പുനലൂർ സെയ്ന്റ് ഗൊരേറ്റി സ്കൂളിന് സി.എം.ഷീൽഡ് പുരസ്കാരം

ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് മത്സരം
പുനലൂർ :ഹയർ സെക്കൻഡറി വിഭാഗത്തിലെ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾക്കുവേണ്ടി സംസ്ഥാനതലത്തിൽ നടത്തിയ ചീഫ് മിനിസ്റ്റർ ഷീൽഡ് മത്സരത്തിൽ, പുനലൂർ സെയ്ന്റ് ഗോരേറ്റി എച്ച്.എസ്.എസിലെ റോവർ യൂണിറ്റിനു പുരസ്കാരം. 2024-26 വിദ്യാഭ്യാസവർഷത്തിൽ യൂണിറ്റ് വിവിധ മേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനം പരിഗണിച്ചാണിത്.
നിയമസഭാസമുച്ചയത്തിൽ, വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിച്ചു. ലഹരിവിരുദ്ധ പ്രചാരണം, റോഡ് സുരക്ഷ, സാന്ത്വനപരിചരണം, വിവരസാങ്കേതിക മേഖലയിലെ ബോധവത്കരണം, തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചാണ് സ്കൂൾ പുരസ്കാരം നേടിയെടുത്തത്.
ഇതിനായി വിവിധ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ഫ്ലാഷ്‌മോബുകൾ, പുനലൂർ തൂക്കുപാലത്തിൽ മനുഷ്യച്ചങ്ങല, പദയാത്ര തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നതായി പ്രിൻസിപ്പൽ എം. റാണി, ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.എസ്. ഷാലി, റോവർ സ്‌കൗട്ട് ലീഡർ റോയ് അലക്സ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ 43 വിദ്യാഭ്യാസ ജില്ലകളിൽനിന്നുള്ള ഏറ്റവും മികച്ച ഓരോ റെക്കോഡ് വീതമാണ് സംസ്ഥാനതല മത്സരത്തിൽ മൂല്യനിർണയത്തിന് വിധേയമാക്കിയത്. ഇതിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്ന് സംസ്ഥാനതല പുരസ്കാരത്തിന് അർഹമായ ഏക സ്കൂൾ സെയ്ന്റ് ഗോരേറ്റിയാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. റോവർ ലീഡർമാരായ ഡാൻ ഡയസ്, എബി ഫ്രാൻസിസ്, അജോ ഫെർണാണ്ടസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.