കുരീപ്പുഴ പാലത്തിനു താഴെ അടിപ്പാതനിർമാണം തുടങ്ങി

മുക്കാട് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം
കൊല്ലം : മുക്കാട് നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. കാവനാട്-കുരീപ്പുഴ പാലത്തിനടയിലൂടെ പുതിയ അടിപ്പാതയുടെ നിർമാണം തുടങ്ങി. മുക്കാട് ഉൾപ്പെടെ ഏഴ് തുരുത്തുകളിലുള്ളവർക്കും മീനത്തുചേരി ഡിവിഷനിൽപ്പെട്ട യാത്രക്കാർക്കുമാണ് പുതിയ റോഡ് ആശ്വാസമാകുന്നത്. തുരുത്തുകളിലുള്ളവർ ഫാത്തിമ ഐലൻഡ് പാലത്തിലൂടെ പി.ഡബ്ല്യു.ഡി. റോഡ് വഴിയാണ് ദേശീയപാതയിൽ എത്തിയിരുന്നത്. നിർമാണത്തിന്റെ ഭാഗമായി കാവനാട് ഭാഗത്തേക്ക് ദേശീയപാതയ്ക്കു കുറുകേ കയറിയിരുന്ന ഭാഗം അടച്ചിരുന്നു. ദേശീയപാതനിർമാണം പൂർത്തിയായാലും മുക്കാട്ടുനിന്ന് കാവനാട് ഭാഗത്തേക്ക് പോകാൻ മറ്റു വഴികളൊന്നും നിലവിലുണ്ടായിരുന്നില്ല. ഇതോടെ മുക്കാട് ഇടവക വികാരി ഫാ. ജോൺ പോൾ, കൗൺസിലർ ദീപു ഗംഗാധരനും പ്രദേശവാസികളുമായി ചർച്ച നടത്തി. തുടർന്ന് കുരീപ്പുഴ പാലത്തിന്റെ അടിയിലൂടെ മുക്കാട് നിവാസികൾക്ക് യാത്രചെയ്യാൻ കഴിയത്തക്കവിധത്തിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി.ക്കും ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും നിവേദനം നൽകുകയും ചെയ്തു. എം.പി. പ്രോജക്ട് ഡയറക്ടറുമായി സംസാരിക്കുകയും ജൂണിൽ എൻ.എച്ച്.എ.ഐ. അധികൃതരും നിർമാണ കമ്പനിയുമായി ചർച്ച നടത്തിയശേഷം സ്ഥലം സന്ദർശിക്കുകയും ചെയ്തു. സാങ്കേതികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി, പാലത്തിനടിയിൽക്കൂടി അടിപ്പാത നിർമിച്ചുനൽകാമെന്ന് നാഷണൽ ഹൈവേ അതോറിറ്റിയും നിർമാണ കമ്പനിയും ഉറപ്പുനൽകി. തുരുത്തുകളിലുള്ളവർ നിലവിൽ ആൽത്തറമൂട്ടിലെത്തി അടിപ്പാത വഴിയാണ് സഞ്ചരിക്കുന്നത്. രണ്ടു സർവീസ് റോഡുകളെയും ബന്ധിപ്പിച്ച് ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനാകുന്ന വിധത്തിലാണ് അടിപ്പാത നിർമിക്കുന്നത്. കാവനാടുഭാഗത്തുനിന്നു വന്ന് അവസാനിക്കുന്ന ഓടയോടുചേർന്ന് 20 മീറ്ററിൽ എട്ടടിയോളം താഴ്ചയിൽ സൈഡ് വോൾ നിർമാണം തുടങ്ങി. സർവീസ് റോഡിലൂടെ ഇരുവശത്തേക്കും യാത്ര ചെയ്യാമെങ്കിലും ഇവിടെ വീതി കുറവായതിനാൽ വലിയ വാഹനങ്ങൾ പോകണമെങ്കിൽ ആൽത്തറമൂട്ടിലെത്തി യാത്ര ചെയ്യുകയേ നിവർത്തിയുള്ളൂ.
അടിപ്പാത പ്രദേശവാസികൾക്ക് ഉപകാരപ്രദം
:ഏകദേശം ഒരു വർഷത്തോളമായി കൃത്യമായ ഇടപെടലുകളിലൂടെയാണ് അടിപ്പാത യാഥാർഥ്യമാക്കാൻ കഴിഞ്ഞത്. ആൽത്തറമൂട് അടിപ്പാതയിൽക്കൂടി കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും യാത്ര ചെയ്യുമ്പോൾ ഒട്ടേറെ അപകടങ്ങൾ സംഭവിക്കുന്നുണ്ട്. പ്രദേശവാസികൾക്ക് അണ്ടർപാസ് വളരെയേറെ ഉപകാരപ്രദമാകും.
-ദീപു ഗംഗാധരൻ
(കൗൺസിലർ, മീനത്തുചേരി)