ഇടയ്ക്കാട്ടിലെ കെ.ഐ.പി.കനാൽ പ്രശ്നം; ബി.ജെ.പി. സമരത്തിലേക്ക്

ശാസ്താംകോട്ട : പോരുവഴി ഇടയ്ക്കാട്ടിലെ കെ.ഐ.പി.കനാലുകളുടെ നവീകരണവും വൃത്തിയാക്കലും നടത്തി ജലവിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. സമരത്തിനൊരുങ്ങുന്നു. അതിനു മുന്നോടിയായി അഞ്ഞൂറുപേർ ഒപ്പിട്ട നിവേദനം കെ.ഐ.പി.യിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി.
ഇടയ്ക്കാട്ടിലെ രണ്ടുമുതൽ അഞ്ചുവരെയുള്ള വാർഡുകളിലൂടെ കടന്നുപോകുന്ന കനാലുകളിലാണ് തുറന്നുവിടുന്ന അവസരങ്ങളിൽ സ്ഥിരമായി വെള്ളമെത്താത്തത്. കനാലുകളിൽ നവീകരണജോലികൾ നടക്കാത്തതിനാൽ കാടുവളർന്ന് വള്ളിപ്പടർപ്പുകളും കയറി കിടക്കുകയാണ്. മാലിന്യവും നിറഞ്ഞു. അതിനാൽ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യുന്നു.
വേനൽക്കാലത്ത് ഇടയ്ക്കാട്ടിൽ കിണറുകൾ വറ്റുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഏക ആശ്രയം കെ.ഐ.പി. കനാലാണ്. വേനൽക്കാലത്ത് കനാലിലെ വെള്ളം കിണറുകളിലെത്തിയാണ് ജലക്ഷാമം പരിഹരിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വേനൽക്കാലത്തിനുമുൻപ് കനാൽ വൃത്തിയാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. ഇടയ്ക്കാട് കിഴക്ക് ഏരിയ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്.
സമരത്തിന്റെ ആദ്യഘട്ടമായി പോരുവഴി പഞ്ചായത്ത് സെക്രട്ടറി, അടൂർ കെ.ഐ.പി. എക്സിക്യുട്ടീവ് എൻജിനിയർ, കൊട്ടാരക്കര സൂപ്രണ്ടിങ് എൻജിനിയർ എന്നിവർക്ക് ഏരിയ പ്രസിഡന്റ് ബാലചന്ദ്രന്റെ നേതൃത്വത്തിൽ നിവേദനം നൽകി. സംസ്ഥാനസമിതി അംഗം അജിമോൻ, മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് വിശ്വേശ്വരി, ഏരിയ ജനറൽ സെക്രട്ടറി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് രമ കാർത്തികേയൻ, മോഹനൻ, ശ്രീനാഥ്, ലിജോ എന്നിവർ പങ്കെടുത്തു. പ്രശ്നത്തിന് പരിഹാരമില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി പാർട്ടി മുന്നോട്ടുപോകുമെന്ന് ബാലചന്ദ്രൻ അറിയിച്ചു.