പുനലൂർ ഉപജില്ലാ കലോത്സവത്തിൽ വീണ്ടും സെയ്ന്റ് ഗൊരേറ്റി

പുനലൂർ : അഞ്ചുദിവസമായി പുനലൂർ താലൂക്ക് സമാജം സ്‌കൂളുകളിൽ നടന്നുവന്ന പുനലൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം സമാപിച്ചു. പൊതുവിഭാഗത്തിൽ 550 പോയിന്റ് നേടി ഇക്കൊല്ലവും പുനലൂർ സെയ്ന്റ് ഗൊരേറ്റി എച്ച്.എസ്.എസ്. ജേതാക്കളായി.

479 പോയിന്റ് നേടി പുനലൂർ സർക്കാർ എച്ച്.എസ്.എസും ആവണീശ്വരം എ.പി.പി.എം. വി.എച്ച്.എസ്.എസും രണ്ടാംസ്ഥാനം പങ്കിട്ടു. 389 പോയിന്റ് നേടി പത്തനാപുരം സെയ്ന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്. മൂന്നാംസ്ഥാനത്തെത്തി.

എൽ.പി. വിഭാഗത്തിൽ 65 പോയിന്റ് നേടി കമുകുംചേരി സർക്കാർ ന്യൂ എൽ.പി.എസും യു.പി. വിഭാഗത്തിൽ 76 പോയിന്റ് വീതം നേടി ആര്യങ്കാവ് സെയ്ന്റ് മേരീസ്, പത്തനാപുരം എം.ടി. സ്‌കൂളുകളും ഹൈസ്‌കൂൾ വിഭാഗത്തിൽ 246 പോയിന്റ് നേടി പുനലൂർ സെയ്ന്റ് ഗൊരേറ്റി സ്‌കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 256 പോയിന്റ് നേടി പുനലൂർ സർക്കാർ എച്ച്.എസ്.എസും ജേതാക്കളായി. ആവണീശ്വരം എ.പി.പി.എം. സ്‌കൂൾ 90 പോയിന്റുമായി യു.പി. വിഭാഗത്തിലും 84 പോയിന്റുമായി ഹൈസ്‌കൂൾ വിഭാഗത്തിലും സംസ്‌കൃതോത്സവ ജേതാക്കളായി.

എൽ.പി. വിഭാഗം അറബിക്‌ കലോത്സവത്തിൽ 45 പോയിന്റ് വീതം നേടി വാളക്കോട് ചൈതന്യ എൽ.പി.എസ്., പുനലൂർ പി.എം.ജി.യു.പി.എസ്., പുനലൂർ സെയ്ന്റ് ജോൺസ്, ഇളമ്പൽ ടി.വി.ടി.എം., വിളക്കുടി ജി.എൽ.എൽ.പി.എസ്., കാര്യറ ജി.എൽ.പി.എസ്., ഇടത്തറ മുഹമ്മദൻ സ്‌കൂളുകൾ ഒന്നാംസ്ഥാനം പങ്കിട്ടു. യു.പി. വിഭാഗത്തിൽ 65 പോയിന്റ് നേടി വിളക്കുടി ഡി.ബി.യു.പി.എസ്. ജേതാക്കളായി. ഹൈസ്‌കൂൾ വിഭാഗത്തിൽ 95 പോയിന്റ് നേടി ആവണീശ്വരം എ.പി.പി.എം. സ്‌കൂളാണ് ജേതാക്കളായത്. സമാപനസമ്മേളനം പുനലൂർ നഗരസഭാ ഉപാധ്യക്ഷ കെ. പ്രഭ ഉദ്ഘാടനം ചെയ്തു. പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ഗോപിനാഥ് അധ്യക്ഷയായി. എ.ഇ.ഒ. ആർ.എസ്. ബിജുകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഒടുക്കം ഉന്തുംതള്ളും

:പുനലൂർ ഉപജില്ലാ കലോത്സവം സമാപിച്ചത് സംഘർഷത്തിൽ. മത്സരജേതാക്കൾക്ക് എവർറോളിങ് ട്രോഫിക്കു പകരം മറ്റൊരു ചെറിയ ട്രോഫി നൽകാനുള്ള സംഘാടകരുടെ നീക്കം സ്‌കൂളിനെ പ്രതിനിധാനംചെയ്ത്‌ എത്തിയവർ ചെറുത്തതാണ് സംഘർഷത്തിൽ കലാശിച്ചത്. എൽ.പി.വിഭാഗം ജേതാക്കളായ കമുകുംചേരി സർക്കാർ എൽ.പി.എസിലെ കുട്ടികൾക്കാണ് സംഘാടകർ ചെറിയ ട്രോഫി നൽകാൻ ശ്രമിച്ചത്. കഴിഞ്ഞവർഷം ട്രോഫി നേടിയ സ്‌കൂൾ ഇത് സമയബദ്ധമായി തിരിച്ചേൽപ്പിക്കാതിരുന്നതാണത്രേ കാരണം. വലിയ എവർറോളിങ് ട്രോഫിക്കുപകരം മറ്റൊരു ചെറിയ ട്രോഫി സംഘടിപ്പിച്ച് നൽകാൻ ശ്രമിച്ചത് വേദിയിൽ കുട്ടികൾക്കൊപ്പമെത്തിയ രക്ഷിതാക്കൾ ചോദ്യംചെയ്തു. ഇത് വലിയ തർക്കത്തിലും തുടർന്ന് ഉന്തിലുംതള്ളിലും കലാശിച്ചു. ഇതോടെ നിമിഷങ്ങൾക്കുള്ളിൽ വേദി സംഘർഷഭരിതമായി. ഒടുവിൽ പോലീസ് എത്തിയാണ് സംഘർഷത്തിന് അയവുവരുത്തിയത്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഒരു സർക്കാർ സ്‌കൂളിലെ വിദ്യാർഥികളെ അപമാനിക്കുകയാണ് സംഘാടകർ ചെയ്തതെന്ന് സ്‌കൂളിലെ എസ്.എം.സി. ഭാരവാഹികൾ പിന്നീട് പ്രതികരിച്ചു. ഈ നടപടി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നും ഇതിനെതിരേ നിയമപരമായി നീങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.