ശുചീകരണത്തൊഴിലാളികളെ പിരിച്ചുവിട്ട സംഭവം: എൽ.ഡി.എഫ്. സമരം തുടങ്ങി

കരുനാഗപ്പള്ളി :കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ശുചീകരണത്തൊഴിലാളികളായി ജോലിചെയ്തുവരുന്ന കുടുംബശ്രീ പ്രവർത്തകരെ പിരിച്ചുവിട്ടതിനെതിരേ നഗരസഭയ്ക്കു മുന്നിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ അനിശ്ചിതകാലസമരം തുടങ്ങി. പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെകൂടി നേതൃത്വത്തിലാണ് സമരം. ഒരു മുന്നറിയിപ്പുമില്ലാതെയാണ് 12 ശുചീകരണത്തൊഴിലാളികളെ പിരിച്ചുവിട്ടതെന്ന് എൽ.ഡി.എഫ്. ആരോപിക്കുന്നു. പകരം 12 പേരെ നിയമിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. സമരം തുടങ്ങിയത്.

കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിനു സമീപത്തുനിന്ന്‌ ആരംഭിച്ച പ്രതിഷേധപ്രകടനം നഗരസഭയ്ക്കു മുന്നിൽ സമാപിച്ചു. തുടർന്നു ചേർന്ന യോഗം സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.എസ്. താര ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുഞ്ഞ് അധ്യക്ഷനായി. എൽ.ഡി.എഫ്. നേതാക്കളായ എ. അനിരുദ്ധൻ, പി.ആർ. വസന്തൻ, പി.കെ. ബാലചന്ദ്രൻ, ബി. സജീവൻ, അബ്ദുൽ സലാം അൽഹന, ആർ. രവി, പ്രവീൺ മനക്കൽ, ജെ. ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.