ഇത് വെറും കളിയല്ല! വീടിനകത്തുതന്നെ ഇരുന്ന് കളിക്കാവുന്ന ചില രസികൾ കളികൾ പരിചയപ്പെടാം

ഓർമശക്തി കൂട്ടാനും പുതുതായി ചില കാര്യങ്ങൾ പഠിക്കാനുമൊക്കെ സഹായിക്കുന്ന കളികളാണ് കൂട്ടുകാരെ പരിചയപ്പെടുത്തുന്നത്. ചുരുങ്ങിയത് രണ്ടുപേർക്ക് കളിക്കാവുന്ന കളികളാണ് ഇതെങ്കിലും കൂടുതൽപേരുണ്ടെങ്കിൽ അവർക്കും ഈ കളികളിൽ കൂട്ടുകൂടാം.
ഫാമിലി ഫോട്ടോ ബിൻഗോ
അച്ഛനമ്മമാരുടെ വിവാഹ ആൽബം, പിറന്നാൾ ആൽബം തുടങ്ങി ഒന്നോ രണ്ടോ ആൽബമെങ്കിലും കൂട്ടുകാരുടെ വീട്ടിൽ ഉണ്ടാവുമല്ലോ. അതുവെച്ച് ഒരു മെമ്മറി ഗെയിം കളിക്കാം. ആദ്യം ആൽബത്തിലെ ഏതെങ്കിലും ഒരു ഗ്രൂപ്പ്ഫോട്ടോ തിരഞ്ഞെടുക്കുക. എന്നിട്ട് ആ ഫോട്ടോയിൽ ഉള്ള ആളുകൾ ആരൊക്കെയാണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിയുമോ എന്ന് നോക്കാം. ഇതിനായി രണ്ടുപേരും ഓരോ പേപ്പറും പേനയുമെടുക്കണം. ശേഷം ഓരോരുത്തരായി ഫോട്ടോ നോക്കി അവരവർ തിരിച്ചറിഞ്ഞ ആളുകളുടെ പേരും ബന്ധവുമൊക്കെ പേപ്പറിൽ എഴുതുക. ഫോട്ടോയിലെ കൂടുതൽപേരെ തിരിച്ചറിയാൻ കഴിഞ്ഞ ആളായിരിക്കും കളിയിലെ വിജയി. അറിയാത്ത ആളുകളെ വീട്ടിലെ മുതിർന്നവരോട് ചോദിച്ച് മനസ്സിലാക്കാം. ശേഷം അവരെക്കൂടി ഓർത്തെടുത്ത് പേപ്പറിൽ എഴുതാൻ പറ്റുമോ എന്ന് നോക്കാം. കളി കഴിയുമ്പോഴേക്കും ആൽബത്തിന് കേടുപാടുകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുകയുംവേണം കേട്ടോ.
ടച്ച് ആൻഡ് ഫീൽ
കളി തുടങ്ങുന്നതിനുമുൻപ് കൂട്ടുകാർ കുറച്ച് സാധനങ്ങൾ ഒപ്പിക്കണം. അമ്മയോട് ചോദിച്ച് അടുക്കളയിൽനിന്ന് കുറച്ച് പച്ചക്കറികൾ എടുക്കാം. പിന്നെ ബോൾ, സ്കെയിൽ, സ്പൂൺ, പാവ പോലുള്ള ചെറിയ ചില സാധനങ്ങളും. ആദ്യം ഒരാൾ ഈ സാധനങ്ങൾ ഒരു സ്ഥലത്ത് വയ്ക്കുക. നിങ്ങൾ എടുത്തുവെച്ച സാധനങ്ങൾ രണ്ടാമത്തെയാൾ കാണാൻ പാടില്ല. എല്ലാം എടുത്തുവെച്ചശേഷം രണ്ടാമത്തെ ആളെ ഒരു മേശയ്ക്ക് മുന്നിൽ ഇരുത്തുക. അയാളുടെ കണ്ണ് തുണികൊണ്ടോ മറ്റോ വേദനിപ്പിക്കാതെ പെട്ടെന്ന് അഴിച്ചെടുക്കാവുന്ന തരത്തിൽ കെട്ടാം. എന്നിട്ട് അയാളുടെ മുന്നിൽ ഒരു പ്ലേറ്റോ, ബോക്സോ മറ്റോ വയ്ക്കാം. നിങ്ങൾ എടുത്തുവെച്ചിരിക്കുന്ന സാധനങ്ങളിൽനിന്ന് ഒരെണ്ണം അതിലിടാം. ആ സാധനം എന്താണെന്ന് തൊട്ടുനോക്കി പറയുകയാണ് കളി.
ട്രിങ് ട്രിങ് ടെലഫോൺ
രണ്ടുപേരും അല്പം അകലം പാലിച്ച് ഓരോ കസേരയിലായി ഇരിക്കുക. ആദ്യം ഒരാൾ മറ്റേയാളെ ഫോൺ ചെയ്യുന്നതുപോലെ ആംഗ്യം കാണിക്കണം. രണ്ടാമത്തെ ആൾ ഫോൺ എടുക്കുന്ന ആംഗ്യം കാണിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് വിശേഷങ്ങൾ ചോദിച്ചുതുടങ്ങാം. രണ്ടാമത്തെ ആൾ ആദ്യത്തെ ആളുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം. അവിടെയാണ് ട്വിസ്റ്റ്. ആദ്യത്തെ ആൾ എന്ത് ചോദ്യം ചോദിച്ചാലും രണ്ടാമത്തെ ആൾ ഒരേ ഉത്തരമായിരിക്കണം പറയേണ്ടത്. ഉദാഹരണത്തിന് ആദ്യത്തെ ആൾ, 'എന്തുണ്ട് വിശേഷം?', 'ഭക്ഷണം കഴിച്ചോ?' എന്നൊക്കെ ചോദിക്കുമ്പോൾ രണ്ടാമത്തെ ആൾ എല്ലാ ചോദ്യത്തിനും 'എന്റെ പേര് രമ.' എന്നുതന്നെ ഉത്തരം പറഞ്ഞുകൊണ്ടേയിരിക്കണം. ആദ്യത്തെ ആൾ വിശേഷങ്ങൾ ചോദിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കണം. രണ്ടാമത്തെ ആൾ ഒരേ ഉത്തരംതന്നെ പറയുകയും വേണം. ആദ്യത്തെ ആൾ വിശേഷങ്ങൾ ചോദിക്കുന്നത് നിർത്തിയാലോ, മറ്റേയാളുടെ ഉത്തരം മാറിപ്പോയാലോ ആ ആൾ കളിയിൽനിന്ന് പുറത്താവും. വിശേഷങ്ങൾ ചോദിക്കുകയും ഉത്തരം പറയുകയും ചെയ്യുന്ന ആളുകളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റി ഇതേ കളി വീണ്ടും തുടരാം.
ആക്ഷൻ ചെയിൻ
ആദ്യം ഒരാൾ ഒരു ആക്ഷൻ കാണിക്കുക. രണ്ടുവട്ടം ചാടുകയോ, ഒരു പുസ്തകം കൈയിൽ പിടിച്ച് വീശുകയോ ഒക്കെ ചെയ്യാം. രണ്ടാമത്തെ ആൾ ആദ്യം ഇതേ ആക്ഷൻ കാണിക്കണം. ഒപ്പം സ്വന്തമായി മറ്റൊരു ആക്ഷൻ കൂടി കാണിക്കണം. അതായത് ആദ്യത്തെ ആൾ രണ്ടുവട്ടം ചാടിയ ആക്ഷനാണ് കാണിച്ചതെങ്കിൽ രണ്ടാമത്തെ ആൾ ആദ്യം രണ്ടുവട്ടം ചാടിയശേഷം മറ്റൊരു ആക്ഷൻ കൂടി കാണിക്കണം (ഉദാ. മുടി ചീകുന്ന ആക്ഷനോ മറ്റോ). ഇനി വീണ്ടും ആദ്യത്തെ ആളുടെ ഊഴമാണ്. അയാൾ, രണ്ടാമത്തെ ആൾ കാണിച്ച രണ്ട് ആക്ഷനുകളും ഒപ്പം മറ്റൊരു ആക്ഷനുംകൂടി കാണിക്കണം. മൊത്തം മൂന്ന് ആക്ഷനുകൾ. രണ്ടാമത്തെ ആൾ ഇത് ആവർത്തിക്കുക. അങ്ങനെ ഈ കളി ആക്ഷനുകളുടെ ഒരു ചങ്ങലയായി നീണ്ടുപോകണം. ഇടയ്ക്കുവെച്ച് ആക്ഷനുകളുടെ ഓർഡർ തെറ്റിക്കുകയോ, ഏതെങ്കിലും ഒരു ആക്ഷൻ മറന്നുപോവുകയോ ചെയ്യുന്ന ആൾ കളിയിൽനിന്ന് പുറത്താകും. മറ്റേ ആളാകും അപ്പോൾ വിജയി. വേറെ ഒരുസെറ്റ് ആക്ഷനുകൾ ചേർത്ത് വീണ്ടും ഈ കളി കൂട്ടുകാർക്ക് തുടരാം.
Content Highlights: Engaging indoor games designed to enhance memory and learning skills