ശൂരനാട് ഓണമ്പള്ളി പാടശേഖരത്തിൽ വെള്ളം കിട്ടാനില്ല

നെൽക്കൃഷി പ്രതിസന്ധിയിൽ

അണയുടെ തകർച്ച വിനയായി

ശൂരനാട് : കുന്നത്തൂർ താലൂക്കിന്റെ നെല്ലറയായിരുന്ന ശൂരനാട് വടക്ക് ഓണമ്പള്ളി പാടശേഖരത്തിൽ നെൽക്കൃഷി പ്രതിസന്ധിയിലേക്ക്. കൃഷിക്കാവശ്യമായ വെള്ളം കിട്ടാതായതോടെയാണ് കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നത്. കടുത്ത ജലക്ഷാമം മൂലം ഇത്തവണത്തെ കൃഷിക്കുള്ള ഞാറിനുവേണ്ടി നിലം ഉഴുതൊരുക്കി വിത്ത് പാകാൻപോലും കഴിയാതെ ദുരിതത്തിലാണ് കർഷകർ. ഏറെക്കാലമായി ചിങ്ങക്കൊയ്ത്തും നിലച്ചു. ഇരുപ്പൂ കൃഷിയുണ്ടായിരുന്ന ഓണമ്പള്ളിയിൽ നെൽക്കൃഷി ഒറ്റത്തവണയായി ചുരുങ്ങി. നികത്തലുമെല്ലാം കഴിഞ്ഞ് ഇപ്പോൾ ശേഷിക്കുന്നത് 33 ഏക്കർ മാത്രമാണ്. അവിടെയും യഥാസമയം കൃഷിചെയ്യാൻ കഴിയാതെ വലയുകയാണ് കർഷകർ. വേനൽക്കാലത്ത് പള്ളിക്കലാറ്റിലെ വെള്ളത്തെ ആശ്രയിച്ചാണ് ശൂരനാട് വടക്ക് പഞ്ചായത്തിലെ പ്രധാന ഏലാകളായ ഓണമ്പള്ളി, കൂരിക്കുഴി, വിരിപ്പോലിൽ, ആനയടി എന്നിവിടങ്ങളിലെല്ലാം നെൽക്കൃഷി നടത്തുന്നത്.

ആറ്റിലെ വെള്ളം പാതിരിക്കലിലെ അണയിൽ തടഞ്ഞുനിർത്തി ചാലുകൾ വഴി തിരിച്ചുവിട്ട് പാടങ്ങളിലെത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കാലപ്പഴക്കത്താൽ അണയുടെ ഷട്ടർ തകർന്നുകിടക്കുന്നതുമൂലം വെള്ളം കെട്ടിനിർത്താനാകുന്നില്ല. അതോടെ പള്ളിക്കലാറ്റിൽ വെള്ളം കുറയുമ്പോൾ കൃഷിയിറക്കും പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ്.

വെള്ളമെത്തിക്കുന്നതിന് ബദൽ മാർഗവുമില്ല. വെള്ളിയാഴ്ച പ്ലാസ്റ്റിക് ചാക്ക് എത്തിച്ച് അണയുടെ തകർന്ന ഷട്ടറിനുതാഴെ കെട്ടി വെള്ളം തിരിച്ച് ഏലായിലേക്ക് വിടാനുള്ള ശ്രമവും കർഷകർ നടത്തുന്നു. കാര്യമായി മഴലഭിക്കാത്തതാണ് ദുരിതം ഇരട്ടിയാക്കിയത്. വെള്ളം കിട്ടിയില്ലെങ്കിൽ ഇത്തവണ ഞാറ് നടാനും കഴിയാത്ത സ്ഥിതിയാണ്. 1999-ൽ ഏറ്റവും നല്ല ഏലായ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ നെൽക്കതിർ അവാർഡ് ലഭിച്ച പാടശേഖരമാണ് പ്രതിസന്ധി നേരിടുന്നത്.

നെൽക്കൃഷി ഉപേക്ഷിച്ചാൽ ഓണമ്പള്ളി ഏലായിൽ നികത്തലും വ്യാപകമാകും. നികത്തുന്നതിനെതിരേ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും നടപ്പാകുന്നുമില്ല.

അണ പുതുക്കിപ്പണിയണം

ഏലാകളിൽ കൃഷിക്ക് വെള്ളമെത്തിക്കുന്നതിന് പള്ളിക്കലാറിന് കുറുകേ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാണ് അണ. അണയിൽ വെള്ളം കെട്ടിനിർത്തി ചാലുകൾ വഴി ഏലാകളിലേക്ക് തിരിച്ചുവിടുകയാണ് രീതി. പണിതിട്ട് ഒന്നര നൂറ്റാണ്ടിലേറെയായി.

കുമ്മായവും മണലും പഞ്ചസാരയും ചേർത്തുള്ള മിശ്രിതമുപയോഗിച്ചാണ് നിർമാണം. പുരാതനകാലത്തെ തടിയാണ് ഇപ്പോഴും ഷട്ടറുകളായി ഉപയോഗിക്കുന്നത്. തടികൾ ദ്രവിച്ച് വിടവുകളായതോടെ പൂർണമായ തോതിൽ വെള്ളം കെട്ടിനിർത്താൻ കഴിയുന്നില്ല. അതിനാൽ ചാലിലൂടെ വെള്ളം ഏലാകളിലേക്ക് എത്തുന്നില്ല.

മഴക്കാലത്ത് ആറ്റിൽ വെള്ളമേറുമ്പോഴും അണയുടെ തകർച്ചകാരണം ഷട്ടറിട്ട് വെള്ളം കെട്ടിനിർത്താനും കഴിഞ്ഞില്ല. ഇത് ശൂരനാട്ട് വെള്ളപ്പൊക്കത്തിനും കാരണമാകുന്നുണ്ട്.

പാതിരിക്കലിൽ റെഗുലേറ്റർ കം ബ്രിഡ്ജ് പണിയുന്നതിന് വഴിപാടുപോലെ ഓരോ വർഷവും ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിവരുന്നു. എന്നാൽ പ്രാരംഭനടപടിപോലും ഉണ്ടായിട്ടില്ല.