്റിടാംപാറ വാർഡിലെ ഈ അങ്കണവാടി ഇതുവരെ മാറിമാറി പ്രവർത്തിച്ചത് ആറ് ഇടങ്ങളിലാണ്. നിലവിൽ ആറ്റുപുറത്തെ കെട്ടിടത്തിൽ 3,000 രൂപ പ്രതിമാസവാടക നൽകിയാണ് അങ്കണവാടിയുടെ പ്രവർത്തനം.

സ്വന്തം കെട്ടിടത്തിനായി അടിസ്ഥാനംനിർമിച്ച് ഏഴുവർഷം കഴിഞ്ഞിട്ടും കെട്ടിടം ഉയർന്നിരുന്നില്ല. സ്ഥലം കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറി.

2007 ജനുവരിയിലാണ് മാറ്റിടാംപാറ വാർഡിൽ അങ്കണവാടി പ്രവർത്തനം തുടങ്ങിയത്. സ്വന്തം കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം ലഭ്യമാകാത്തതിനെത്തുടർന്നാണ് കടയ്ക്കൽ-നിലമേൽ റോഡിൽആറ്റുപുറം ജങ്ഷന് സമീപം പൊതുമരാമത്തുവകുപ്പ് പുറമ്പോക്കിലെ എട്ടുസെന്റ് സ്ഥലം വിട്ടുകിട്ടിയത്.

ഏറെ നൂലാമാലകൾക്കുശേഷമാണ് സ്ഥലം അങ്കണവാടി കെട്ടിടം നിർമിക്കുന്നതിനായി പഞ്ചായത്തിന് ലഭിച്ചത്. ഏഴുവർഷംമുൻപാണ് നിർമാണം തുടങ്ങിയത്. എന്നാൽ അടിസ്ഥാനം നിർമിച്ചതോടെ കരാറുകാരൻ പണി നിർത്തിവെച്ചു. അനുവദിച്ച തുക കെട്ടിടനിർമാണത്തിനു തികയില്ലെന്നതായിരുന്നു കാരണം.

ആറ്റുപുറം കൂടാതെ വാച്ചീക്കോണം, ചിങ്ങേലി, പന്തളംമുക്ക്, കാറ്റാടിമൂട്, പള്ളിമുക്ക് എന്നീ അങ്കണവാടികൾക്കാണ് സ്വന്തം കെട്ടിടമില്ലാത്തത്. ഈ അങ്കണവാടികൾക്ക് കെട്ടിടത്തിനായി സ്ഥലം വാങ്ങിയെങ്കിലും കെട്ടിടനിർമാണം വൈകുന്നു. പഞ്ചായത്തിലെ ആലത്തറമല, തേക്കിൽ അങ്കണവാടി കെട്ടിടങ്ങൾ അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.