വൺ പീസും കെ-പോപ്പും ക്രേസി കാർട്ടൂണുകളും. അറിയാം പുതുതലമുറയുടെ ഇഷ്ടങ്ങൾ

#മൃദുൽ എം. മഹേഷ്

അദ്ഭുതകരമായ കഴിവുകൾ നൽകുന്ന ‘ഡെവിൾ ഫ്രൂട്ട്’ കഴിച്ച ലൂഫി, തന്റെ വിശ്വസ്തരായ സ്‌ട്രോ ഹാറ്റ് (Straw Hat) സംഘത്തോടൊപ്പം കടലിലൂടെയുള്ള സാഹസികയാത്രയിലാണ്. യാത്രയ്ക്കിടയിൽ ശക്തരായ ശത്രുക്കളെയും നാവികസേനയെയും അവർ നേരിടുന്നു. നിധി കണ്ടെത്താൻ കടൽക്കൊള്ളക്കാരനായി യാത്രചെയ്യുന്ന മങ്കി ഡി. ലൂഫി (Monkey D. Luffy)യുടെ കഥയാണ് വൺ പീസ് (One Piece) എന്ന അനിമേ. അനിമേഷൻ മേഖലയിലെ ഏറ്റവും വലിയ ആഗോളഭ്രമങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ‘അനിമേ’ (ജാപ്പനീസ് അനിമേഷൻ). അറ്റാക് ഓൺ ടൈറ്റൻ, മൈ ഹീറോ അക്കാദമിയ, ഡിമൻ സ്ലേയർ (Attack on Titan, My Hero Academia, Demon Slayer) തുടങ്ങിയവ അവയിൽ ചിലതാണ്. രാക്ഷസൻമാരെ തോൽപ്പിക്കാൻ പോരാടുന്ന താഞ്ചിറോ കമാഡോ (Tanjiro Kamado)യുടെ കഥ പറയുന്നു ഡിമോൺ സ്ലേയർ (Demon Slayer). ദുഷ്ടശക്തികൾക്കെതിരേ പോരാടുന്ന ഇക്കിഗോ കുറോസാക്കി (Ichigo Kurosaki)യുടെ കഥ പറയുന്ന ബ്ലീച്ചും (Bleach) നിഞ്ജ(ninja)യായി വളരാൻ ശ്രമിക്കുന്ന നരുടോ ഉസുമാക്കി (Naruto Uzumaki)യുടെ കഥ പറയുന്ന നരുടോയും കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ വലിയ തരംഗമാണ്. 2025-ൽ പുറത്തിറങ്ങിയ Demon Slayer: Kimetsu No Yaiba Infinity Castle ആഗോള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ജാപ്പനീസ് ഫിലിം ആയി മാറി. ലയൺ കിങ്ങിന് (Lion King) പിന്നിലായി ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയ പരമ്പരാഗത അനിമേറ്റഡ് സിനിമകളിൽ (Highest-grossing traditionally animated films) ലോകത്ത് രണ്ടാംസ്ഥാനത്ത് നിൽക്കുന്നതും ഇതുതന്നെ.


ക്രേസി കാർട്ടൂൺസ്
കുട്ടികളുടെ വിനോദലോകത്ത് കാർട്ടൂണുകളിന്നും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സൗഹൃദം, പങ്കിടൽ, ക്ഷമ, ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിലേക്ക് പകർന്നുനൽകുകയാണ് ഓരോ കാർട്ടൂണും ചെയ്യുന്നത്. ഷിൻ ചാൻ, ഓഗി ആൻഡ് ദ കോക്രോച്ചസ്, പെപ്പ പിഗ്, സിഗ് ആൻഡ് ഷാർക്കോ, പോ പട്രോൾ (Shin chan, Oggy and the Cockroaches, Peppa Pig, Zig and Sharko, PAW Patrol) തുടങ്ങിയവ കുട്ടികളുടെ ഇഷ്ടകാർട്ടൂണുകളാണ്.

വികൃതിക്കുട്ടിയായ ഷിന്നോസുകെ നോഹറ (Shinnosuke Nohara)യുടെ ദിനചര്യയാണ് ഷിൻ ചാൻ അവതരിപ്പിക്കുന്നത്. പ്രശ്നങ്ങൾക്കിടയിലും ശാന്തത കൈവിടാത്ത ഓഗിയുടെ കഥയാണ് ഓഗി ആൻഡ് ദ കോക്രോച്ചസ്. കുടുംബബന്ധങ്ങളും സൗഹൃദവും ലളിതമായി അവതരിപ്പിക്കുന്ന പെപ്പ പിഗിന്റെ ലോകമാണ് പെപ്പ പിഗ്. 180-ലധികം രാജ്യങ്ങളിൽ സംപ്രേഷണംചെയ്യപ്പെടുന്ന ഒരു ഗ്ലോബൽ ഹിറ്റായി ഈ കാർട്ടൂൺ മാറിയിട്ടുണ്ട്. സിഗ് എന്ന ഹൈനയും അവനെ പിന്തുടരുന്ന സ്രാവായ ഷാർക്കോയും തമ്മിലുള്ള ചേസിങ് കഥയാണ് സിഗ് ആൻഡ് ഷാർക്കോ. പുതിയ തലമുറയ്ക്കിടയിലെ ‍ടോം ആൻഡ് ജെറി ആയി ഈ കാർട്ടൂണിനെ കണക്കാക്കാം. രക്ഷാപ്രവർത്തനങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുന്ന കുഞ്ഞുനായ്ക്കളുടെ സംഘത്തിന്റെ കഥയാണ് കനേഡിയൻ അനിമേഷൻ സീരിസായ പോ പട്രോൾ. കുട്ടികളുടെ മൂല്യബോധത്തെ രൂപപ്പെടുത്തുന്ന ചെറിയ പാഠപുസ്തകങ്ങളാണ് ഇത്തരം കാർട്ടൂൺ സീരീസുകൾ.

കെ-പോപ്പും മ്യൂസിക്കും
പോപ്, ഹിപ്‌-ഹോപ്, റോക്, ഇൻഡി, ഇ.ഡി.എം. (Pop, Hip-hop, Rock, Indie, EDM) ഇങ്ങനെ വിവിധ വിഭാഗങ്ങളിലെ സംഗീതം ഒരുപോലെ ആസ്വദിക്കുന്നതാണ് ഈ തലമുറയുടെ പ്രത്യേകത. ടെയ്‌ലർ സ്വിഫ്‌റ്റിന്റെ (Taylor Swift) pop anthems, ഡ്രേക്കിന്റെ (Drake) hip-hop beats, ഇമാജിൻ ഡ്രാഗൺസിന്റെ (Imagine Dragons) rock sound എന്നിവ ഇവരുടെ പ്ലേലിസ്റ്റിൽ സജീവമാണ്. ബിലീ ഐലിഷ്‌ (Billie Eilish), ഒലീവിയ റോഡ്രിഗോ (Olivia Rodrigo), സബ്രീന കാർപ്പെന്റർ (Sabrina Carpenter), കെൻഡ്രിക്‌ ലമാർ (Kendrick Lamar) എന്നിവരാണ് പുതിയ തലമുറയുടെ പ്രധാന സംഗീത ഐക്കണുകൾ.

സംഗീതത്തിലെ ഏറ്റവും ശക്തമായ ആഗോള സാംസ്കാരികതരംഗങ്ങളിൽ ഒന്നാണ് കെ-പോപ് (K-pop). ഇത് ഒരു സംഗീതവിഭാഗം മാത്രമല്ല, ഫാഷൻ, കൊറിയോഗ്രഫി, ഫാൻ കൾച്ചർ തുടങ്ങിയവ ചേർന്ന ഒരു സമ്പൂർണ യൂണിവേഴ്സാണ്. ഈ ലോകത്തിലെ രണ്ട് താരകങ്ങളാണ് ബി.ടി.എസും (BTS) ബ്ലാക്‌പിങ്കും (BLACKPINK). ജിൻ (Jin), സുഗ (Suga), ജെ-ഹോപ്‌ (J-Hope), ആർ.എം. (RM), ജിമിൻ (Jimin), വി (V), ജൊങ്‌കു (Jungkook) എന്നീ ഏഴംഗങ്ങളടങ്ങിയ ബി.ടി.എസ്. ഇന്ന് കെ-പോപ്പിന്റെ ആഗോളപ്രതീകമാണ്. സൗത്ത് കൊറിയയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആൽബം വിറ്റ ബാൻഡാണ് ബി.ടി.എസ്. നാലുകോടിയിലധികം കോപ്പികൾ. ഡൈനാമൈറ്റ്‌ (Dynamite), ബട്ടർ (Butter), ബോയ്‌ വിത്ത്‌ ലൗ (Boy With Luv) പോലുള്ള ഗാനങ്ങളാണ് ഇവരെ ലോകപ്രശസ്തരാക്കിയത്. 26 ഗിന്നസ് വേൾഡ് റെക്കോഡുകൾ ഇവരുടെപേരിലുണ്ട്.

കേരളത്തിൽപ്പോലും ബി.ടി.എസ്. ആർമി എന്ന ആരാധകക്കൂട്ടം സജീവമാണ്. അവരുടെ ആഗോളസ്വാധീനം വ്യക്തമാക്കാൻ അതുമാത്രം മതിയല്ലോ! ജിസൂ (Jisoo), ജെന്നി (Jennie), റോസ്‌ (Rose), ലിസ (Lisa) എന്നിവരാണ് ബ്ലാക്‌പിങ്കിന്റെ നെടുംതൂണുകൾ. ധു-ദു ധു-ദു (Ddu-Du Ddu-Du), കിൽ ദിസ്‌ ലൗ (Kill This Love), ഹൗ യു ലൈക്‌ ദാറ്റ്‌ (How You Like That), പിങ്ക്‌ വെനം (Pink Venom), ഷട്ട്‌ ഡൗൺ (Shut Down) തുടങ്ങിയ ഹിറ്റുകൾ ഈ ഗ്രൂപ്പിന്റെതാണ്. യുറ്റ്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്‌ക്രൈബേഴ്സുള്ള മ്യൂസിക് ബാൻഡ് കൂടിയാണ് ബ്ലാക്പിങ്ക്. 2026 ഏപ്രിലിൽ സബ്സ്‌ക്രൈബേഴ്സ് 100 മില്യൺ കടന്നു.

Content Highlights: Overview of popular anime like One Piece, Demon Slayer, and Naruto., Analysis of educational and entertaining cartoons like PAW Patrol and Shin-chan., In-depth look at K-pop global dominance with BTS and Blackpink., Key stats: Blackpink hitting 100M YouTube subscribers in April 2026., Insight into modern music preferences including Taylor Swift and Billie Eilish.