നഗരസഭയ്ക്കു മുന്നിലെ എൽ.ഡി.എഫ്. സമരം പിൻവലിച്ചു

​പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ തീരുമാനം

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ശുചീകരണത്തൊഴിലാളികളായി ജോലിചെയ്തുവന്ന താത്‌കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരേ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്കു മുന്നിൽ നടത്തിവന്ന സമരം പിൻവലിച്ചു.

എൽ.ഡി.എഫ്. നേതാക്കളും നഗരസഭാധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ തൊഴിലാളികളെ തിരിച്ചെടുക്കാൻ തീരുമാനമായതായും ഇതേത്തുടർന്നാണ് സമരം പിൻവലിച്ചതെന്നും എൽ.ഡി.എഫ്. നേതാക്കൾ അറിയിച്ചു. കഴിഞ്ഞ മാസം ആറിനാണ് താലൂക്ക്‌ ആശുപത്രിയിൽ 10 വർഷത്തിലേറെയായി ശുചീകരണത്തൊഴിലാളികളായി ജോലിചെയ്തുവന്ന കുടുംബശ്രീ പ്രവർത്തകരെ പിരിച്ചുവിട്ടത്. തുടർന്ന് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയന്റെയും (സി.ഐ.ടി.യു.) എൽ.ഡി.എഫിന്റെയും നേതൃത്വത്തിൽ നഴ്‌സിങ് സൂപ്രണ്ടിന്റെ ഓഫീസിൽ പ്രതിഷേധവും ഉപരോധവും സംഘടിപ്പിച്ചു.

പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. അതിനുശേഷം കരുനാഗപ്പള്ളി പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കാതെവന്നതോടെ എൽ.ഡി.എഫ്. നഗരസഭാ സമിതിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്കു മുന്നിൽ സമരം തുടങ്ങുകയായിരുന്നു. കഴിഞ്ഞദിവസം നഗരസഭാ ചെയർമാൻ പി. സോമരാജന്റെയും എൽ.ഡിഎ.ഫ്. നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന തീരുമാനം ഉണ്ടായതെന്നും എൽ.ഡി.എഫ്. നേതാക്കൾ അറിയിച്ചു.

തുടർന്ന് സമരവേദിയിൽ ചേർന്ന യോഗം സി.പി.എം. ഏരിയ സെക്രട്ടറി എ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുഞ്ഞ് അധ്യക്ഷനായി. സി.പി.ഐ. മണ്ഡലം സെക്രട്ടറി ജഗത്ജീവൻ ലാലി, സി.ഐ.ടി.യു. ഏരിയ സെക്രട്ടറി ബി.എ. ബ്രിജിത്ത്, ബി. ഗോപൻ തുടങ്ങിയവർ സംസാരിച്ചു.