റിസൽട്ട് നാളെ വരും...പേടിയുണ്ടോ? എങ്കിൽ പേടിയെ പറപറത്താം....

ജീവിതത്തിലെ ഏറ്റവും നിർണായകമായ പരീക്ഷയാണ് പത്താംക്ലാസിലെത് എന്ന് ആവർത്തിച്ചുകേട്ടിട്ടുള്ളവരാകും മിക്ക വിദ്യാർഥികളും. ഈ പരീക്ഷാഫലം ഓരോരുത്തരുടെയും കഴിവും ഭാവിയും സാമൂഹികാംഗീകാരവും നിർണയിക്കുന്ന ഒന്നായാണ് മിക്കവരും കരുതുന്നത്.
ഈ സാഹചര്യത്തിൽ ഫലത്തെക്കുറിച്ചുള്ള ഭയം മാത്രമല്ല, സ്വന്തം പ്രതീക്ഷകളും (എനിക്ക് മികച്ച മാർക്ക് നേടണം) പുറംലോകത്തിന്റെ പ്രതീക്ഷകളും (മികച്ച വിജയം ഉണ്ടാകുമെന്ന് മാതാപിതാക്കളും അധ്യാപകരും പ്രതീക്ഷിക്കുന്നു) വിദ്യാർഥികളിൽ സമ്മർദമുളവാക്കുന്നതിന് കാരണമാകുന്നു. ഇത് പലരിലും ഉത്കണ്ഠയും അസഹിഷ്ണുതയും ഉറക്കക്കുറവുമെല്ലാം ഉണ്ടാക്കുന്നു. ഇവയെ തരണംചെയ്യേണ്ടത് എങ്ങനെയെന്നു നോക്കാം.
ഒരുപോലെ സ്വീകരിക്കുക
വിജയവും പരാജയവും ഒരുപോലെ സ്വീകരിക്കണം. ഫലം വന്നശേഷം ഓരോരുത്തരുടെയും പ്രതികരണം വ്യത്യസ്തമായിരിക്കും. ചിലർ സന്തോഷിക്കും ചിലർ നിരാശപ്പെടും. ഈ വികാരങ്ങളെല്ലാം സ്വാഭാവികമാണെന്ന് മനസ്സിലാക്കണം. 'മോശം ഫലം' ജീവിതപരാജയമല്ല; അത് ഒരു പ്രത്യേക സമയത്ത് നടന്ന ഒരു പരീക്ഷയിലെ പ്രകടനം മാത്രമാണ്. 'എന്തുകൊണ്ട് ഞാൻ പരാജയപ്പെട്ടു?' എന്ന ചോദ്യത്തിനുപകരം, 'ഇതിൽനിന്ന് ഞാൻ എന്താണ് പഠിക്കേണ്ടത്?' എന്നാണ് ചിന്തിക്കേണ്ടത്. ഇത് സ്വയം തിരുത്തുന്നതിനും പുനഃപരീക്ഷയ്ക്ക് കൂടുതൽ നന്നായി തയ്യാറാകുന്നതിനും സഹായിക്കും.
പരാജയത്തെ പേടിക്കേണ്ട
ജീവിതത്തിൽ വിജയിച്ച പലരും പലതരം തിരിച്ചടികൾ നേരിട്ടവരാണ്. വീഴ്ചകളിൽ തളരാതെ, വീണ്ടും എഴുന്നേൽക്കാനുള്ള ഊർജമായിരുന്നു അവരുടെയെല്ലാം മുതൽക്കൂട്ട്. പരീക്ഷയിൽ കിട്ടുന്ന മാർക്കല്ല നമ്മുടെ മൂല്യം നിർണയിക്കുന്നതെന്ന് ഓർക്കണം.
തുറന്ന ആശയവിനിമയം
ഭയങ്ങളും ആശങ്കകളും മനസ്സിലൊതുക്കി വയ്ക്കാതെ മാതാപിതാക്കളോടോ അധ്യാപകരോടോ അടുത്ത സുഹൃത്തുക്കളോടോ പങ്കുവയ്ക്കണം. ഇത് മാനസിക ഭാരം കുറയ്ക്കാൻ സഹായിക്കും.
താരതമ്യം വേണ്ട
കൂട്ടുകാരന് അല്ലെങ്കിൽ കൂട്ടുകാരിക്ക് എന്നെക്കാൾ നല്ല മാർക്ക് കിട്ടിയല്ലോ എന്നുവിചാരിച്ച് സങ്കടപ്പെടേണ്ട. ഓരോരുത്തരും വ്യത്യസ്തരാണെന്ന് ഓർക്കുക. ആത്മവിശ്വാസം നിലനിർത്തിയും പുതിയ രീതികൾ പരീക്ഷിച്ചും മുന്നോട്ടുപോകാം.
പുതിയ സാധ്യതകളിലേക്ക്
ഫലം വന്നശേഷം 'എന്ത് സംഭവിച്ചു?' എന്നോർത്ത് വിഷമിച്ചിരിക്കാതെ 'ഇനി എന്ത്?' എന്നതിലേക്ക് ശ്രദ്ധ മാറ്റണം. പഴയ പഠനരീതിയിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ ശ്രദ്ധയോടെ മുന്നോട്ടുനീങ്ങാം.
പാഠങ്ങൾ മുഴുവൻ ഇനിയും പഠിക്കണമല്ലോ എന്നോർത്ത് ആശങ്കപ്പെടേണ്ട. അവയെ ചെറിയ ഭാഗങ്ങളാക്കി പഠിക്കുന്നത് ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും. സഹായത്തിന് അധ്യാപകരെയും മാതാപിതാക്കളെയും സമീപിക്കണം. അവർ നിങ്ങളെ തീർച്ചയായും സഹായിക്കും.
സമ്മർദങ്ങൾ പരിധി വിട്ടാൽ
മോശം പരീക്ഷാഫലം ചില വിദ്യാർഥികളെയെങ്കിലും മാനസികമായി തളർത്താറുണ്ട്. അമിതമായ സങ്കടം, ഒന്നിലും താത്പര്യമില്ലായ്ക, കുറ്റബോധം, നിരാശ, ജീവിച്ചിരിക്കുന്നതിൽ കാര്യമില്ലെന്ന ചിന്ത ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നല്ലൊരു മാനസികാരോഗ്യവിദഗ്ധന്റെ സേവനം തേടേണ്ടതാണ്.
പരീക്ഷാഫലം യാത്രയിലെ ഒരു ഘട്ടം മാത്രമാണ്. ജീവിതവിജയം ഒരു ഫലത്തിൽ ഒതുങ്ങുന്നതല്ല; മാറ്റങ്ങളെ സ്വീകരിക്കുകയും പഠിക്കുകയും മുന്നോട്ടുപോകുകയും ചെയ്യുന്നതിലാണ് അതടങ്ങിയിരിക്കുന്നത്. ശരിയായ പിന്തുണയും ആത്മവിശ്വാസവും ഉണ്ടെങ്കിൽ, ഈ സമ്മർദകാലം പോലും വളർച്ചയുടെ അവസരമായിമാറും.
ഒരു പരീക്ഷയിൽ മോശം മാർക്ക് നേടിയതുകൊണ്ട് 'എന്നെ ഒന്നിനും കൊള്ളില്ല' എന്ന ചിന്ത വേണ്ട. പരീക്ഷാഫലങ്ങൾ നമ്മുടെ അറിവിനെ അളക്കാനുള്ള പല മാനദണ്ഡങ്ങളിൽ ഒന്നുമാത്രമാണ്.
Content Highlights: Normalize feelings of anxiety and stress regarding exam results., View success and failure as part of a learning process rather than a life definition., Encourage open communication with parents and teachers to reduce emotional burden., Avoid social comparison and focus on personal improvement strategies., Seek professional mental health support if stress becomes overwhelming.