ഈ ഹരിത ചാരു തീരം... കേരളപ്പിറവി ദിനത്തിൽ മലയാളകവിതകളിലെ കേരളവർണനകളിലേക്ക് ഒരെത്തിനോട്ടം!

നവംബർ 1-ന് കേരളത്തിന്റെ ജന്മദിനം! മലയാളകവിതകളിലെ ഏതാനും ചില കേരളവർണനകൾ
പ്രശസ്ത കവയിത്രിയായ സുഗതകുമാരിയുടെ അച്ഛൻ ബോധേശ്വരൻ രചിച്ച കേരളഗാനം,
''ജയ ജയ കോമള കേരള ധരണീ!
ജയ ജയ മാമക പൂജിത ജനനീ'' എന്ന വാഴ്ത്തുപാട്ടോടെയാണ് തുടങ്ങുന്നത്. തുടർന്ന് അദ്ദേഹം;
''ജാതിമതാന്ധ്യമതാന്തമെതിർക്കും
ബോധവിഭാവിതമെന്നുടെ രാജ്യം
സർവ്വസ്വതന്ത്രസമസ്ഥിതിദായക
സാർവ്വജനീനകുലീനയുവത്വം
നിത്യവുമെങ്ങു കുതിച്ചുയരുന്നിതു
നിർഭയമതുതാൻ മാമകരാജ്യം'' എന്നും എഴുതുന്നുണ്ട്.
ഇനി മറ്റുചില വരികളും അവയുടെ രചയിതാക്കളെയും അറിയാം.
''ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ'' എന്ന് കുഞ്ചൻ നമ്പ്യാർ മലയാളത്തെപ്പറ്റി സംശയമെന്യേ എഴുതി.
രബീന്ദ്രനാഥ ടാഗോർ കേരളം സന്ദർശിക്കവേ സ്വാഗതമോതാൻ മഹാകവി കുമാരനാശാൻ എഴുതിയ 'സ്വാഗതപഞ്ചകത്തിൽ' കേരളത്തെ സംസ്കൃതഭാഷയിലാണ് വർണിക്കുന്നത്!
''കേരളമേ! കേരളമേ!
കേരസസ്യകേദാരമേ!
പാരിതിനെന്നമ്മയല്ലീ ഹാരമല്ലീ?
ചേണിയലും ജഗതിക്കു റാണിയായ നിൻ പദത്തിൽ
പാണികൂപ്പിപ്പതിക്കുന്നു ഭക്തർ നിൻ പുത്രർ'' എന്നും
''ഞങ്ങളുടെ ശരീരം നീ,
ഞങ്ങളുടെ മനസ്സു നീ,
ഞങ്ങളുടെ ചൈതന്യം നീ,
സർവ്വസ്വവും നീ,
ജാതിയൊന്നു, മതമൊന്നു,
വർണ്ണമൊന്നു നിൻ വയറ്റിൽ
ജാതരായ ഞങ്ങൾക്കെല്ലാം കേരളീയത്വം'' എന്നും ഉള്ളൂർ എസ്. പരമേശ്വരയ്യർ കുറിച്ചു.
''ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം,
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ'' എന്നും
''പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു-
കൊള്ളുന്നു, കുമാരിയും ഗോകർണ്ണേശനുമമ്മേ'' എന്നും വള്ളത്തോൾ നാരായണമേനോൻ രചിച്ചു.
''കന്യാകുമാരി ക്ഷിതിയാദിയായ്
ഗോകർണ്ണാന്തമായ് തെക്കുവടക്കു നീളേ
അന്യോന്യമംബാശിവർനീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.'' എന്ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതി.
''മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതക കാന്തിയിൽ മുങ്ങിമുങ്ങി
കരളും മിഴിയും കവർന്നു മിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി!'' എന്ന് ചങ്ങമ്പുഴ കൃഷ്ണപിള്ള കോറിയിട്ടു.
''ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി'' എന്ന് വയലാർ രാമവർമ ആശിച്ചു!
''കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
ക്കേറിയും കടന്നും ചെ
ന്നന്യമാം രാജ്യങ്ങളിൽ,
അറബിക്കടലിനും
തൻ തിരക്കൈ കൊണ്ട
തിന്നതിരിട്ടൊതുക്കുവാ
നായതില്ലിന്നോളവും'' എന്ന് പാലാ നാരായണൻ നായർ അഭിമാനിച്ചു.
''എത്രനാളായ് മറുനാട്ടിലിങ്ങനെ
ചത്തുജീവിച്ചലയുന്ന ചേതന.
കൂലിവേണ്ടാ പണിയായുധങ്ങളേ
നാലുനാളേക്ക് അവധിയരുളുമോ?'' എന്ന് പി. കുഞ്ഞിരാമൻ നായർ പരിതപിക്കുന്നു.
''ശ്യാമസുന്ദര കേര കേദാര ഭൂമി
ജനജീവിത ഫലധാന്യ സമ്പന്ന ഭൂമി
ഇത് ശ്യാമസുന്ദര കേര കേദാര ഭൂമി...
മാനവർക്ക് സമത നൽകിയ
മാവേലിതൻ ഭൂമി മധുര
മഹിത ലളിതകലകൾ വിരിയും
മലർവാടി'' എന്നും
''മാമലകൾക്കപ്പുറത്ത്
മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്-
കൊച്ചുമലയാളമെന്നൊരു നാടുണ്ട്'' എന്നും പി. ഭാസ്കരൻ കോൾമയിർകൊണ്ടു!
''ഓമൽ കൈരളി പാടൂ പാടൂ
ഒരായിരം തിരുനാവുകളിൽ
ഒരായിരം തിരുവരങ്ങിലിനിയും
ഓമൽ കൈരളി പാടൂ
കേരളമൊന്നായ് തീർന്നൊരു നാളിൻ
കേളി മുഴങ്ങട്ടേ!
അത്തിരുനാളിൻ കേളി മുഴങ്ങട്ടേ'' എന്ന് ഒ.എൻ.വി കുറുപ്പ് പാടി.
''ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേക്കുവേണ്ടി'' എന്ന് സുഗതകുമാരി ചൊല്ലുമ്പോഴും, അമ്മയായി കൈരളിയും പ്രകൃതിയുമുണ്ട്!
''കേരളം... കേരളം...
കേളികൊട്ടുയരുന്ന കേരളം...
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ കേരളം'' എന്ന് ശ്രീകുമാരൻ തമ്പി അഭിമാനിക്കുന്നു.
''കേരനിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്'' എന്ന് ബീയാർ പ്രസാദ് എഴുതി.
''സഹ്യസാനു ശ്രുതി ചേർത്തുവെച്ച മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം'' എന്ന് യൂസഫലി കേച്ചേരി
ഇങ്ങനെ, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടേറെ രചയിതാക്കൾ കേരളത്തെ വാഴ്ത്തിപ്പാടിയിടുണ്ട്. നമുക്കും ഈ വരുന്ന കേരളപ്പിറവിദിനത്തെ വാഴ്ത്തിപ്പാടി ആഘോഷിക്കാം!
Content Highlights: Celebrates Keralappiravi with verses from renowned Malayalam poets.