വിദ്യതന്നെ മഹാധനം; ഇന്ന് ദേശീയ വിദ്യാഭ്യാസദിനം

#അനസ് എന്‍.എസ്.

ഏവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ദേശീയ വിദ്യാഭ്യാസദിനത്തിന്റെ പ്രധാന ലക്ഷ്യം

ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാനാ അബുൾകലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസദിനമായാണ് ആചരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനും എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കുചേരാനും ഈ ദിനം നമ്മെ പ്രേരിപ്പിക്കുന്നു.

ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വെളിച്ചംപകരുന്ന ശക്തിയാണ് വിദ്യാഭ്യാസം. അറിവുനേടാനും നല്ല ചിന്തകൾ വളർത്താനും ശരിയും തെറ്റും തിരിച്ചറിയാനും വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയാണ് ഒരാൾക്ക് സ്വന്തം കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് ജീവിതത്തിൽ മുന്നേറാൻ കഴിയുന്നത്.

കേവലം പുസ്തകങ്ങളിൽനിന്ന് അറിവുനേടുക മാത്രമല്ല വിദ്യാഭ്യാസം. നല്ല സ്വഭാവം, അച്ചടക്കം, സഹകരണം, സഹിഷ്ണുത, സാമൂഹികബോധം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതും വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ആത്മവിശ്വാസത്തോടെ ജീവിക്കാനും പ്രശ്നങ്ങളെ വിവേകത്തോടെ നേരിടാനും മറ്റുള്ളവരെ ബഹുമാനിക്കാനും വിദ്യാഭ്യാസം നമ്മെ പ്രാപ്തരാക്കുന്നു. മികച്ചൊരു സാമൂഹികജീവിയായിമാറാൻ നമ്മെ സഹായിക്കുന്നത് വിദ്യാഭ്യാസമാണ്.

എല്ലാ കുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം ലഭിക്കണം. ജാതി, മതം, സാമ്പത്തികസ്ഥിതി, ലിംഗഭേദം എന്നിവയുടെപേരിൽ ആർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. നമ്മുടെ ഭരണഘടന അത് നിർബന്ധമാക്കിയിട്ടുമുണ്ട്. അറിവുള്ള ഒരു തലമുറയ്ക്കുമാത്രമേ സമത്വവും നീതിയും പുരോഗതിയും നിറഞ്ഞ ഒരു സമൂഹത്തെ സൃഷ്ടിക്കാൻകഴിയൂ. വിദ്യാഭ്യാസത്തിന്റെ വെളിച്ചം എല്ലാവരിലേക്കും എത്തിക്കാം. അറിവിലൂടെ നല്ലൊരു നാളെയെ കെട്ടിപ്പടുക്കാം.

Content Highlights: Observed annually on November 11 to honor Maulana Abul Kalam Azad.