ശാസ്ത്രമേളയിൽ തിളങ്ങാൻ ഗാൽവനോമീറ്റർ നിർമിച്ചാലോ?

#സുമേഷ് തോട്ടത്തില്‍

നേരിയ വൈദ്യുതിയുടെ സാന്നിധ്യവും ദിശയും അറിയാൻ സഹായിക്കുന്ന ഉപകരണമാണ് ഗാൽവനോമീറ്റർ.

ഗാൽവനോമീറ്റർ നിർമിക്കാൻ വേണ്ട സാമഗ്രികൾ:
തീപ്പെട്ടിക്കുള്ളിലെ ചെറിയ ട്രേ, ഒരു ചെറിയ മാഗ്‌നെറ്റിക് കോമ്പസ് (വടക്കുനോക്കിയന്ത്രം), നാലഞ്ച് മീറ്റർ നീളത്തിൽ ഇൻസുലേഷനുള്ള വണ്ണം കുറഞ്ഞ ചെമ്പുകമ്പി, ഒരു ടോർച്ച് സെൽ.

നിർമാണരീതി:
ട്രേയ്ക്കുള്ളിൽ മാഗ്‌നെറ്റിക് കോമ്പസ് ഇൻസുലേഷൻ ടേപ് ഉപയോഗിച്ച് ഒട്ടിച്ചുവയ്ക്കുക. ഈ ട്രേ ഇൻസുലേഷനുള്ള ചെമ്പുകമ്പികൊണ്ട് 20-30 ചുറ്റുകൾ ചുറ്റുക.

കമ്പിയുടെ രണ്ടറ്റവും 10 സെ.മീ.വീതം പുറത്തേക്ക് നിൽക്കണം. ഈ അറ്റങ്ങളിലെ ഇൻസുലേഷൻ ചുരണ്ടിമാറ്റുക. ഒരു ടോർച്ച് സെല്ലിന്റെ അറ്റങ്ങൾ ഈ ഗാൽവനോമീറ്ററുമായി ബന്ധിപ്പിക്കൂ. എന്താണ് കാണുന്നത്? വൈദ്യുതപ്രവാഹദിശയിൽ ഗാൽവനോമീറ്റർ ചലിക്കുന്നത് കാണാം.

ശാസ്ത്രതത്വം:
ചെമ്പുകമ്പി ചുറ്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോൾ അതിനു ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടും. കാന്തസൂചിക്ക് ചുറ്റും ഒരു കാന്തികമണ്ഡലം നേരത്തെയുണ്ട്. ഈ രണ്ട് കാന്തികമണ്ഡലങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനം മൂലമാണ് കാന്തസൂചി ചലിക്കുന്നത്. വൈദ്യുതപ്രവാഹ ദിശ മാറുമ്പോൾ കാന്തിക മണ്ഡല ദിശയും മാറും. അപ്പോൾ കാന്തസൂചിയുടെ ചലനദിശയിലും മാറ്റം വരും.

Content Highlights: Step-by-step DIY instructions to build a galvanometer using household materials