അഷ്ടമുടിക്കായലോരത്ത് സി.ബി.ജി.പ്ലാന്റ് സ്ഥാപിക്കുന്നത് പരിഗണനയിൽ-സുരേഷ് ഗോപി

കൊല്ലം : അഷ്ടമുടിക്കായലിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന മണിച്ചിത്തോടിന്റെ കരയിൽ മാലിന്യത്തിൽനിന്ന് ഊർജം ഉത്പാദിപ്പിക്കാൻ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. നവീകരണജോലികൾ നടക്കുന്ന ആശ്രാമം പുനർജ്ജനി പാർക്കും ചിൽഡ്രൻസ് പാർക്കും സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അഷ്ടമുടിക്കായലിലേക്ക് മാലിന്യമെത്തുന്നത് തടയാൻ നേരത്തേതന്നെ നിർദേശങ്ങൾ നൽകിയിരുന്നതാണ്. മണിച്ചിത്തോട്ടിൽനിന്ന് ഒരുപരിധിവരെ മാലിന്യമെത്തുന്നത് ഒഴിവാക്കാനായിട്ടുണ്ട്. കോർപ്പറേഷൻ അധികൃതരുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്.

ലിങ്ക്‌റോഡിൽ മലിനജലസംസ്‌കരണസംവിധാനം സ്ഥാപിക്കാൻ ആലോചിക്കുന്നതായ മറുപടിയും ലഭിച്ചിരുന്നു. കോർപ്പറേഷൻ സ്ഥലം ലഭ്യമാക്കിയാൽ കായലോരത്ത് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരുങ്ങുന്നത് വൻ വിനോദസഞ്ചാര പദ്ധതികൾ

:കേന്ദ്രസർക്കാരിൽനിന്ന് അനുവദിച്ച 59.7 കോടി രൂപ ഉപയോഗിച്ചുള്ള വിനോദസഞ്ചാരവികസനപദ്ധതികളാണ് അഷ്ടമുടിക്കായലോരത്തും പരിസരത്തുമായി നടപ്പാക്കുന്നത്. എം. മുകേഷ് എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച പുനർജ്ജനി പാർക്കിൽ അഷ്ടമുടി ഇന്റർപ്രറ്റേഷൻ സെന്ററിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. അഷ്ടമുടിക്കായലിന്റെ ജൈവവൈവിധ്യവും കായൽത്തീരത്തെ സാംസ്‌കാരികപൈതൃകവുമടക്കമുള്ളവ ഇവിടെ പ്രദർശിപ്പിക്കും.

ശ്രീനാരായണഗുരു സാംസ്‌കാരികസമുച്ചയത്തിന് പിന്നിലും ഗസ്റ്റ്ഹൗസിന് മുന്നിലുമായി എട്ടേക്കറിൽ ​െറസിഡൻസി ഗാർഡനും ഒരുങ്ങുന്നുണ്ട്. അഡ്വഞ്ചർ പാർക്കിലും ചിൽഡ്രൻസ് പാർക്കിലുമെത്തുന്നവർക്ക് ഇവിടേക്കും എളുപ്പം എത്താനാകും. കേന്ദ്രഫണ്ട് ഉപയോഗിച്ച് രണ്ട് പാർക്കുകളും നവീകരിക്കുന്നുണ്ട്. ചിൽഡ്രൻസ് പാർക്കിൽ മുപ്പതോളം കളിയുപകരണങ്ങളാണ് പുതുതായി എത്തിക്കുന്നത്. അഡ്വഞ്ചർ പാർക്കിൽ ബോട്ട് ജെട്ടി, ശൗചാലയങ്ങൾ, ടിക്കറ്റ് കൗണ്ടർ, പ്രവേശനകവാടം എന്നിവയുടെ നിർമാണവും നടക്കുന്നു. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിനുസമീപം കായലിൽ ഫ്ലോട്ടിങ് റസ്റ്ററന്റിന്റെ നിർമാണവും തുടരുകയാണ്.