നിങ്ങൾക്ക് പാറ്റകളെ പേടിയാണോ? പാറ്റകളെക്കുറിച്ച് ചിലതൊക്കെ അറിയാം

#ഡോ.എസ്.നജീബ്

'പാറ്റ' എന്ന വാക്ക് കേൾക്കുമ്പോൾ മിക്ക ആളുകളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അഴുക്ക്, രോഗം, ഇരുട്ട് എന്നീ ചിന്തകളാണ്. വീടുകളിൽ പാറ്റകളെ കണ്ടാൽ നാം അവയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, ശാസ്ത്രലോകം പറയുന്നത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. മനുഷ്യർ വെറുക്കുന്ന ഈ ചെറിയ ജീവി, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ജീവപരിണാമപഠനങ്ങളിലും വൈദ്യശാസ്ത്രവികസനത്തിലും അതുല്യമായ സംഭാവനകൾ നൽകുന്ന ഒരു ജീവിവർഗമാണ്.

പ്രകൃതിയിലെ പോരാളി

പാറ്റകളെ 'Nature's Clean-up Crew' എന്നാണ് പരിസ്ഥിതിശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. കാരണം, അവ ഭക്ഷിക്കുന്നത് ചീഞ്ഞ ഇലകൾ, ഉണങ്ങിയ മരക്കഷണങ്ങൾ, ജഡാവശിഷ്ടങ്ങൾ, ജൈവമാലിന്യങ്ങൾ എന്നിവയാണ്. ന്യൂട്രിയന്റ് സൈക്ലിങ്ങിലൂടെ ഇവയെ വിഘടിപ്പിച്ച് മണ്ണിലേക്ക് പോഷകങ്ങൾ തിരിച്ചെത്തിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാൻ ഇവ സഹായിക്കുന്നു. ചില സ്പീഷീസുകൾ പ്ലാസ്റ്റിക്കിന്റെ ചില ഘടകങ്ങൾ വിഘടിപ്പിക്കാനുള്ള കഴിവ് കാണിക്കുന്നതിനാൽ, മാലിന്യസംസ്‌കരണ ഗവേഷണങ്ങളിലും പാറ്റകൾക്ക് പ്രാധാന്യമുണ്ട്.

പക്ഷികൾ, തവളകൾ, പല്ലികൾ, ചിലന്തികൾ, പ്രേയിങ് മാന്റിസ്, പഴുതാരകൾ, രാത്രികാല പ്രൈമേറ്റുകളായ ലോറിസുകൾ, ചെറിയ സസ്തനികൾ തുടങ്ങിയവ പാറ്റയെ ഭക്ഷണമാക്കുന്ന ജീവികളാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാറ്റകൾക്ക് നിർണായകസ്ഥാനമുണ്ട്.

അതുപോലെ ചില പാറ്റകൾ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു, അവയ്ക്ക് ഭക്ഷണം നൽകുന്നു. ചില സ്പീഷീസുകളിൽ കുടുംബാംഗങ്ങൾ വർഷങ്ങളോളം ഒരുമിച്ച് ജീവിക്കുന്നു.

ഗവേഷണലോകത്തെ പാറ്റകൾ

പാറ്റയുടെ ശരീരത്തിലും ഹീമോലിംഫിലും (പാറ്റയുടെ രക്തം) കുടലിലെ സൂക്ഷ്മജീവികളിലും (Gut Microbiome) ധാരാളം ജൈവഘടകങ്ങൾ (Bioactive Molecules) അടങ്ങിയിട്ടുണ്ട്. ഇവയിൽനിന്ന് ഭാവിയിൽ ധാരാളം മരുന്നുകൾ വികസിപ്പിക്കാനാവും. പുതിയ ആന്റിബയോട്ടിക്കുകൾ, ആന്റിബാക്ടീരിയൽ മരുന്നുകൾ, ആന്റിഫംഗൽ മരുന്നുകൾ, ആന്റിവൈറൽ മരുന്നുകൾ, മുറിവ് വേഗത്തിൽ സുഖപ്പെടുത്തുന്ന മരുന്നുകൾ എന്നിവ നിർമിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരുന്നു. അലർജി, കാൻസർ എന്നീ രോഗങ്ങളുടെ ചികിത്സയിലും പാറ്റയിൽനിന്നുള്ള ജൈവഘടകങ്ങളുടെ ഉപയോഗം പഠനവിധേയമാക്കിവരുന്നു. ഇപ്പോഴും ഗവേഷണഘട്ടത്തിലാണെങ്കിലും ഭാവിയിൽ പുതിയ കാൻസർ ചികിത്സകൾ വികസിപ്പിക്കാൻ ഇത് സഹായകമാകാം.

പാറ്റയുടെ വേഗം, അതിവേഗത്തിലുള്ള പ്രതികരണശേഷി, നാഡീവ്യവസ്ഥ, അസാധാരണമായ ചലനരീതി എന്നിവ റോബോട്ടിക്‌സിലും ബയോഎൻജിനിയറിങ് ഗവേഷണമേഖലയിലും മാതൃകയായി ശാസ്ത്രജ്ഞർ ഉപയോഗപ്പെടുത്തുന്നുണ്ട്. കട്ടിയുള്ള പുറംകവചം (Exoskeleton), വേഗത്തിലുള്ള സഞ്ചാരം, വിവിധതരം ഭക്ഷണം കഴിക്കാനുള്ള കഴിവ് എന്നിവ, അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കാനുള്ള, പാറ്റയുടെ ഏറ്റവും വലിയ സവിശേഷതയാണ്.

ചൂടും തണുപ്പും ഈർപ്പവും കൂടുതലായുള്ള സാഹചര്യങ്ങളിലും ഭക്ഷണലഭ്യത കുറഞ്ഞ സാഹചര്യങ്ങളിലും ജീവിക്കാൻ പാറ്റയ്ക്ക് കഴിയും. ഈ അനുകൂലനശേഷിതന്നെയാണ് ജീവപരിണാമപഠനങ്ങളിൽ പാറ്റയെ പ്രധാന മാതൃകയാക്കുന്നത്. ചില സ്പീഷീസുകൾക്ക് നഷ്ടപ്പെട്ട കാലുകൾ വീണ്ടും വളരുന്ന കഴിവുണ്ട്. അതുകൊണ്ടുതന്നെ Regeneration Biology പഠനത്തിൽ പാറ്റയെ വളരെ പ്രധാനപ്പെട്ട മാതൃകയായി ഉപയോഗിക്കുന്നു.

പാറ്റയുടെ ജൈവചരിത്രം

ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ജീവികളിലൊന്നാണ് പാറ്റകൾ. ഇവയുടെ പൂർവികർ ഏകദേശം 360 ദശലക്ഷം വർഷം മുൻപ്, കാർബോണിഫെറസ് കാലഘട്ടത്തിൽത്തന്നെ ഭൂമിയിൽ ജീവിച്ചിരുന്നു. ആധുനികമനുഷ്യനായ ഹോമോ സാപിയൻസ് (Homo sapiens) വെറും മൂന്നുലക്ഷം വർഷം മുൻപാണുണ്ടായത്. അതായത്, മനുഷ്യനെക്കാൾ കോടിക്കണക്കിനുവർഷം മുൻപ് പാറ്റയുടെ പൂർവികർ ഭൂമിയിൽ ഉണ്ടായിരുന്നു.  കോടിക്കണക്കിന് വർഷങ്ങളായി വ്യത്യസ്തമായ കാലാവസ്ഥയിലും പരിസ്ഥിതിയിലും അനുകൂലനശേഷിയോടെ നിലനിൽക്കാൻ കഴിഞ്ഞ ഒരു ജീവിവർഗമാണ് പാറ്റ.

പാറ്റകൾ പലവിധം

എല്ലാ പാറ്റകളും ശല്യക്കാരല്ല. ലോകത്ത് ഏകദേശം 4700 സ്പീഷീസ് പാറ്റകളുണ്ട്. എന്നാൽ, അവയിൽ ഏകദേശം 30 സ്പീഷീസുകൾ മാത്രമാണ് മനുഷ്യരുടെ വീടുകളിൽ കാണപ്പെടുകയും ശല്യജീവികളായി കണക്കാക്കപ്പെടുകയും ചെയ്യുന്നത്. ബാക്കിയുള്ള ആയിരക്കണക്കിന് സ്പീഷീസുകൾ വനങ്ങൾ, പുൽമേടുകൾ, മരച്ചില്ലകൾ, മരുഭൂമികൾ, ഗുഹകൾ തുടങ്ങിയ പ്രകൃതിദത്ത ആവാസവ്യവസ്ഥകളിൽ ജീവിക്കുന്നു. അതുകൊണ്ട്, വീട്ടിൽ കാണുന്ന ഏതാനും പാറ്റകളെ മാത്രം അടിസ്ഥാനമാക്കി എല്ലാ പാറ്റകളെയും 'അഴുക്കിന്റെ പ്രതീകം' എന്ന് വിളിക്കുന്നത് ശാസ്ത്രീയമായി ശരിയല്ല.

Content Highlights: Cockroaches act as Nature's Clean-up Crew by recycling organic waste and enriching soil fertility., They play a crucial role in the food chain as a food source for birds, reptiles, and small mammals., Out of 4,700 species, only about 30 species are household pests, while the rest live in natural ecosystems.