ശാസ്ത്രമേളയിൽ സയൻസ് മാസിക തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

#സുരേഷ് കാട്ടിലങ്ങാടി

സ്‌കൂൾ അധ്യയനത്തിൽ രണ്ടാം പാദം തുടങ്ങി. ഇനി മേളകളുടെ കാലമാണ്. ശാസ്ത്രമേളയിൽ ശാസ്ത്ര മാസിക ചെയ്യുന്ന രീതി കഴിഞ്ഞ വർഷം പരിഷ്‌കരിച്ചിരിക്കുകയാണ്. പുതിയ രീതിയിൽ എങ്ങിനെ മാസിക തയ്യാറാക്കാമെന്ന് നോക്കാം.

വന്നിട്ടുള്ള മാറ്റങ്ങൾ: ശാസ്ത്രമേളയിലെ ഇനങ്ങളിൽ വന്നിട്ടുള്ള പരിഷ്‌കരണങ്ങളിലൊന്ന് സയൻസ് മാസികാ നിർമ്മാണത്തിലാണ്. മുൻകൂട്ടി തയ്യാറാക്കി സമർപ്പിക്കുന്ന രീതി ഒഴിവാക്കി തത്സമയ മത്സരമാക്കിയെന്നതാണ് പ്രധാനമായ മാറ്റം. കുട്ടികളുടെ സ്വതന്ത്രവും സർഗ്ഗാത്മകവുമായ അവതരണത്തെ പുറത്തുനിന്നുള്ള ഇടപെടൽ ബാധിക്കുന്നുവെന്ന കാലങ്ങളായുള്ള പരാതിക്കാണ് ഇതോടെ അവസാനമാവുന്നത്. തയ്യാറാക്കേണ്ട പേജുകളുടെ എണ്ണം 50 ൽ നിന്നും 30 ആക്കി (കവർ ഉൾപ്പെടെ) കുറച്ചിട്ടുണ്ട്. അഞ്ചുപേർ അടങ്ങുന്ന സംഘമാണ് പങ്കെടുക്കേണ്ടത്. എഴുതാനുള്ള A4 പേപ്പർ, പുറം ചട്ടയ്ക്കുള്ള കാർഡ് ഷീറ്റ് എന്നിവ സംഘാടകർ നൽകും.

ഉപജില്ലയിലേക്ക് തയ്യാറാക്കുന്ന മാസിക സംസ്ഥാന തലം വരെ പരിഗണിക്കുന്ന രീതി മാറ്റി ഓരോ തലത്തിലും പ്രത്യേക മത്സരമാക്കിയിരിക്കുകയാണ്. രണ്ടു ദിവസങ്ങളിലായി അഞ്ചുമണിക്കൂറാണ് നിർമ്മാണ സമയം. മത്സരത്തിനു മുന്നോടിയായി ശാസ്ത്രാവബോധം, മാസികാ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധ ക്ലാസ് നൽകും. അതു കഴിഞ്ഞാൽ ഒരു മണിക്കൂർ റഫറൻസ് സമയമാണ്. ക്ലാസ്സിൽ നിന്നു കിട്ടിയ ആശയങ്ങൾ മാസികയിൽ പ്രാവർത്തികമാക്കാം. പുസ്തകങ്ങൾ, ഓൺലൈൻ സംവിധാനങ്ങൾ എന്നിവയും ഇതിന് പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ കുറിപ്പുകളോ മറ്റോ ഹാളിലേക്ക് കൊണ്ടു പോവാൻ പാടില്ല. ഒന്നാം ദിവസം ചെയ്ത പേജുകൾ സംഘാടകരെ ഏൽപ്പിക്കണം. ശേഷിച്ചത് അടുത്തദിവസം പൂർത്തിയാക്കാം. അവസാനത്തെ 30 മിനിറ്റ് ബൈന്റു ചെയ്യാനുള്ള സമയമാണ്. പുസ്തകം തയ്യാറാക്കിക്കഴിഞ്ഞാൽ അതിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഇനങ്ങളെക്കുറിച്ചും ശാസ്ത്ര കാര്യങ്ങളെക്കുറിച്ചുമുള്ള അറിവ് പരിശോധന (viva) നടക്കും. പരിമിതമായ സമയത്തിനുള്ളിൽ മാസിക മികച്ച രീതിയിൽ തയ്യാറാക്കാനുള്ള ചില നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണിവിടെ.

ഒരുക്കേണ്ട രീതി: ഏറ്റവും പുതിയ ശാസ്ത്ര വിശേഷങ്ങളാണ് മാസികയ്ക്കായി കണ്ടെത്തേണ്ടത്. ഒരു പേജിൽ ഒതുങ്ങുന്ന തരത്തിലുള്ള ഇനങ്ങൾ കൂടുതലായി ഉൾക്കൊള്ളിക്കുന്നത് നന്ന്. ശാസ്ത്രലേഖനം, കണ്ടുപിടുത്തങ്ങൾ, ശാസ്ത്ര കഥ, കവിത, പ്രശ്നോത്തരി, അഭിമുഖം, ശാസ്ത്രമൊഴികൾ തുടങ്ങിയവ ഉൾപ്പെടുത്താം. രസതന്ത്രം, ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നിവ ഏതാണ്ട് തുല്യമായി വരുന്ന വിധത്തിൽ ക്രമീകരിക്കണം. നിശ്ചിത സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതിയിൽ ആദ്യമേ പദ്ധതി തയ്യാറാക്കണം. ഓരോ ഇനങ്ങളും ആകർഷകമായ രീതിയിൽ എങ്ങനെ അവതരിപ്പിക്കണമെന്നതിനും മുൻധാരണ വേണം. മൂന്നുപേരെ എഴുതാനും രണ്ടുപേരെ വരയ്ക്കാനുമായി നിയോഗിക്കാം. സമാന കൈയ്യക്ഷരമുള്ളവരെ കണ്ടെത്തുന്നതാണ് നല്ലത്. മൊത്തം സംവിധാനത്തിന് ഇതിലൊരാൾക്ക് ചുമതല വേണം. എങ്ങനെ തുടങ്ങണം, ഓരോരുത്തരും എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യണമെന്നുള്ളതൊക്കെ കൃത്യമായ ധാരണയ്ക്കനുസരിച്ചാവണം. എഴുതാനുള്ളവ നന്നായി ഹൃദിസ്ഥമാക്കേണ്ടതുണ്ട്.

എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത്: പേപ്പറിന്റെ ഒരു ഭാഗത്ത് മാത്രമാണ് എഴുതേണ്ടത്. തുന്നി കെട്ടാനുള്ള സ്ഥലത്തിനായി ഇടതുഭാഗത്തു നിന്ന് ഒന്നര ഇഞ്ചിലധികം സ്ഥലം ഒഴിവാക്കി വേണം എഴുതിത്തുടങ്ങാൻ. മറ്റു മൂന്നു ഭാഗത്തും ഒരിഞ്ചോളം അകലം വിടുന്നത് ഭംഗിയാണ്. കവറിന്റെ രണ്ടു ഭാഗത്തും ചിത്രങ്ങളാവാം. അതിന്റെ ആശയം മാസികയുടെ പേരുമായി ബന്ധപ്പെട്ടായിരിക്കുന്നത് നന്ന്. എഴുത്ത് കറുത്ത മഷിയിലാവുന്നതാണ് വ്യക്തതയ്ക്ക് നല്ലത്. ജെൽ പേനയോ മഷിപ്പേനയോ ഉപയോഗിക്കാം. തലക്കെട്ടുകൾക്ക് സ്‌കെച്ച് പേനയോ കാലിഗ്രാഫി പേനയോ ആവാം. കുത്തിനിറച്ചും വലുതാക്കിയും എഴുതരുത്. അക്ഷരത്തെറ്റ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നോ രണ്ടോ കോളമായി ചെയ്യുന്നതാണ് ഭംഗി. ലേ-ഔട്ട് എന്നത് ഓരോ പേജും ആകർഷകമാക്കുന്ന പ്രധാന ഘടകമാണ്. വ്യത്യസ്തമായ അവതരണ രീതികൾ അവലംബിക്കുന്നത് പേജുകളെ ശ്രദ്ധേയമാക്കും. രചനകളുടെ തുടർച്ച രണ്ടു പേജിൽ കൂടേണ്ടതില്ല. പ്രധാന ഭാഗങ്ങൾ ഹൈലൈറ്റായി കൊടുക്കാം. സുതാര്യമായി ജലച്ചായനിറങ്ങൾ വാഷ് ചെയ്ത് അതിൽ എഴുതുന്നത് ഭംഗിയാണ്. ചിത്രങ്ങൾ മാസികയുടെ മുഖ്യആകർഷണമായതിനാൽ രചനകളിൽ വരയുടെയും വർണ്ണങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം.

80% രചനകളും മലയാളത്തിലാണ് സാധാരണ ചെയ്യാറുള്ളത്. അച്ചടിച്ച ചിത്രങ്ങളും പേപ്പർ കഷ്ണങ്ങളും മാസികയിൽ ഒട്ടിച്ചിടരുത്. സ്‌കൂളിനേയോ മറ്റോ തിരിച്ചറിയുന്ന യാതൊന്നും ഉണ്ടാവാൻ പാടില്ല. മൂല്യനിർണ്ണയത്തിന് ശാസ്ത്ര മൂല്യങ്ങൾക്ക് 40, വൈവിധ്യതയ്ക്ക് 30, ഉള്ളടക്കത്തിന്റെ ക്രമീകരണത്തിന് 20, കെട്ടും മട്ടും 10 എന്നിങ്ങനെയാണ് മാർക്ക് നൽകുന്നത്. പരമ്പരാഗതമായ സങ്കേതങ്ങളിൽ നിന്നും വേറിട്ട മേഖലകൾ സ്വീകരിച്ച് വ്യത്യസ്ത നിലനിർത്തണം. മാസികയ്ക്ക് ഒരു ആമുഖം ആവശ്യമാണ്.

ക്രമീകരണം: ഉള്ളടക്കത്തിലേക്ക് കടക്കുന്നതിന് മുമ്പ് ചില ഔപചാരികതകളുണ്ട്. അതിന്റെ ഏകദേശം ക്രമം ഇങ്ങനെയാക്കാം. മാസികയുടെ പേര് പുറംചട്ടയിൽ വരണം. ആദ്യ പേജിൽ വ്യക്തികൾക്കോ സമകാലിന സംഭവങ്ങൾക്കോ സ്ഥാപനങ്ങൾക്കോ ഒരു സമർപ്പണമാവാം. അതിന്റെ അടിവശത്തായി മാസികയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുവിവരവും കൊടുക്കാം. അടുത്തതായി ഉൾപേജിലുള്ള സൃഷ്ടികളുടെ പേരും ഇനവുമാണ് വരേണ്ടത്. തുടർന്ന് വ്യത്യസ്തതയുള്ള ഇനങ്ങൾ ഇടകലർത്തി കൊടുക്കാം.

ബൈന്റിംഗ് : എഴുത്തും വരയും പൂർത്തിയായാൽ ലളിതമായ രീതിയിൽ ബൈന്റിംഗ് ചെയ്യാം. തന്നിരിക്കുന്ന കാർഡ് ഷീറ്റിൽ നിന്ന് A4 വലുപ്പത്തിൽ 2 കഷ്ണങ്ങൾ മുറിച്ച് പേജുകളുടെ ആദ്യവും അവസാനവും ചേർക്കണം. ആണി, ചുറ്റിക എന്നിവ കൊണ്ട് ദ്വാരങ്ങളുണ്ടാക്കി കട്ടിയുള്ള നൂൽ കൊണ്ട് തുന്നിക്കെട്ടണം. കാർഡ് ഷീറ്റ്, A3 ഷീറ്റിന്റെ വലുപ്പത്തിനോടൊപ്പം കനത്തിനു വരുന്ന അളവും ചേർത്ത് പുറംചട്ടയ്ക്കായി മുറിച്ചെടുക്കണം. പശ തേച്ച് ആദ്യത്തെയും അവസാനത്തേയും കാർഡ് ഷീറ്റിൽ ഒട്ടിക്കുക. ചട്ടയിലെ തുന്നിയ ഭാഗത്ത് 2 സെ.മി വലുപ്പത്തിൽ ഒന്നു മടക്കിയാൽ കൂടുതൽ നന്നായി. A4 ൽ വരച്ച കവർ പുറത്ത് ഒട്ടിക്കുന്നതോടെ പുസ്തകം തയ്യാറായി. പെൻസിൽ, എറൈസർ, സ്‌കെയിൽ, പേന, സ്‌കെച്ച് പെൻ, നൂല്, ആണി, ചുറ്റിക, കളർ, ബ്രഷ്, പാലറ്റ്, തുണിക്കഷ്ണം തുടങ്ങിയ ആവശ്യമായ സാധനങ്ങൾ കരുതണം.

Content Highlights: Science magazine is now a live competition instead of pre-submitted work