കടലാസ് കുഴൽ വിദ്യ: കയ്യിൽ ഓട്ടവീഴുന്ന പരീക്ഷണം ചെയ്തുനോക്കിയാലോ?

#സുമേഷ് തോട്ടത്തില്‍

''അയ്യോ ഓടിവരണേ. എന്റെ കയ്യിൽ ദ്വാരം വീണേ.''

ഗൗതമിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അമ്മു ഓടി പരീക്ഷണശാലയിൽ എത്തി.

''എന്താ, എന്തുപറ്റി?'' അവൾ അമ്പരപ്പോടെ ചോദിച്ചു.

ഗൗതമിന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു.

''അമ്മുച്ചേച്ചീ എന്റെ കയ്യിൽ വലിയൊരു ദ്വാരം.''

''കയ്യിൽ ദ്വാരമോ, എവിടെ?''

''വെറുതേ നോക്കിയാൽ കാണില്ല. അതിന് ചില കാര്യങ്ങൾകൂടി വേണം.''

''അമ്മുച്ചേച്ചി ഈ കുഴലിലൂടെ കയ്യിലേക്ക് നോക്കിയാൽമതി.''

ഗൗതം തന്റെ കയ്യിലുള്ള A4 പേപ്പർ ഒരു കുഴൽരൂപത്തിലാക്കി അമ്മുവിന് നൽകി.

അമ്മു ആ കുഴലെടുത്ത് കയ്യിലേക്ക് നോക്കി.

''ഇവിടെ ഓട്ടയൊന്നും വന്നില്ലല്ലോ. അവൾ പറഞ്ഞു.''

''ചേച്ചീ. അങ്ങനെ നോക്കിയാൽ ഓട്ട കാണില്ല. ദാ... ഇതുപോലെ നോക്കണം.''

ഗൗതം കുഴൽ വലതുകൈയിൽ പിടിച്ചു. ഇടതുകൈ നിവർത്തി വിലങ്ങനെ കുഴലിനോട് ചേർത്തുപിടിച്ചു.

ഇപ്പോൾ വലതുകണ്ണുകൊണ്ട് കുഴലിനുള്ളിലൂടെ നോക്കാം. ഇടതുകണ്ണുകൊണ്ട് ഇടത് കൈവെള്ളയും നോക്കാം.

ഗൗതം കാണിച്ചുകൊടുത്തതുപോലെ അമ്മു പേപ്പർകുഴൽ എടുത്ത് വലതുകണ്ണുകൊണ്ട് കുഴലിനുള്ളിലേക്കും ഇടതുകണ്ണുകൊണ്ട് കുഴലിനോട് ചേർത്തുവെച്ച ഇടതുകൈവെള്ളയിലേക്കും ഒരുമിച്ച് നോക്കി.

അവളുടെ കണ്ണുകൾ അദ്ഭുതംകൊണ്ട് വിടർന്നു.

''ശരിയാ എന്റെ കൈവെള്ളയിലും ദ്വാരം വന്നു.''

''ഇതെങ്ങനെയാ സംഭവിക്കുന്നത്?''

അവൾ ചോദിച്ചു.

''വലതുകണ്ണിലൂടെ കാണുന്നത് കുഴലിലെ ദ്വാരവും ഇടതുകണ്ണിലൂടെ കൈവെള്ളയുമാണ് കാണുന്നത്. ഈ രണ്ട് കാഴ്ചകളും നമ്മുടെ തലച്ചോർ ഒരുമിപ്പിക്കും. അപ്പോൾ നമുക്ക് അത് ഒരു ദൃശ്യംപോലെയാണ് തോന്നുന്നത്. അതായത് കൈവെള്ളയിലെ ദ്വാരം.'' ഗൗതം പറഞ്ഞുകൊടുത്തു.

''എന്തായാലും കടലാസുകുഴൽവിദ്യ സൂപ്പർ.'' അമ്മു കൈയടിച്ചു.

Content Highlights: Engaging DIY science experiment using simple materials like an A4 paper.