ലോകഭൂപടം മാറുന്നു, എന്താണ് വ്യത്യാസം? അറിയൂ...

ലോകഭൂപടം മാറുകയാണ്. ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ച 'ഈക്വൽ എർത്ത് പ്രൊജക്ഷൻ' അടിസ്ഥാനമാക്കിയുള്ള പുതിയ ലോകഭൂപടം നിലവിൽ വരുന്നു. കഴിഞ്ഞ 500 വർഷത്തോളമായി നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്ന 'മെർക്കേറ്റർ പ്രൊജക്ഷൻ' ഭൂപടത്തിന് പകരമായാണ് ഇത് അവതരിപ്പിക്കുന്നത്.
എന്തിനാണീ മാറ്റം?
ഗോളാകൃതിയിലുള്ള ഭൂമിയെ ഒരു പരന്നപ്രതലത്തിലേക്ക് മാറ്റുന്നതാണല്ലോ മാപ്പ് എന്ന് പറയുന്നത്. ഒരു പന്തെടുത്ത് ചുമരിൽ പരത്തിവയ്ക്കാൻ ശ്രമിക്കുന്നത് എത്രത്തോളം പ്രയാസകരമാണോ, അതുപോലെതന്നെയാണ് ഭൂമിയെ ഭൂപടത്തിലേക്ക് മാറ്റുന്നതും! ഭൂമിയെ ഇത്തരത്തിൽ ഒരു ചിത്രമായി രേഖപ്പെടുത്താൻ നൂറ്റാണ്ടുകളായി പലവിധ പരീക്ഷണങ്ങൾ നടന്നു. അതിൽ ഇന്ന് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് 1569-ൽ ജെറാർഡസ് മെർക്കേറ്റർ (Gerardus Mercator) എന്ന ബെൽജിയം ഭൂപടശാസ്ത്രജ്ഞൻ തയ്യാറാക്കിയ ഭൂപടമാണ്.
യഥാർഥത്തിൽ ഭൂമി ഗോളാകൃതിയിലായതിനാൽ, ഒരു പരന്ന ഭൂപടത്തിന് ഒരേസമയം രാജ്യങ്ങളുടെ വലുപ്പം, ആകൃതി, ദൂരം, ദിശ എന്നിവയെല്ലാം പൂർണമായി കൃത്യതയോടെ കാണിക്കാൻകഴിയില്ല. മെർക്കേറ്റർ ഭൂപടത്തിന്റെ ഏറ്റവും വലിയ പോരായ്മ, അത് ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലേക്ക് പോകുന്തോറും പ്രദേശങ്ങളുടെ വലുപ്പം യഥാർഥത്തിലുള്ളതിനെക്കാൾ വളരെ വലുതായി കാണിക്കുന്നു എന്നതാണ്. ഇതിനാൽ യൂറോപ്പ്, നോർത്ത് അമേരിക്ക തുടങ്ങിയ വടക്കൻ പ്രദേശങ്ങൾ ഭൂപടത്തിൽ അമിത വലുപ്പത്തിൽ ചിത്രീകരിക്കപ്പെട്ടു. ഉദാഹരണത്തിന് മെർക്കേറ്റർ ഭൂപടത്തിൽ ഗ്രീൻലൻഡും ആഫ്രിക്കൻ വൻകരയും ഒരേ വലുപ്പത്തിലാണ് കാണപ്പെടുന്നത്. എന്നാൽ, യഥാർഥത്തിൽ ആഫ്രിക്കയ്ക്ക് ഗ്രീൻലൻഡിനെക്കാൾ 14 മടങ്ങ് വലുപ്പമുണ്ട്!
ഈ തെറ്റ് ഇത്രയും കാലം എങ്ങനെ തുടർന്നു?
രാജ്യങ്ങളുടെ വലുപ്പത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, ദിശകൾ കൃത്യമായി മനസ്സിലാക്കാൻ മെർക്കേറ്റർ ഭൂപടം സഹായിച്ചു. അതുകൊണ്ടുതന്നെ കടൽമാർഗമുള്ള ദീർഘദൂരയാത്രകൾക്ക് ഇത് ഏറെ പ്രയോജനകരമായിമാറി. കൂടാതെ, ഓരോ രാജ്യത്തിന്റെയും പ്രാദേശിക ആകൃതി കൃത്യമായി നിലനിർത്താനും ഇതിന് കഴിഞ്ഞു.
ദീർഘകാലം മാപ്പുകൾ ഉപയോഗിച്ചിരുന്നത് കൊളോണിയൽ ശക്തികളായിരുന്നു. അവരുടെ അധിനിവേശരാജ്യങ്ങൾ മറ്റുള്ളവയെക്കാൾ വലുപ്പമുള്ളതായി കാണിക്കുന്നത് തങ്ങളുടെ മേൽക്കോയ്മ നിലനിർത്താനുള്ള ഒരു ഉപായമായിക്കൂടി അവർ കണ്ടിരിക്കാം. അതുകൊണ്ടുതന്നെ ഈ അപാകം തിരുത്താൻ അവർ ശ്രമിച്ചതുമില്ല.
എന്താണ് ഈക്വൽ എർത്ത് പ്രൊജക്ഷൻ?
രാജ്യങ്ങളുടെ യഥാർഥ വലുപ്പം കൃത്യമായ അനുപാതത്തിൽ കാണിക്കുന്നതിനായി 2018-ൽ ഒരു സംഘം ഭൂപടശാസ്ത്രജ്ഞർ 'ഈക്വൽ എർത്ത് പ്രൊജക്ഷൻ' എന്ന പുതിയ ഭൂപടം രൂപകല്പനചെയ്തു. ഈ ഭൂപടത്തിൽ എല്ലാ രാജ്യങ്ങളും അവയുടെ യഥാർഥ വലുപ്പത്തിന് അനുസൃതമായാണ് ചിത്രീകരിച്ചിരിക്കുന്നത്. 2018-ൽ തയ്യാറാക്കപ്പെട്ടെങ്കിലും ഈ ഭൂപടത്തിന് പെട്ടെന്നൊന്നും ആഗോള അംഗീകാരം ലഭിച്ചില്ല. എന്നാൽ, 2026 സെപ്റ്റംബർ നാലിന് ആഫ്രിക്കൻ രാജ്യമായ ടോഗോ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഈക്വൽ എർത്ത് പ്രൊജക്ഷനുവേണ്ടി ഒരു പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പിൽ 164 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ആറ് രാജ്യങ്ങൾ വിട്ടുനിന്നു. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട്ചെയ്തത്. ഐക്യരാഷ്ട്രസഭയും ഭൂരിപക്ഷം രാജ്യങ്ങളും ഈ പുതിയ ഭൂപടത്തെ അംഗീകരിച്ചെങ്കിലും, ഗൂഗിൾ ഉൾപ്പെടെയുള്ള വൻകിട ഡിജിറ്റൽ കമ്പനികൾകൂടി തങ്ങളുടെ ഓൺലൈൻ മാപ്പുകളിൽ ഈ മാറ്റം വരുത്തേണ്ടതുണ്ട്. പുതിയ ഭൂപടം വന്നതുകൊണ്ട് ലോകത്തിന്റെ ഭൂമിശാസ്ത്രമോ രാജ്യങ്ങളുടെ ആകൃതിയോ മാറുന്നില്ല. മറിച്ച്, ഭൂപടത്തിൽ ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്ന വലുപ്പത്തിലെ തെറ്റായ അന്തരങ്ങൾ ഇല്ലാതാവുകയാണ് ചെയ്യുന്നത്.
ഭൂപടവിദഗ്ധർ
ഭൂപടങ്ങൾ നിർമിക്കുകയും അവയെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന വിദഗ്ധരെയാണ് കാർട്ടോഗ്രാഫർമാർ അഥവാ ഭൂപടവിദഗ്ധർ എന്ന് വിളിക്കുന്നത്. ഇപ്പോഴത്തെ കാർട്ടോഗ്രാഫർമാർ ഭൂപടങ്ങൾ നിർമിക്കാൻ സാറ്റലൈറ്റ് ചിത്രങ്ങളും കംപ്യൂട്ടർ സോഫ്റ്റ്‌വെയറുകളുമാണ് ഉപയോഗിക്കുന്നത്.
Cartography = ഭൂപടനിർമാണശാസ്ത്രം
Cartographer = ഭൂപടവിദഗ്ധൻ
ആ മൂന്നുപേർ: ഓസ്‌ട്രേലിയയിലെ മൊനാഷ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ബെർണാർഡ് ജെന്നി, യു.എസ്. നാഷണൽ പാർക്ക് സർവീസിൽ നിന്ന് വിരമിച്ച ചീഫ് കാർട്ടോഗ്രാഫർ ടോം പാറ്റേഴ്സൺ, പ്രശസ്ത ജ്യോഗ്രഫിക് സോഫ്റ്റ്‌വെയർ കമ്പനിയായ Esri-യിലെ ഡേറ്റാ ശാസ്ത്രജ്ഞൻ ബോയൻ സാവ്‌റീച്ച് എന്നീ മൂന്ന് ഭൂപടനിർമാണവിദഗ്ധർ ചേർന്നാണ് 2018-ൽ ഈക്വൽ എർത്ത് ഭൂപട മാതൃക വികസിപ്പിച്ചത്.
Content Highlights: The UN has officially adopted the Equal Earth Projection for the new world map in September 2026.