ഓച്ചിറക്കളിക്ക് ഫോക്ലോർ അക്കാദമിയുടെ അംഗീകാരം നൽകും- പി.സി. വിഷ്ണുനാഥ്

ഓച്ചിറ : നൂറ്റാണ്ടിനു മുകളിൽ പാരമ്പര്യമുള്ള അനുഷ്ഠാനകലയായ ഓച്ചിറക്കളിക്ക് കേരള ഫോക്ലോർ അക്കാദമിയുടെ അംഗീകാരം നൽകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടത്തിയ സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സി.ആർ. മഹേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ, ക്ഷേത്ര ഭരണസമിതി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് അംഗീകാരം ലഭിക്കുന്നത്. ഓച്ചിറക്കളിയെ അക്കാദമിയുടെ അംഗീകൃത നാടൻകലാരൂപങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ക്ഷേത്ര ഭരണസമിതിയുടെ വിശദമായ അപേക്ഷ, എം.എൽ.എ.യുടെ ശുപാർശക്കത്ത്, അനുബന്ധരേഖകൾ എന്നിവയോടെ അക്കാദമിക്ക് രണ്ടു മാസം മുൻപ് കൈമാറിയിരുന്നു.
തുടർന്ന് ഓച്ചിറക്കളിയുടെ ചരിത്രം, പൈതൃകം, ശാസ്ത്രീയമായ ഡോക്യുമെന്റേഷൻ, പാരമ്പര്യ കലാകാരന്മാരുടെ വിവരങ്ങൾ, ആധികാരിക ചരിത്രരേഖകൾ, പാശ്ചാത്യരുൾപ്പെടെയുള്ള സാമൂഹിക-നരവംശ ശാസ്ത്രജ്ഞരുടെ പ്രബന്ധങ്ങൾ, നിരീക്ഷണങ്ങൾ തുടങ്ങിയവയടങ്ങുന്ന പ്രോജക്ട് - പഠന റിപ്പോർട്ടുകളും അക്കാദമിക്കു സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.
ഈ കലാരൂപത്തെ ഫോക്ലോർ അക്കാദമിയിൽ അഫിലിയേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ‘മാതൃഭൂമി’ നിരന്തരം വാർത്ത നൽകിയിരുന്നതായും ഇതിന്റെ പ്രോജക്ട്-പഠന റിപ്പോർട്ട് തയ്യാറാക്കിയത് ഓച്ചിറ ലേഖകൻ റെജി എസ്.തഴവയാണെന്നും ക്ഷേത്ര ഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ് പറഞ്ഞു.