മഹാഗണപതിക്ഷേത്രത്തിലെ വികസന പദ്ധതികൾക്ക് അംഗീകാരം

കൊട്ടാരക്കര : മഹാഗണപതിക്ഷേത്രത്തിൽ വിവിധ വികസനപദ്ധതികൾ നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ബോർഡ് അംഗം കെ. രാജു ക്ഷേത്രം സന്ദർശിച്ചു തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഉപദേശകസമിതിയുമായും ദേവസ്വം ഉദ്യോഗസ്ഥരുമായും ചർച്ചനടത്തിയാണ് നടപ്പാക്കേണ്ട പദ്ധതികളുടെ പട്ടിക ബോർഡിനു മുമ്പിൽ സമർപ്പിച്ചത്.
നാലമ്പലത്തിന്റെ പുനർനിർമ്മാണം, കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ നവീകരണം, പ്രവേശനപാത നവീകരിക്കൽ, പാർക്കിങ് ഗ്രൗണ്ട് വികസനം തുടങ്ങിയ പദ്ധതികൾക്ക് ബോർഡ് യോഗം അംഗീകാരം നൽകി. ദേവസ്വത്തിന്റെ അധിക ഭൂമിയും ദേവസ്വം ബോർഡ് വാങ്ങിയ 93 സെന്റ് ഭൂമിയും പ്രയോജനപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളുമുണ്ട്. പ്രവേശനഗോപുരം നിർമാണം, ശീവേലിപ്പാതയുടെ ക്രമരാഹിത്യം പരിഹരിക്കൽ, ഉണ്ണിയപ്പനിർമാണം ആധുനികീകരണം, സി.സി.ടി.വി.കൾ പ്രവർത്തന സജ്ജമാക്കൽ, മാലിന്യസംസ്കരണ സംവിധാനം, ഡ്രെയിനേജ്, ദേവസ്വം ഗസ്റ്റ് ഹൗസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടം എന്നിവയുടെ നവീകരണം തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. മഹാഗണപതിക്ഷേത്രം വികസനത്തിനായി മാസ്റ്റർപ്ലാൻ പ്രഖ്യാപനം പലകുറി നടത്തിയെങ്കിലും ഒന്നും നടപ്പായില്ല. സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പിൽഗ്രിം അമിനിറ്റി സെന്ററും (ഷോപ്പിങ് കോംപ്ലക്സ്) കടലാസിൽ തന്നെ ഒതുങ്ങുകയാണ്. 18 മുറികളോടുകൂടിയ നാലുനില കെട്ടിടം നിർമിക്കുന്നതാണ് പദ്ധതി. ദേവസ്വം ബോർഡിനു പ്രയോജനം ചെയ്യുന്നതാണോ കെട്ടിടം എന്നു പരിശോധിക്കാനും പ്രസിഡന്റ് കെ. ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രധാന തീരുമാനങ്ങൾ
നാലമ്പലത്തിന്റെ ജീർണത പരിഹരിച്ച് ചെമ്പോലപാകാൻ അടങ്കൽ തയ്യാറാക്കും
സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഷോപ്പിങ് കോംപ്ലക്സ് ദേവസ്വം ബോർഡിന്റെ ആവശ്യങ്ങൾക്ക് ഉപയുക്തമാണോ എന്ന് പരിശോധിക്കാൻ ബോർഡുതല യോഗം വിളിക്കും
ക്ഷേത്രക്കുളം നവീകരണം, രസീത് കൗണ്ടറുകൾ മാറ്റിസ്ഥാപിക്കൽ, ശൗചാലയ കോംപ്ലക്സ് മാറ്റിസ്ഥാപിക്കൽ എന്നിവയ്ക്ക് അടങ്കൽ തയ്യാറാക്കും.
നാലമ്പലത്തിന്റെ പുനർനിർമാണം മറ്റു നിർമാണങ്ങൾ എന്നിവയ്ക്കു സ്ഥാനം കാണാൻ കാണിപ്പയ്യൂർ നമ്പൂതിരിപ്പാടിന്റെ സേവനം തേടും.
ദേവസ്വം ബോർഡ് വിലയ്ക്കുവാങ്ങിയ സ്ഥലം പാർക്കിങ് ഗ്രൗണ്ട് ആക്കുന്നതിനുള്ള സാധ്യത തേടും.