ഡിജിറ്റൽ കുരങ്ങന്റെ മോഹം അവസാനിച്ച കഥ

#ദേവനന്ദ, എറണാകുളം

രിക്കൽ നീലഗിരി കാട്ടിൽ ചുണയൻ എന്നൊരു കുരങ്ങൻ ജീവിച്ചിരുന്നു. മറ്റ് കുരങ്ങൻമാർ മരങ്ങളിൽ കുത്തിമറിയുമ്പോൾ ചുണയന്റെ പണി മറ്റൊന്നായിരുന്നു. കാട്ടിലേക്കുവരുന്ന വിനോദസഞ്ചാരികളുടെ ഫോണിൽ നോക്കിയിരിപ്പ്. അവർ പോസ്റ്റുകളിടുന്നതും റീലെടുക്കുന്നതും അവൻ കൗതുകത്തോടെ നിരീക്ഷിച്ചു.

അങ്ങനെ ഒരിക്കൽ ഒരു വിനോദസഞ്ചാരി തന്റെ വിലകൂടിയ സ്മാർട്ട്ഫോൺ കാട്ടിലെ ഒരു പാറയിൽവെച്ചുമറന്നു. കിട്ടിയ തക്കത്തിന് ചുണയൻ അത് കൈക്കലാക്കി. പിന്നെ സംഗതികളൊക്കെ പെട്ടെന്നായിരുന്നു. ചുണയൻ എങ്ങനെയൊക്കെയോ ഫോൺസ്‌ക്രീൻ അൺലോക്ക് ചെയ്തു.

ആളുകൾ ഫോൺ ഉപയോഗിക്കുന്നത് കണ്ടുപഠിച്ച ചുണയന് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കാൻ വലിയ പാടൊന്നും ഉണ്ടായിരുന്നില്ല. ഡിജിറ്റൽ കുരങ്ങൻ എന്നാണവൻ തന്റെ അക്കൗണ്ടിന് പേര് നൽകിയത്.

പിന്നെ അവൻ പല പോസിലുള്ള സെൽഫിയും ചെറിയ വീഡിയോകളും സ്റ്റോറികളും അതിൽ പോസ്റ്റ് ചെയ്തുതുടങ്ങി. 'ഹായ് ഗയ്സ്... ഇന്നുഞാൻ തിന്നാൻ പോകുന്നത് വാഴപ്പഴം' തുടങ്ങി കാട്ടിൽ സിംഹവും പുലിയും കിടന്നുറങ്ങുന്നതുവരെ അവന് കണ്ടന്റായി. ഡിജിറ്റൽ കുരങ്ങന് ഫോളോവേഴ്സ് കൂടി. ആള് വൈറലായി, വേറെ ലെവലായി.

എന്തായാലും ഇതിനിടെ അവൻ മരംകേറ്റവും മരഞ്ചാട്ടവും തീറ്റതേടലും തുടങ്ങി ഒരു കുരങ്ങനുവേണ്ട കഴിവുകളൊക്കെ മറന്നിരുന്നു. ചുണയന്റെ ശരീരം തടിച്ചുകൊഴുത്തു. അവന് നേരാംവണ്ണം അനങ്ങാൻതന്നെ ബുദ്ധിമുട്ടായിത്തുടങ്ങി.

ഒരുദിവസം കാട്ടിൽ കനത്ത മഴയും കൊടുങ്കാറ്റും വന്നു. മരങ്ങൾ ആടിയുലഞ്ഞു. മറ്റ് കുരങ്ങൻമാർ സുരക്ഷിതസ്ഥാനത്തേക്ക് മാറിയപ്പോഴും ചുണയൻ ഇരുന്ന് വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ''ഗയ്സ്... വളരെ അപകടകരമായ സാഹചര്യത്തിലാണ് ഞാനിപ്പോഴുള്ളത്...'' ചുണയൻ പറഞ്ഞുതീരും മുൻപ് അവനിരുന്ന മരം കാറ്റിൽപ്പെട്ട് ആടിയുലഞ്ഞ് കടപുഴകിവീണു. മരഞ്ചാട്ടമെല്ലാം മറന്ന ചുണയനാകട്ടെ പൊത്തോ എന്ന് നിലത്തുവീണ് നടുവൊടിഞ്ഞു. ഫോൺ പൊട്ടിച്ചിതറി.

വൈറലായ ചുണയൻ എയറിലാവാൻ വലിയതാമസം വേണ്ടിവന്നില്ല. എന്നാലും അതോടെ ചുണയന്റെ ഡിജിറ്റൽ മോഹം അവസാനിച്ചു.

ഗുണപാഠം: സാങ്കേതികവിദ്യ നല്ലതാണ്. എന്നാൽ അത് നമ്മുടെ കഴിവുകളെ വളർത്താനും മെച്ചപ്പെടുത്താനും വേണ്ട രീതിയിൽ മിതമായിവേണം ഉപയോഗിക്കാൻ.

Content Highlights: Over-obsession with digital devices leads to the loss of basic survival skills