ഉറങ്ങിയില്ലെങ്കിൽ ശരീരത്തിന് എന്ത് സംഭവിക്കും? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

#ഡോ.അബേഷ് രഘുവരന്‍

1963-ൽ അമേരിക്കയിലാണ് സംഭവം. റാൻഡി ഗാർഡനർ എന്ന പതിനേഴുകാരൻ ഒരു ശാസ്ത്രപ്രൊജക്ടിന്റെ ഭാഗമായി ഒരു പരീക്ഷണത്തിന് തയ്യാറെടുത്തു. ഏറ്റവും കൂടുതൽ ദിവസം ഉറങ്ങാതെ പിടിച്ചുനിൽക്കണം. അപ്പോഴുണ്ടാകുന്ന മാറ്റങ്ങൾ പഠിച്ചെഴുതണം - ഇതാണ് പ്രോജക്ട്.

എന്നാൽ, ഉറങ്ങാതിരുന്നപ്പോൾ റാൻഡിക്കുണ്ടായ അനുഭവങ്ങൾ വിചിത്രമായിരുന്നു. രണ്ടാം ദിവസം മുതൽ തന്നെ ഓരോന്നും കണ്ടുമനസ്സിലാക്കുന്നതിൽ അദ്ദേഹത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ടുതുടങ്ങി. മൂന്നാംദിവസം ചെറിയ ഗന്ധംപോലും തീക്ഷ്ണമായനുഭവപ്പെട്ടു. ആറുദിവസം കഴിഞ്ഞപ്പോൾ ഓർമ്മ മെല്ലെമെല്ലെ മായാനും തുടങ്ങി. പകൽ കുറച്ചൊക്കെ സജീവമായി നിലനിൽക്കാൻ കഴിഞ്ഞെങ്കിലും രാത്രി വലിയ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു.

ഉറക്കമില്ലാത്ത ആ 11 ദിനത്തിനുശേഷം നീണ്ട 14 മണിക്കൂർ ഉറങ്ങിയാണ് റാൻഡി പരീക്ഷണത്തിന്റെ ക്ഷീണത്തിൽനിന്ന് രക്ഷപ്പെട്ടത്. ആ പ്രോജക്ടിന് അദ്ദേഹത്തിന് ഒന്നാംസമ്മാനം ലഭിച്ചുവെന്നുമാത്രമല്ല, ഏറ്റവുമധികം മണിക്കൂറുകൾ ഉറങ്ങാതിരുന്ന വ്യക്തിയെന്ന ബഹുമതി റാൻഡി ഗാർഡനറുടെ പേരിൽ ഗിന്നസ് ബുക്കിൽ അടയാളപ്പെടുത്തുകയുംചെയ്തു. 264.4 മണിക്കൂർ (11 ദിവസം) ആണ് അദ്ദേഹം ഉറങ്ങാതെ ജീവിച്ചത്. എന്നാൽ, ഇതെത്തുടർന്നുണ്ടായ ശാരീരികപ്രശ്നങ്ങൾ തന്നെ ജീവിതകാലം മുഴുവൻ വേട്ടയാടിയെന്ന് റാൻഡിതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

സൂചിയില്ലാ ക്ലോക്ക്
ഒരുജീവിയുടെ ശരീരത്തിൽ നടക്കുന്ന എല്ലാത്തരം പ്രവർത്തനങ്ങൾക്കും ഒരു താളവും കൃത്യതയുമുണ്ട്. സിർക്കാഡിയൻ റിഥം (Circadian Rhythm) എന്നാണ് ഈ താളവ്യവസ്ഥയുടെ പേര്. കൃത്യമായ സമയത്ത് ഉണരുന്നതും ഉറക്കം വരുന്നതും വിശക്കുന്നതുമെല്ലാം ഈ വ്യവസ്ഥയുടെ പ്രവർത്തനംകൊണ്ടാണ്. ഉറങ്ങാതിരിക്കുമ്പോൾ സിർക്കാഡിയൻ റിഥത്തെയാണ് നമ്മൾ തകരാറിലാക്കുന്നത്. അത് നമ്മുടെ മറ്റ് ശാരീരികപ്രവർത്തനങ്ങളെയാകെ താളംതെറ്റിക്കും. തലച്ചോറിലെ ഏകദേശം ഇരുപതിനായിരത്തോളം ന്യൂറോണുകളുടെ ഒരു ശൃംഖലയാണ് സിർക്കാഡിയൻ റിഥത്തിനുപിന്നിൽ. സുപ്രാ കയസ്മാറ്റിക് ന്യൂക്ലിയസ് (Suprachiasmatic Nucleus) എന്നാണ് ഈ ശൃംഖലയുടെ പേര്. ജൈവഘടികാരമെന്നറിയപ്പെടുന്ന ഈ ന്യൂറോൺ ശൃംഖലയുടെ നിയന്ത്രണത്തിലാണ് ശരീരത്തിലെ ഓരോ പ്രവർത്തനവും.

'ഒരുദിവസത്തെ കുറിക്കുന്നത്'
സിർക്കാഡിയൻ എന്ന പേരിന്റെ അർഥം 'ഒരുദിവസത്തെ കുറിക്കുന്നത്' (About a day) എന്നാണ്. ഏകദേശം എന്നർത്ഥംവരുന്ന സിർക്ക (Circa) എന്ന വാക്കും ദിവസം എന്നർഥം വരുന്ന ഡയം (Diem) എന്ന വാക്കും ചേർന്നാണ് circadian എന്ന വാക്കുണ്ടായത്. അതായത് ഒരുദിവസത്തെ കാര്യങ്ങളെല്ലാം ഉൾക്കൊള്ളുന്നത് എന്നർഥം.

ഉറക്കഹോർമോൺ
രാത്രിയിൽ കൃത്യമായി ഉറക്കം വരുന്നതിനു സഹായിക്കുന്നത് മെലാടോണിൻ എന്ന ഹോർമോണാണ്. ഇത് തലച്ചോറിലെ പൈനിയൽ ഗ്രന്ഥിയിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇരുട്ടാവുമ്പോൾ ശരീരത്തിൽ മെലാടോണിൻ ഉത്പാദനം കൂടും. അത് സിർക്കാഡിയൻ റിഥത്തെ സ്വാധീനിക്കുകയും ഉറക്കം വരാൻ കാരണമാവുകയും ചെയ്യുന്നു.

നൊബേൽ പ്രൈസ്
2017-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയത് സിർക്കാഡിയൻ റിഥത്തിനു പിന്നിലെ മോളിക്യുലാർ പ്രവർത്തനങ്ങൾ വിശദീകരിച്ച ജെഫ്രി സി. ഹാൾ, മൈക്കിൾ റോസ്ബാഷ്, മൈക്കിൾ ഡബ്ല്യു. യംങ് എന്നിവരായിരുന്നു. പഴയീച്ചകളിൽ സിർക്കാഡിയൻ റിഥം പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായിരുന്നു സമ്മാനം.

ഉറങ്ങാതിരുന്നാൽ സംഭവിക്കുന്നത്

6 മണിക്കൂർ ഉറക്കം നഷ്ടപ്പെട്ട് ആറുമണിക്കൂറിനുള്ളിൽത്തന്നെ നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപനം സാധ്യമാക്കുന്ന 'ഹോമിയോസ്റ്റാസിസ്' എന്ന വ്യവസ്ഥ തകരാറിലാവുന്നു. ശരീരത്തിൽ 'കോർട്ടിസോൾ' (Cortisol) എന്ന ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് അങ്ങനെയുണ്ടാകുന്നത്.

24 മണിക്കൂർ കഴിയുന്നതോടെ നമ്മൾ തളരുന്നതിനുപകരം നേർവിപരീതമായ ഒരവസ്ഥയാണ് അനുഭവപ്പെടുക. ഫീൽ ഗുഡ് ഹോർമോണുകളായ 'ഡോപ്പമിൻ' (Dopamine) കൂടുതലായി ഉത്പാദിപ്പിക്കുന്നതുമൂലം നാം കൂടുതൽ ഊർജസ്വലരായി കാണപ്പെടും. എന്നാൽ, അതൊരു താത്കാലികപ്രതിഭാസമാണ്. ഉറക്കം നഷ്ടപ്പെട്ട് 36 മണിക്കൂർ കഴിയുന്നതോടെ നമ്മുടെ ഓർമ്മ കുറയാൻ തുടങ്ങുകയും നമ്മുടെ പ്രതികരണസമയം വ്യത്യാസപ്പെടുകയും ചെയ്യും.

48 മണിക്കൂർ കഴിയുന്നതോടെ നമ്മുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങും. ഗ്ലൂക്കോസ് മെറ്റബോളിസം കൃത്യമായി നടക്കാതെവരികയും പ്രതിരോധശക്തിയെ വലിയനിലയിൽ ബാധിക്കുകയും ചെയ്യുന്നു.

72 മണിക്കൂർ കഴിയുന്നതോടെ തലച്ചോറിലേക്ക് ആവശ്യമായ രാസവസ്തുക്കളും പോഷണങ്ങളും ലഭിക്കാതെവരുന്നതിനാൽ നാം 'ഭ്രമാത്മകത' (Hallucination) എന്ന അവസ്ഥയിലേക്ക് പോകുകയും തികച്ചും ഭ്രാന്തമായൊരു നിലയിൽ എത്തിച്ചേരുകയും ചെയ്യും. വീണ്ടും ഉറങ്ങാതിരിക്കാനാണ് നമ്മുടെ ശ്രമമെങ്കിൽ രണ്ടാഴ്ചയ്ക്കകം മരണം സംഭവിക്കാനും സാധ്യതയുണ്ട്.

ഉറങ്ങാതിരിക്കല്ലേ
ഉറക്കം നമ്മുടെ ശരീരത്തിന് വിശ്രമം നൽകുന്ന പ്രക്രിയ മാത്രമല്ല. അടുത്ത ദിവസത്തേക്ക് ശരീരത്തെ റീച്ചാർജ് ചെയ്യുന്നതും ഉറക്കത്തിലൂടെയാണ്. ഉറക്കം നഷ്ടപ്പെട്ട് ഓരോ ഇടവേള കഴിയുംതോറും ശരീരത്തിൽ വരുന്ന മാറ്റങ്ങൾ വ്യക്തമായി നമുക്ക് അനുഭവിക്കാൻ കഴിയും.

Content Highlights: Circadian rhythm regulates biological functions and sleep-wake cycles., Sleep deprivation disrupts homeostasis and triggers cortisol production.