ഝാൻസിറാണി മുതൽ അക്കമ്മ ചെറിയാൻ വരെ; ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പെൺകരുത്ത്

#സുരേന്ദ്രന്‍ ചീക്കിലോട്

പുരുഷന്മാരോടൊപ്പം തോളോട് തോൾ ചേർന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ മുമ്പോട്ട് നയിച്ച ധീര ദേശാഭിമാനികളായ സ്ത്രീകളുടെ ഒരു വൻ നിര തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലുണ്ട്. 1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണ ഘട്ടത്തിൽ സജീവ പങ്കാളിത്തം വഹിച്ചവരും 1890 ൽ കോൺഗ്രസിന്റെ യോഗത്തിൽ പ്രതിനിധികളായവരുമാണ് ഇന്ത്യയിലെ ആദ്യത്തെ വനിത നോവലിസ്റ്റായ കുമാരി ഗോഷാലും ആദ്യത്തെ വനിതാ ഗ്രാജുവേറ്റായ കാദംബരി ഗാംഗുലിയും. 1915 ൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചപ്പോൾ സരോജിനി നായിഡു, ഊർമ്മിള ദേവി, ദുർഗാഭായ് ദേശ്മുഖ്, അമ്പുജാമ്മാൾ, ബസന്തി ദേവി, കൃഷ്ണാഭായ് എന്നീ സ്ത്രീരത്‌നങ്ങൾ ഗാന്ധിജിക്കൊപ്പം മുൻനിര നേതാക്കളായി അണിനിരന്നിരുന്നു. രാജകുമാരി അമൃത കൗൾ, സുചേതന കൃപാലിനി, സരളാദേവി, മുത്തുലക്ഷ്മി റാണി, സുശീല നായർ, അരുണ ആസഫ് അലി എന്നിവർ ഗാന്ധിജിയോടൊപ്പം നിസ്സഹകരണ സമരത്തിൽ പങ്കെടുത്ത സ്ത്രീകളായിരുന്നു. ജവഹർലാൽ നെഹ്‌റുവിന്റെ ഭാര്യയായിരുന്ന കമലാ നെഹ്‌റുവും സഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റും സ്വാതന്ത്ര്യ സമരത്തിൽ തങ്ങളുടെ പങ്ക് നിറവേറ്റിയിട്ടുണ്ട്. സഹനസമരത്തിൽ ഗാന്ധിജിയുടെ വലംകൈയായിരുന്ന കസ്തൂർബാ ഗാന്ധി ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും പലതവണ അറസ്റ്റ് വരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഝാൻസി റാണി: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വനിതയായി അറിയപ്പെടുന്ന സ്ത്രീരത്‌നമാണ് ഝാൻസി റാണി. ദത്താവകാശനിരോധന നിയമത്തിന്റെ പേരിൽ ബ്രിട്ടീഷുകാർ ലക്ഷ്മി ഭായിക്കും ദത്തുപുത്രനും രാജ്യാവകാശം നിഷേധിച്ചപ്പോൾ ഊരിപ്പിടിച്ച വാളുമായി ബ്രിട്ടീഷുകാർക്കെതിരെ ഇഞ്ചോടിഞ്ച് പോരാടി 1858 ൽ രക്തസാക്ഷിത്വം വരിച്ച സ്വാതന്ത്രസമര പോരാളിയാണ് അവർ.

കിത്തൂരിലെ ചിന്നമ്മ: ഒന്നാം സ്വാതന്ത്ര്യ സമരത്തിന് 33 വർഷം മുമ്പ് തന്നെ 1824 ൽ ദത്താവകാശം അംഗീകരിക്കാത്തതിനാൽ ബ്രിട്ടീഷുകാരോട് പടപൊരുതി രക്തസാക്ഷിത്വം വരിച്ച മറ്റൊരു ധീരവനിതയാണ് കർണാടകയിലെ കിത്തൂരിലെ റാണിയായിരുന്ന ചിന്നമ്മ. ബ്രിട്ടീഷുകാർക്കെതിരെ ഇഞ്ചോടിഞ്ച് പടപൊരുതി പലവട്ടം ബ്രിട്ടീഷ് സൈന്യത്തെ കീഴ്‌പ്പെടുത്തുകയും അവസാനം ബ്രിട്ടീഷുകാരുടെ തടവറയിൽ കിടന്ന് 1829 ൽ രക്തസാക്ഷിത്വം വരിയ്ക്കുകയും ചെയ്ത വനിതയാണ് അവർ. ചിന്നമ്മയോടുള്ള ആദരസൂചകമായി 2007 ൽ ഇന്ത്യൻ പാർലമെൻറ്‌ സമുച്ചയത്തിൽ അവരുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ബീഗം ഹസ്രത്ത് മഹൽ: ബ്രിട്ടീഷുകാർക്കെതിരെ വീറോടെ പടപൊരുതിയ മറ്റൊരു ഭരണാധികാരിയായിരുന്നു അവധിലെ ബീഗം ഹസ്രത്ത് മഹൽ. പത്ത് വയസ്സ് മാത്രം പ്രായമായ മകനെ ബീഗം അവധിലെ നവാബായി പ്രഖ്യാപിച്ചപ്പോൾ ബ്രിട്ടീഷുകാർ എതിർത്തു. ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച ഹസ്രത്ത് മഹലായിരുന്നു ലക്‌നോ കലാപത്തിന് നേതൃത്വം നൽകിയത്. പോരാട്ടത്തിന്റെ അന്തിമഘട്ടത്തിൽ ബ്രിട്ടീഷ് പട്ടാളം അവധ് കീഴടക്കുകയും ബീഗം നേപ്പാളിലേക്ക് പലായനം ചെയ്യുകയും ചെയ്തു.

ആനി ബസന്റ്: ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിന്നിൽ അണിനിരത്താൻ യത്‌നിക്കുകയും ഇന്ത്യയ്ക്ക് സ്വയംഭരണം നേടിയെടുക്കാനായി ഹോം റൂൾ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്ത വിദേശ വനിതയാണ് ആനി ബസന്റ്. പത്രപ്രവർത്തനത്തിലൂടെയും പ്രസംഗങ്ങളിലൂടെയും അവർ ബ്രിട്ടീഷ് ഭരണകൂടത്തെ വെല്ലുവിളിച്ചു. ആനി ബസന്റിന്റെ പ്രവർത്തനം അതിരുകടന്നപ്പോൾ ബ്രിട്ടീഷുകാർ അവർക്കെതിരെ ശക്തമായ നടപടിയെടുത്തു. ഹോംറൂൾ പ്രസ്ഥാനം ശക്തി പ്രാപിച്ച ബോംബെ പ്രവിശ്യയിൽ ആനി ബസന്റിന് പ്രവേശനം നിരോധിച്ചു. ഇന്ത്യ വിട്ടുപോകാനുള്ള നിർദേശം നിരസിച്ചപ്പോൾ അവരെ വീട്ടുതടവിലാക്കി. 1917 ൽ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

സിസ്റ്റർ നിവേദിത: സ്വാമി വിവേകാനന്ദന്റെ ശിഷ്യയായി അയർലൻഡിൽനിന്ന് ഇന്ത്യയിലെത്തിയ സിസ്റ്റർ നിവേദിതയാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീർന്ന മറ്റൊരു വിദേശ വനിത. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരായി നടന്ന സമരങ്ങളിൽ അവർ നേതൃത്വപരമായ പങ്കുവഹിച്ചു. കഴ്‌സൺ പ്രഭുവിന്റെ ബംഗാൾ വിഭജനത്തിനെതിരായി നടന്ന പ്രക്ഷോഭത്തിൽ അവർ നേതൃത്വനിരകളിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനായി പടപൊരുതാൻ ആഹ്വാനം ചെയ്യുന്ന അവരുടെ തീപ്പൊരി പ്രസംഗങ്ങൾ ഇന്ത്യയിലുടനീളം അലയൊലികൾ സൃഷ്ടിച്ചു.

മാഡം ഭിക്കാജി കാമ: ചരിത്രത്തിലാദ്യമായി ഇന്ത്യൻ ദേശീയ പതാക മറ്റൊരു രാജ്യത്ത് ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജി കാമ. 1905 ൽ മാഡം കാമ ഭാരതത്തിനായി ഒരു ദേശീയ പതാക രൂപകൽപന ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതാൻ സ്ത്രീകളെ സജ്ജീകരിക്കാനായി അവർ ഒരു വനിതാ സംഘടനയ്ക്ക് രൂപം നൽകി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങി വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രചാരണം നടത്തി. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനുവേണ്ടി യുദ്ധക്കളത്തിലിറങ്ങരുതെന്ന് അവർ ഇന്ത്യൻ പട്ടാളക്കാരെ ആഹ്വാനം ചെയ്തു.

സരോജിനി നായിഡു: ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സരോജിനി നായിഡു, ഗോപാലകൃഷ്ണ ഗോഖലെയുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് ദേശീയ പ്രസ്ഥാനത്തിലേക്കിറങ്ങിയ വനിതയാണ്. ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് അവർ നേതൃത്വം നൽകി. ഗാന്ധിജി ആഹ്വാനം ചെയ്ത പ്രതിഷേധ സമരങ്ങളിലൊക്കെ സജീവമായി പങ്കെടുക്കുകയും പലപ്പോഴും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ മനംനൊന്ത് അവർ ബ്രിട്ടീഷ് സർക്കാർ നൽകിയ 'കേസരി ഹിന്ദ്' ബഹുമതി തിരിച്ചുനൽകി പ്രതിഷേധിച്ചു.

ക്യാപ്റ്റൻ ലക്ഷ്മി: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ തീവ്രവാദികളുടെ പ്രതിനിധിയായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായിയായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമിയിൽ (INA) ചേർന്ന് പ്രവർത്തിച്ച അവർ സ്ത്രീകൾക്ക് വേണ്ടി മാത്രം രൂപീകരിച്ച ഝാൻസി റജിമെന്റിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. INA ബ്രിട്ടനെതിരെ യുദ്ധത്തിനിറങ്ങിയപ്പോൾ പോരാട്ടത്തിന് ഇറങ്ങുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരമുണ്ടായ അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനും INA ഭടന്മാരുടെ പുനരധിവാസത്തിലും ലക്ഷ്മി നേതൃത്വപരമായ പങ്കുവഹിച്ചു.

തിരുവിതാംകൂറിലെ പോരാളികൾ
തിരുവിതാംകൂറിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ രണ്ട് ധീര വനിതകളാണ് അക്കമ്മ ചെറിയാനും ആനി മസ്‌ക്രീനും. 1938 ൽ ജനകീയ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുവാനായി ശ്രീ ചിത്തിര തിരുനാൾ രാജാവിന്റെ കൊട്ടാരത്തിലേക്ക് അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ നടന്ന ജനകീയ മാർച്ച് ചരിത്രപ്രസിദ്ധമാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ തീനാമ്പായിമാറിയ അവർ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. തിരുവിതാംകൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ട അക്കമ്മ ചെറിയാനും ആനി മസ്‌ക്രീനും ദിവസവും വൈകുന്നേരങ്ങളിൽ ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും ഗാന്ധിജി അതിനെക്കുറിച്ച് ശക്തമായ ഭാഷയിൽ ഹരിജൻ മാസികയിൽ ലേഖനം എഴുതുകയും ചെയ്തു. തിരുവനന്തപുരത്ത് രാജ്ഭവന് സമീപത്ത് അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

മലബാറിലെ ധീരവനിതകൾ
എ.വി. കുട്ടിമാളു അമ്മ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മലബാറിന്റെ സ്ത്രീ പ്രാതിനിധ്യം അടയാളപ്പെടുത്തിയ സമരനായികയായിരുന്നു എ.വി. കുട്ടിമാളു അമ്മ. 1930 ൽ കോഴിക്കോട്ട് നടന്ന നിരോധനാജ്ഞ ലംഘന സമരത്തിൽ നൂറുകണക്കിന് സ്ത്രീകളോടും കുട്ടികളോടുമൊപ്പം കുട്ടി മാളു അമ്മയും അറസ്റ്റ് ചെയ്യപ്പെട്ടു. 1932 ൽ നിയമലംഘന സമരത്തിൽ പങ്കെടുത്തതിന് രണ്ട് മാസം മാത്രം പ്രായമായ കൈക്കുഞ്ഞുമായി അറസ്റ്റ് ചെയ്യപ്പെട്ടതോടെ കുട്ടിമാളു അമ്മ ഇന്ത്യ മുഴുവൻ അറിയപ്പെടാൻ തുടങ്ങി. 1936 ലും 1946 ലും മദ്രാസ് നിയമസഭയിലേക്ക് മലബാർ ജില്ലയുടെ പ്രതിനിധിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 1947 ൽ മാതൃഭൂമി പത്രത്തിന്റെ ഡയറക്ടറായി. 1965 ൽ വീണ്ടും ഡയറക്ടർ ബോർഡിൽ എത്തുകയും 1985 ഏപ്രിലിൽ മരിക്കുന്നത് വരെ ഡയറക്ടറായി തുടരുകയും ചെയ്തു.

കൗമുദി ടീച്ചർ: 1934 ൽ ഗാന്ധിജി ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഫണ്ട് പിരിക്കാൻ കേരളത്തിൽ വന്ന് കോഴിക്കോട് വടകരയിൽ ഒരു വൻ പൊതുയോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗാന്ധിജിയുടെ ഉദ്‌ബോധനത്തിൽ ആവേശം കൊണ്ട ഒരു പെൺകുട്ടി സ്റ്റേജിലേക്ക് ഓടി കയറി വന്ന് തന്റെ കഴുത്തിലും കയ്യിലുമുള്ള സ്വർണാഭരണങ്ങളെല്ലാം ഗാന്ധിജിക്ക് ദാനം ചെയ്തു. ഇനി മുതൽ താൻ സ്വർണാഭരണങ്ങൾ ധരിക്കുകയില്ലെന്ന് പ്രതിജ്ഞയെടുത്തു. ഈ സംഭവത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കഴിഞ്ഞ കൗമുദി ടീച്ചറായിരുന്നു ആ ബാലിക. ഹൃദയസ്പർശിയായ ഈ അനുഭവത്തെ പറ്റി ഗാന്ധിജി ഹരിജൻ മാസികയിൽ 'കൗമുദി കീ ത്യാഗ്' എന്ന പേരിൽ ഒരു ലേഖനം എഴുതി പ്രസിദ്ധീകരിച്ചിരുന്നു.

Content Highlights: Overview of prominent women who led the Indian national movement alongside male leaders.