ഇവരെ കണ്ടുപഠിച്ചോളൂ..... ജീവിക്കാൻ ഒരു ധൈര്യമൊക്കെ വരും!

#സന്ധ്യ എം.
Mathrubhumi Archieves
Mathrubhumi Archieves

കേൾക്കാത്ത സംഗീതജ്ഞൻ
ഒരു സംഗീതജ്ഞന് ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്? ശബ്ദംതന്നെ അല്ലേ? എന്നാൽ പെട്ടെന്നൊരു ദിവസം അയാൾക്ക് ഒന്നും കേൾക്കാൻവയ്യാതായാലോ? സങ്കല്പിക്കാൻ പോലും വയ്യ. എങ്കിൽ അങ്ങനെ ഒരാൾക്ക് സംഭവിച്ചു. ബീഥോവനെന്ന ലോകപ്രശസ്ത സംഗീതജ്ഞന്! എന്നാൽ, കേൾവിശക്തി നഷ്ടമായിട്ടും ബീഥോവൻ അതിമനോഹരമായി സംഗീതം ചിട്ടപ്പെടുത്തി തന്റെ കുറവിനെ തോല്പിച്ചുകളഞ്ഞു. ആത്മാവിന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന സംഗീതത്തെ ചുറ്റുപാടുകളിൽ നിന്നും ബീഥോവൻ വായിച്ചെടുത്തു. കേൾവിശക്തി നഷ്ടപ്പെട്ടിട്ടും കുയിലിന്റെ പാട്ടും മഴയുടെ ചിണുങ്ങലും വീണ്ടും വീണ്ടും ഓർത്തെടുത്ത് സംഗീതമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇറോയിക്ക, മിസ്സാ സോളമിസ്, ഒൻപതാം സിംഫണി എന്നിവയൊക്കെ ബീഥോവന്റെ പ്രശസ്തമായ സൃഷ്ടികളാണ്.

മെൻലോ പാർക്കിലെ മാന്ത്രികൻ
കൊച്ചുതോമസിന് മുഴുവൻ സംശയങ്ങളായിരുന്നു. അവ പറഞ്ഞുകൊടുത്താലോ, ഒന്നും മനസ്സിലാകാത്തതുപോലെ മിഴിച്ചിരിക്കും. ഒടുവിൽ 'മന്ദബുദ്ധി' എന്നു വിളിച്ച് ടീച്ചർ അവനെ ക്ലാസ്സിൽ നിന്നിറക്കിവിട്ടു. അങ്ങനെ വെറും മൂന്നുമാസം മാത്രമേ കൊച്ചുതോമസിന് സ്‌കൂളിൽ പോകാൻ കഴിഞ്ഞുള്ളൂ. പിന്നെ അമ്മയായിരുന്നു അധ്യാപിക. സംശയക്കുടുക്കയായ ആ കുട്ടിക്ക് അധികം താമസിയാതെ കേൾവിക്കുറവും പിടിപെട്ടു. മാത്രമല്ല കാര്യങ്ങൾ മനസ്സിലാക്കാനും എഴുതാനുമൊക്കെ വലിയ പ്രയാസം. 12 വയസ്സുവരെ അവന് വായിക്കാൻ തന്നെ അറിയില്ലായിരുന്നു. ആരായിരുന്നു ഈ കുട്ടി? ആയിരത്തിൽപ്പരം കണ്ടുപിടിത്തങ്ങൾ നടത്തി ശാസ്ത്രചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച തോമസ് ആൽവ എഡിസൺ!

തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച എഡിസൺ തന്റെ ശാരീരിക വൈകല്യങ്ങളെ അതിജീവിച്ചാണ് വലിയവലിയ കണ്ടുപിടിത്തങ്ങൾ നടത്തിയത്. ന്യൂജഴ്സിയിലെ മെൻലോ പാർക്കായിരുന്നു അദ്ദേഹത്തിന്റെ മിക്ക പരീക്ഷണങ്ങളുടെയും വേദി. 'മെൻലോ പാർക്കിലെ മാന്ത്രികൻ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതുതന്നെ. കാലങ്ങൾക്കിപ്പുറത്ത് ഇന്നും നമ്മൾ എഡിസനെ ഓർക്കുകയും അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു.

''എനിക്കൊന്നുമില്ലല്ലോ!''
തിങ്ങിനിറഞ്ഞ ജനക്കൂട്ടം. ജനക്കൂട്ടത്തെ നോക്കി ഒരാൾ ആവേശത്തോടെ പ്രസംഗിക്കുകയാണ്. കുറച്ചുകൂടി അടുത്തേക്കു ചെന്നുനോക്കിയാൽ കാണാം, പ്രാസംഗികന്റെ കാലുകൾ താങ്ങി നിർത്തിയ നിലയിലാണ്. പിന്നീടൊരിക്കൽ കണ്ടപ്പോൾ അദ്ദേഹം ഊന്നുവടിയുപയോഗിച്ച് നടക്കുകയാണ് - 'എന്റെ കാലുകൾക്ക് ഒരു കുഴപ്പവുമില്ലെന്ന ഭാവത്തിൽ'. ആരാണെന്നോ? ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽട്ട്‌. അമേരിക്കയുടെ 32-ാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. നാലുതവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മഹാന്മാരായ അമേരിക്കൻ പ്രസിഡന്റുമാരിൽ ഒരാളായിരുന്നു. 1921-ൽ ഒരു അവധിക്കാലത്താണ് അദ്ദേഹത്തിന് പോളിയോ ബാധിച്ചത്. ഇതിനെത്തുടർന്ന് അരയ്ക്കുതാഴെ പൂർണമായി തളർന്ന അദ്ദേഹം തളരാത്ത മനസ്സുമായി രാഷ്ട്രീയത്തിൽ സജീവമായി. പോളിയോ ബാധിച്ചവർക്കായി ഒരു ചികിത്സാകേന്ദ്രവും അദ്ദേഹം തുടങ്ങുകയുണ്ടായി.

ചിരിച്ചുകൊണ്ടു കരഞ്ഞയാൾ!
കറുത്തകോട്ടും തൊപ്പിയും കൈയിലൊരു വടിയും കറക്കി വേഗത്തിൽ നടന്നുവരുന്ന ചാർളിചാപ്ലിനെ കണ്ടിട്ടില്ലേ? ചിരിച്ചുചിരിച്ച് മണ്ണുകപ്പും ചാപ്ലിന്റെ ഓരോ വിക്രിയകൾ സിനിമയിൽ കണ്ടാൽ. എന്നാൽ ചാപ്ലിന്റെ യഥാർഥ ജീവിതകഥ കേട്ടാൽ ആരും കരഞ്ഞുപോകും. ചെറുപ്പത്തിലേ അച്ഛനും അമ്മയും വേർപിരിഞ്ഞ ചാപ്ലിന് അമ്മയായിരുന്നു എല്ലാം.

ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിനിടയ്ക്കുവച്ച് അമ്മയ്ക്ക് മാനസികരോഗം പിടിപെട്ടു. അമ്മയെക്കുറിച്ചുള്ള വേദന ഉള്ളിൽ കടിച്ചമർത്തിയാണ് ചാപ്ലിൻ പലപ്പോഴും മറ്റുള്ളവരെ ചിരിപ്പിച്ചത്. മഴയത്തു നിന്നു കരയാനാണത്രേ ചാപ്ലിൻ ഇഷ്ടപ്പെട്ടത്. അപ്പോൾ കരയുന്നത് മറ്റാരും കാണില്ലല്ലോ!

പറുദീസാ നഷ്ടങ്ങൾ!
വില്യം ഷേക്സ്പിയറിനുശേഷം ഇംഗ്ലീഷുകാരുടെ ആദരം പിടിച്ചുപറ്റിയ കവിയാണ് ജോൺ മിൽട്ടൺ. 1608 ഡിസംബർ 9 ന് ലണ്ടനിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച മിൽട്ടൺ തന്റെ കവിതകളിലൂടെ ലോകശ്രദ്ധ നേടി. മിൽട്ടന്റെ 'പാരഡൈസ് ലോസ്റ്റ്' എന്ന കൃതി ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ദൈവത്തേയും വിശ്വാസത്തേയും കുറിച്ച് ചർച്ച ചെയ്യുന്ന ഈ കൃതിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. പൂർണ അന്ധനായിത്തീർന്നതിനുശേഷമാണ് അദ്ദേഹം ആ കവിത എഴുതിയത്. കാഴ്ചയുണ്ടായിരുന്ന ഒരാൾക്ക് പെട്ടെന്ന് ഒരു ദിവസം ചുറ്റും ഇരുട്ടുമാത്രം ആകുന്ന അവസ്ഥ ഒന്നു സങ്കല്പിച്ചുനോക്കൂ! ആ അവസ്ഥയിലും തന്നെക്കുറിച്ചോർക്കാതെ, ജീവിതയാഥാർഥ്യങ്ങളിലേക്കും മാനുഷികപ്രശ്നങ്ങളിലേക്കും കടന്നുചെന്ന കവിമനസ്സിനെ നമുക്ക് സ്തുതിക്കാം.

വീൽചെയറിലെ ഓട്ടക്കാരി!
വീൽചെയറിലിരുന്ന് സ്പോർട്സ് മെഡലുകൾ വാരിക്കൂട്ടിയ ഒരു വനിതയുണ്ട് ടാനി ഗ്രേ തോംസൺ. ജന്മനാ കാലുകൾ തളർന്ന് ജീവിതം മുഴുവൻ വീൽചെയറിൽ കഴിച്ചുകൂട്ടിയ ടാനിയുടെ മനസ്സ് പക്ഷേ,

ഒരിക്കലും തളർന്നില്ല. കായികമത്സരങ്ങളിൽ പങ്കെടുക്കാൻ അവൾക്ക് വലിയ ആവേശമായിരുന്നു. അംഗവൈകല്യമുള്ള അത്ലറ്റുകൾക്കായി പ്രത്യേക മത്സരവിഭാഗമുള്ള ബ്രിട്ടനിലെ, മികച്ച അത്ലറ്റുകളിൽ ഒരാളായിരുന്നു ടെനി. വീൽചെയർ ബാസ്‌ക്കറ്റ് ബോളിലും 400 മീറ്റർ ഓട്ടത്തിലും ടാനി തിളങ്ങി നിന്നു. ലോക ചാമ്പ്യൻഷിപ്പുകളിൽ പലതവണയായി ആറ് സ്വർണമെഡലുകളും ടാനി സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Profiles of six icons who turned personal challenges into historical triumphs