ഒരിക്കൽ നമ്മളും ചന്ദ്രനിലേക്ക് ഒരു യാത്ര പോകുമോ? ഗൗതം എസ്. നാരായണൻ എഴുതിയ കുറിപ്പ്
റൈസ് ഇൻഡിക്കേറ്ററുമായി ലൂക്ക യി
ഭൂമിയിൽ യുദ്ധം നടക്കുന്നു. അപ്പോൾ അവിടെ ആകാശവും കടന്ന്, ശാസ്ത്രം നൽകിയ ചിറകിൽ, ചന്ദ്രനെ ലക്ഷ്യമാക്കി നാലുപേർ കുതിച്ചു- വിക്ടർ ഗ്ലോവർ, ജെറമി ഹാൻസൻ, റീഡ് വൈസ്മാൻ, ക്രിസ്റ്റീനാ കോച്ച്.
ഇവർക്ക് കുറെ പ്രത്യേകതകളുണ്ട്. ചാന്ദ്രയാത്ര നടത്തുന്ന ആദ്യ കറുത്ത വംശജനാണ് വിക്ടർ ഗ്ലോവർ. ചാന്ദ്രയാത്ര നടത്തുന്ന ആദ്യവനിതയായി ക്രിസ്റ്റീനാ കോച്ചും. റീഡ് വൈസ്മാനായിരുന്നു മിഷൻ കമാൻഡർ. മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവറും.
അൻപത്തിമൂന്നുവർഷത്തിനുശേഷമാണ് നാം വീണ്ടും ചന്ദ്രനിലേക്ക് പറന്നത്. പതിനൊന്നുലക്ഷം കിലോമീറ്റർ താണ്ടി, പത്തുദിവസം നീളുന്ന ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയായി. 2026 ഏപ്രിൽ 1-ന് ഫ്‌ളോറിഡയിൽ നിന്ന് വിക്ഷേപിച്ച ആർട്ടമിസ് II പേടകം, 10 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം 2026 ഏപ്രിൽ 10-ന് (ഇന്ത്യൻ സമയം ഏപ്രിൽ 11) പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി തിരിച്ചിറങ്ങി.
ഈ ദൗത്യത്തിലെ അംഗങ്ങളുടെ സ്പെയ്‌സ്സൂട്ടുകൾക്ക് ഓറഞ്ചുനിറമാണ്. സമുദ്രത്തിലിറങ്ങിയശേഷം പെട്ടെന്ന് കണ്ടെത്താനാണിത്. പേടകത്തിലെ മർദം നഷ്ടപ്പെട്ടാലും ആറുദിവസംവരെ അതിജീവിക്കാനുള്ള സംവിധാനം ഈ സ്പെയ്‌സ്സൂട്ടിലുണ്ടായിരുന്നു.
സ്പെയ്‌സ് ലോഞ്ച് സിസ്റ്റം (SLS) എന്ന കൂറ്റൻ റോക്കറ്റിലാണ് യാത്രികർ ഓറിയോൺ പേടകത്തിൽ ചന്ദ്രനിലേക്ക് കുതിച്ചത്. ചന്ദ്രന്റെ 6450 കിലോമീറ്റർ മുകളിൽക്കൂടി അവർ സഞ്ചരിച്ചു.
ഈ ദൗത്യത്തിലെ സീറോ-ഗ്രാവിറ്റി ഇൻഡിക്കേറ്റർ 'റൈസ്' എന്ന് പേരിട്ട ഒരു പാവയാണ് എന്നത് അറിഞ്ഞുകാണുമല്ലോ. ബഹിരാകാശദൗത്യങ്ങളിൽ ഗ്രാവിറ്റിയില്ലാതാകുന്നത് യാത്രികർക്ക് അറിയാനാണ് സീറോ-ഗ്രാവിറ്റി ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുന്നത്.
റൈസിനെ ഡിസൈൻ ചെയ്തത് ന്യൂയോർക്കിലെ ലൂക്ക യി (Lucas Ye) എന്ന എട്ടുവയസ്സുള്ള കുട്ടിയാണ്. രസകരം, അല്ലേ?
ആർട്ടമിസ് II-നുശേഷം 2027-ൽ വിക്ഷേപിക്കാൻ പോകുന്ന ആർട്ടമിസ് III, 2028-ൽ വിക്ഷേപിക്കുന്ന ആർട്ടമിസ് IV... അങ്ങനെ, ചാന്ദ്രനേട്ടങ്ങളുടെ ഒരു പെരുമഴതന്നെയാണ് ഇനി നമ്മെ കാത്തിരിക്കുന്നത്.
2028-ൽത്തന്നെ വിക്ഷേപിക്കുന്ന ആർട്ടമിസ് V, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു സ്ഥിരതാവളം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതായിരിക്കാം ചന്ദ്രനെ മറ്റൊരു ഭൂമിയാക്കാനുള്ള ദീർഘകാല മനുഷ്യസ്വപ്നത്തിന്റെ തുടക്കം.
ഒരിക്കൽ നമ്മളും ചന്ദ്രനിലേക്ക് ഒരു യാത്ര പോകുമോ? കാത്തിരിക്കാം…
ഗൗതം എസ്. നാരായണൻ, വിഎച്ച്എസ്എസ് കൂത്താളി
Content Highlights: Discover the historic Artemis II mission details, crew highlights, and future lunar exploration plans