ഒന്ന് പറന്നു വരാം! ദേശാടനപ്പക്ഷികളുടെ വിശേഷങ്ങൾ അറിയാം...

#അബ്ദുള്ള പാലേരി

റഷ്യയിൽനിന്നും ജപ്പാനിൽനിന്നും മംഗോളിയയിൽനിന്നും എങ്ങനെയാണ് വഴിതെറ്റാതെ പക്ഷികൾ നമ്മുടെ നാട്ടിൽ ദേശാടനത്തിന് എത്തുന്നത്? ആരെയും വിസ്മയിപ്പിക്കുന്ന അത്ഭുത പ്രതിഭാസമാണ് പക്ഷികളുടെ ദേശാടനം. ലക്ഷക്കണക്കിന് പക്ഷികളാണ് ഓരോ വർഷവും ദേശാടനം നടത്തുന്നത്. എത്രയെത്ര രാജ്യങ്ങളും സമുദ്രങ്ങളും കൊടുമുടികളും കടന്നാണ് പക്ഷികൾ സഞ്ചരിക്കുന്നത്? ചില പക്ഷികൾ ഒരേയിടത്തുതന്നെ വർഷംതോറും വിരുന്നുവരാറുണ്ട്. രാവും പകലും പറക്കാൻ ഒരു മടിയുമില്ല. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ഭൂമിയുടെ കാന്തശക്തിയും പക്ഷികൾക്ക് വഴി കണ്ടെത്താൻ സഹായകമാകാറുണ്ട്. കൊക്കിലെയും കണ്ണിലെയും ചില രാസപദാർഥങ്ങളാണ് ശരിയായ ദിശ കണ്ടെത്താൻ പക്ഷികളെ സഹായിക്കുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഹിമാലയം പറന്ന് കടക്കാമോ?
ലോകത്ത് ഏറ്റവും ഉയരത്തിൽ പറക്കുന്ന ദേശാടനപ്പക്ഷി ഏതാണ്? കുറിത്തലയൻ വാത്ത് (Bar headed Goose)എന്നാണ് ഉത്തരം. ഹിമാലയം കടക്കാൻ 4200 മീറ്ററിലേറെ ഉയരത്തിലാണ് ഈ പക്ഷി പറക്കുന്നത്. അതും മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ. ഇന്ത്യയിൽനിന്ന് കൂടുകൂട്ടാനായി ടിബറ്റിൽ എത്താനാണ് ഈ പക്ഷി ആകാശം മുട്ടെ പറക്കുന്നത്. ഹെലികോപ്റ്ററുകൾക്കുപോലും പറക്കാൻപറ്റാത്ത ഉയരത്തിലാണ് പറക്കൽ. ആകസ്മികമായി ചില വർഷങ്ങളിൽ കേരളവും ഈ പക്ഷി സന്ദർശിക്കാറുണ്ട്.

സൈബീരിയയിൽനിന്ന് ഇന്ത്യ വഴി ആഫ്രിക്കയിലേക്ക്
സൈബീരിയയിൽനിന്നും ചൈനയിൽനിന്നും ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന പക്ഷിയാണ് ചെങ്കാലൻ പുള്ള് (Amur Falcon). അറബിക്കടലിന് മുകളിലൂടെയാണ് പറക്കൽ. ഏതാണ്ട് 22000 കിലോമീറ്ററാണ് താണ്ടുന്നത്. ഇന്ത്യയും ശ്രീലങ്കയും കടന്നാണ് ഈ പരുന്ത് പറക്കുന്നത്. യാത്രാ മധ്യേ ഈ പക്ഷി കേരളത്തിലും എത്താറുണ്ട്.

വിശ്രമിക്കാതെ പറക്കുന്ന വിരുതൻ
ലോകത്ത് വിശ്രമിക്കാതെ ഏറ്റവും കൂടുതൽ ദൂരം പറന്ന് ദേശാടനം നടത്തുന്ന പക്ഷി ഏതെന്നറിയേണ്ടേ? വരവാലൻ ഗോഡ്വിറ്റ് (Bartailed Godwit). എട്ട് ദിവസത്തോളം ഒട്ടും വിശ്രമിക്കാതെ തുടർച്ചയായ പറക്കൽ. ശാന്തസമുദ്രത്തിന് മുകളിലൂടെ അലാസ്‌കയിൽനിന്ന് ന്യൂസീലൻഡിലേക്കാണ് ഇത് പറക്കുന്നത്. പതിനായിരത്തിലേറെ കിലോമീറ്റർ ആഹാരം കഴിക്കാതെ, വിശ്രമിക്കാതെ പറക്കുന്ന അദ്ഭുത പക്ഷി. ഒരിനം വരവാലൻ ഗോഡ്വിറ്റ് കേരളത്തിലും വിരുന്നുവരാറുണ്ട്.

ദേശാടനത്തിന് സ്വർണമെഡൽ
ലോകത്ത് ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ആർട്ടിക് ആളയാണ് (Arctic Tern). ഭൂമിയുടെ ദക്ഷിണധ്രുവത്തിൽനിന്ന് ഉത്തരധ്രുവത്തിലേക്ക് ഇത് ദേശാടനം നടത്താറുണ്ട്. സമുദ്രങ്ങളും ഭൂഖണ്ഡങ്ങളും കടന്നുള്ള ഈ പറക്കൽ രണ്ട് മാസത്തോളം നീണ്ടുനിൽക്കും. കൂട്ടമായിട്ടാണ് സഞ്ചാരം. ദക്ഷിണധ്രുവം മഞ്ഞിൽ മൂടുമ്പോൾ ഇത് ഉത്തരധ്രുവത്തിലേക്ക് യാത്ര പോകും. കേവലം നൂറ് ഗ്രാം തൂക്കമുള്ള ഒരു കൊച്ചു പക്ഷിയാണ് ഇത്രയും ദൂരം പറക്കുന്നത് എന്നറിയുമ്പോഴാണ് അദ്ഭുതപ്പെടുന്നത്. ആവാസ നാശവും മലിനീകരണവും വേട്ടയും ഒട്ടേറെ ദേശാടനപ്പക്ഷികളുടെ നാശത്തിന് കാരണമായിട്ടുണ്ട്. സംരക്ഷിച്ചില്ലെങ്കിൽ താമസിയാതെ അവയിൽ പലതിന്റെയും വംശം തന്നെ നശിച്ചുപോയേക്കാം.

Content Highlights: Explains how migratory birds navigate using stars, sun, and Earth's magnetic field.